May 2, 2024

ദേശീയപാത വീതികൂട്ടല്‍: നിയമതടസം നീക്കാതെ പ്രവൃത്തി നടത്താനാകില്ല

0
ദേശീയപാത വീതികൂട്ടല്‍:  നിയമതടസം നീക്കാതെ പ്രവൃത്തി നടത്താനാകില്ല
കല്‍പറ്റ-കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാത 766ല്‍ മൂലങ്കാവു മുതല്‍ നായ്‌ക്കെട്ടി അങ്ങാടി വരെയും എടത്തന മുതല്‍ സംസ്ഥാന അതിര്‍ത്തിവരെയും വീതി കൂട്ടുന്നതിനു നിയമതടസം നീങ്ങണം. പതിറ്റാണ്ടുകള്‍ മുമ്പ് റിസര്‍വ് ചെയ്തതാണ് ദേശീയപാത അതോറിറ്റി റോഡിന്റെ വീതി കൂട്ടുന്നതിനായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച സ്ഥലം. നൂല്‍പ്പുഴ വില്ലേജ് പരിധിയിലാണിത്.
       ഭൂമി ഡീ റിസര്‍വ് ചെയ്യാത്തിടത്തോളം ദേശീയപാത അതോറിറ്റി ആസൂത്രണം ചെയ്ത വിധത്തില്‍ റോഡിന്റെ വീതികൂട്ടലും മറ്റു പ്രവൃത്തികളും നടത്താനാകില്ലെന്നു നിയമരംഗത്തുള്ളവര്‍ പറയുന്നു. 1961ലെ കേരള ഫോറസ്റ്റ് ആക്ട്, 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് എന്നിവയിലെ  വിവിധ വകുപ്പുകളും റോഡ് വീതികൂട്ടലിനു തടസമാണ്. 
വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ മൂലങ്കാവിനും സംസ്ഥാന അതിര്‍ത്തിക്കുമിടയില്‍  റിസര്‍വില്‍പ്പെട്ട ഭാഗം വീതീകൂട്ടുന്നതും നായ്‌ക്കെട്ടി ചിത്രാലക്കരയില്‍  കലുങ്കു നിര്‍മിക്കുന്നതും വനം-വന്യജീവി വകുപ്പ് തടഞ്ഞത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമായിരുന്നു.
          റോഡിന്റെ ദേശീയപാത പദവി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പലരും വനം-വന്യജീവി വകുപ്പിന്റെ നടപടിയെ വ്യാഖ്യാനിച്ചത്. പ്രവൃത്തി വിലക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം സന്ധ്യയോടെ ബത്തേരിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗിന്റെയും യുവജനക്കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തുകയുണ്ടായി. 
ദേശീയപാത വികസനത്തിനു വനം-വന്യജീവി വകുപ്പ് ബോധപൂര്‍വം ഉടക്കിടുന്നു എന്ന നിലപാടിലാണ് ജനങ്ങളില്‍ ഒരു വിഭാഗം. എന്നാല്‍ നിയമഘംഘനമായതിനാല്‍ റിസര്‍വില്‍ റോഡ് വീതികൂട്ടലും മറ്റു പ്രവൃത്തികളും അനുവദിക്കാനാവില്ലെന്ന നിലപാടിലാണ്  വനം-വന്യജീവി വകുപ്പ്. 
         സമരമുഖത്തുള്ളവര് ദേശീയപാതയുടെ വശങ്ങളില്‍ വീതി കൂട്ടുന്നതിനും മറ്റു നിര്‍മാണങ്ങള്‍ക്കും ആവശ്യമായ സ്ഥലം റിസര്‍വില്‍നിന്നു  നിയമപരമായി   ഒഴിവാക്കുന്നതിനുള്ള  ശ്രമാണ് നടത്തേണ്ടതെന്നും വകുപ്പുദ്യോഗസ്ഥര്‍ പറയുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് സ്ഥലം ഡീറിസര്‍വ് ചെയ്ത് വിജ്ഞാപനം ഇറക്കേണ്ടത്. 
ദേശീയപാതയില്‍ മൂലങ്കാവിനും സംസ്ഥാന അതിര്‍ത്തിക്കുമിടയിലുള്ള ഭാഗത്തു നിലവില്‍ ഏഴ് മീറ്റാണ് വീതി. റോഡില്‍ 11.8 കിലോമീറ്റര്‍  ഇരുവശത്തും ഒന്നര മീറ്റര്‍ വീതം ടാറിഗും അത്രതന്നെ അളവില്‍ സോളിംഗും നടത്തി  വീതി 13 മീറ്ററായി വര്‍ധിപ്പിക്കാനായിരുന്നു ദേശീയപാത അതോറിറ്റിയുടെ പദ്ധതി. അതോറിറ്റി കോഴിക്കോട് ഡിവിഷന്‍ ചുമതലപ്പെടുത്തിയ കരാറുകാരന്‍ പ്രവൃത്തി ആരംഭിച്ച ഘട്ടത്തിലായിരുന്നു വനം-വന്യജീവി വകുപ്പിന്റെ ഇടപെടല്‍. പ്രവൃത്തി തടഞ്ഞ ഉദ്യോഗസ്ഥര്‍  നിയമലംഘനത്തിനു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയോ സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെയോ അനുമതി തേടാതെയാണ് ദേശീയപാത അതോറിറ്റി പ്രവൃത്തി ആരംഭിച്ചത്. 
        ദേശീയപാതയുടെ വശങ്ങളിലുള്ളതില്‍ 1991ലെ റീസര്‍വേയ്ക്കുശേഷം റവന്യൂ വകുപ്പ് കൈമാറിയ ഭൂമിയിലാണ് വികസന പ്രവൃത്തികള്‍ നടത്തിയതെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ റിസര്‍വ് ചെയ്ത ഭൂമിയുടെ രേഖകളില്‍ റവന്യൂ വകുപ്പ് വരുത്തുന്ന മാറ്റങ്ങള്‍ക്കു നിയമസാധുതയില്ലെന്നും ഇക്കാര്യം കര്‍ണാടക സര്‍ക്കാരും ഐ.എസ്. നിര്‍വാണ ഗൗഡയുമായുള്ള കേസില്‍ 2007ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വനം-വന്യജീവി വകുപ്പുദ്യോഗസ്ഥര്‍ പറയുന്നു. ശ്രദ്ധയില്‍പ്പെട്ട നിയമലംഘനത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട വനം-വന്യജീവി വകുപ്പുദ്യോഗസ്ഥന്‍ കേസില്‍ കുടുങ്ങുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫോറസ്റ്റ് റിസര്‍വില്‍ റീസര്‍വേ നടത്തി രേഖകളില്‍ മാറ്റം വരുത്തുകവഴി റവന്യൂ അധികൃതര്‍  നടത്തിയതും  നിയമലംഘനമാണെന്നു അഭിപ്രായപ്പെടുന്നവരും വനം-വന്യജീവി വകുപ്പിലുണ്ട്.  
     1973 മെയ് 30നു നിലവില്‍വിന്ന വയനാട് വന്യജീവി സങ്കേതം പരിധിയിലാണ് കല്ലൂര്‍ റിസര്‍വ് വനം. റവന്യൂ വകുപ്പിന്റെ റീസര്‍വേയും രേഖകളില്‍ വരുത്തിയ തിരുത്തലുകളും വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 26(3)ന്റെ ലംഘനമാണ്. നാഷണല്‍ ബോര്‍ഡ് ഫോര്‍  വൈല്‍ഡ് ലൈഫിന്റെ അനുമതിയില്ലാതെ വന്യജീവി സങ്കേതത്തിന്റെ അതിരുകളില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *