April 26, 2024

ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്ന നടപടികൾ അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
കൽപ്പറ്റ: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്ന നടപടികളിൽ നിന്നും ഭരണാധികാരികൾ പിൻമാറണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആവശ്യമായ വിശ്രമം പോലും ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ജീവനക്കാരെ കൃത്യമായി വിന്യസിപ്പിക്കാതെ ജോലി ചെയ്യുന്നവർക്ക് തന്നെ ഡ്യൂട്ടി ഓഫ് കഴിയുന്നതിന് മുമ്പ് വീണ്ടും നിയമനം നൽകുന്നത് അവരെ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്.
രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്താത്ത ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പോലും ഹോം ക്വാറൻ്റയിൻ സൗകര്യങ്ങളില്ലാത്ത ജീവനക്കാരെ ഡ്യൂട്ടി എടുത്ത ശേഷം ഏഴു ദിവസത്തെ ഓഫ് നൽകി സ്വന്തം വീടുകളിലേക്ക് വിടുകയാണ്. മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നില്ലായെന്ന പരാതിയും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്‌. രോഗം സ്ഥിരീകരിച്ച ജീവനക്കാരെ ഇതു വരെ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.
സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എഫ്.എൽ ടി.സി – കളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. ആരോഗ്യ മേഖലക്ക് പുറത്തുള്ള ജീവനക്കാരെ എഫ്.എൽ ടി.സികളിൽ നിയമിക്കുമെന്ന ഉത്തരവ് പുറത്തിറങ്ങിയിട്ടും രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി ആറുമാസത്തിലധികമായിട്ടും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകി അവരെ സജ്ജരാക്കിയിട്ടില്ലായെന്നത് പ്രതിഷേധാർഹമാണ്. 
കഴിഞ്ഞ ദിവസം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ ജീവനക്കാരെ എഫ്.എൽടി.സി കളിൽ നിയമിച്ച് കൊണ്ട് പുറത്തിറക്കിയ ഉത്തരവ് ജീവനക്കാർക്ക് രാത്രി ഏറെ വൈകിയാണ് ലഭ്യമാക്കിയത്. വീടുകളിൽ നിന്നും ജോലിക്ക് ഹാജരാകേണ്ട സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകളോ ക്രമീകരണങ്ങളോ ചെയ്യുന്നതിന് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് സമയം ലഭിക്കുന്നില്ല. കൂടാതെ കൃത്യ സമയത്ത് ജോലിക്ക് ഹാജരായില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് രേഖപ്പെടുത്തി ജീവനക്കാരെ അതിസമ്മർദ്ദത്തിലാക്കുയാണ് ചെയ്യുന്നത്. വ്യക്തമായ ജോലി സ്വഭാവം നിർവചിക്കാതെയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാതെയും ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ല. 
കൂടാതെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓഫീസ് പ്രവർത്തനം തടസ്സപെടാത്ത രീതിയിൽ അമ്പതു ശതമാനം ജീവനക്കാരെ വിന്യസിപ്പിച്ച് ജോലി ക്രമീകരണം നടത്തണമെന്ന് വ്യക്തമായ സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴും പല ഓഫീസ് മേലധികാരികളും അവശ്യമായ സാമൂഹിക അകലം പാലിക്കാൻ പറ്റാത്ത ഒഫീസുകളിൽ പോലും മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന തരത്തിലുള്ള കടുംപിടുത്തം അവസാനിപ്പിക്കണം. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരുടെ ആത്മവീര്യം ചോരാതെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ മഹാമാരിയെ അതിജീവിക്കാൻ സാധിക്കുകയുള്ളുവെന്നും  അതിനുള്ള ആത്മാർത്ഥ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, ജില്ലാ സെക്രട്ടറി കെ.എ.മുജീബ്, ജില്ലാ ട്രഷറർ കെ.ടി ഷാജി എന്നിവർ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *