സേവനം വീട്ടുപടിക്കല്‍; സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിര്‍ത്തി-മന്ത്രി അഹമ്മദ് ദേവര്‍കോവിൽ
കൽപ്പറ്റ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോ വഴി സര്‍ക്കാരിന് കഴിഞ്ഞതായി തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വെള്ളമുണ്ടയില്‍ സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പ്പനശാല ജില്ലാതല ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിലടക്കം പച്ചക്കറി തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് വിലക്കയറ്റം രൂക്ഷമാണ്. തക്കാളിയുടെ വിലയില്‍ പോലും പലയിടങ്ങളിലും പല രീതിയിലാണ്. കേരളത്തില്‍ സപ്ലൈകോയുടെ സമയോചിതമായ ഇടപെടല്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തി. സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്തുന്നതോടെ വീട്ടുപടിക്കല്‍ ന്യായമായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാവുകയാണ്. വീട്ടമ്മമാര്‍ക്കും റേഷന്‍കാര്‍ഡുമായി നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാം. ഇതോടെ ഗുണമേന്മയുള്ള സാധനങ്ങള്‍ വിപണിയിലെ വിലക്കയറ്റത്തെ അതിജീവിച്ച് വീടുകളിലെത്തും. കോവിഡുണ്ടാക്കിയ പ്രതിസന്ധി നാടെല്ലാം തരണം ചെയ്തുവരികയാണ്. സര്‍ക്കാര്‍ വിവിധ മേഖലകളില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ്. എല്ലാവരുടെയും ഒറ്റക്കെട്ടായ സഹകരണമാണ് പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ വേണ്ടതെന്നും മന്ത്രി അഹമ്മദ് ദേവർ കോവില്‍ പറഞ്ഞു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്തഗം പി.കല്ല്യാണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, പി.ചന്ദ്രന്‍, പി.രാധ, കെ.സഫീല ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ.സജീവ്, കെ.പി.രാജന്‍, പി.ജെ.ആന്റണി, ഷബീറലി പുത്തൂര്‍, ഡിപ്പോ മാനേജര്‍ പി.കെ.സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശും, കല്‍പ്പറ്റയില്‍ നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബും, കാവുംമന്ദത്ത് തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ഷിബുവും സഞ്ചരിക്കുന്ന വില്‍പ്പനശാല ഉദ്ഘാടനം ചെയ്തു. മൂന്ന് താലൂക്കുകളിലുമായി അമ്പതോളം ഗ്രാമക്കവലകളില്‍ സഞ്ചരിക്കുന്ന വിൽപന ശാലകൾ എത്തും.
Leave a Reply