April 26, 2024

വയനാട്ടിലെ ഒമ്പത് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ

0
 
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒമ്പത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നു. ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച  (3.08.20) രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. 
രണ്ട് ഘട്ടങ്ങളിലായി 14 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് എന്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒന്നാം ഘട്ടത്തില്‍  നൂല്‍പ്പുഴ, പൂതാടി, അപ്പപ്പാറ, വെങ്ങപ്പള്ളി എന്നീ പ്രാഥമിക ആരാേഗ്യ കേന്ദ്രങ്ങളെയാണ് കുടുബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. നൂല്‍പ്പുഴ, പൂതാടി ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഇന്ത്യയിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള  അവാര്‍ഡും ലഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ അമ്പലവയല്‍, മേപ്പാടി എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും ചീരാല്‍, ചെതലയം, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ കുടുബാരോഗ്യ കേന്ദ്രങ്ങളാക്കിയിട്ടുള്ളത്. 
 
പൊതുജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഓരോ കേന്ദ്രങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇരിപ്പിട സൗകര്യങ്ങളോടു കൂടിയ വിശാലമായ കാത്തിരിപ്പ് കേന്ദ്രം, ശുദ്ധീകരിച്ച കുടിവെള്ളം, ഇലക്ട്രോണിക് ടോക്കണ്‍ സിസ്റ്റം, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൈനേജുകള്‍, ഒ.പി. ടിക്കറ്റ് കൗണ്ടര്‍, ഫാര്‍മസി, അംഗ പരിമിതര്‍ക്കുള്ള റാമ്പ്, മൂന്ന് ഒ.പി. മുറികള്‍, ലാബ് സൗകര്യം, ടോയ്‌ലറ്റുകള്‍, ഫര്‍ണ്ണിച്ചറുകള്‍, തറയും ഭിത്തികളും ടൈല്‍ പതിച്ചും  ലൈറ്റുകളോടെയുള്ള സീലിംഗ് പ്രവര്‍ത്തികളും, മുഖഛായ മാറ്റുന്നതിന് വേണ്ടി എ.സി.പി വര്‍ക്കളും ചെയ്ത് മനാേഹരമായ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) രാജന്‍ ഖോബ്രഗഡെ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ഡി.എം.ഒ. ഡോ.ആര്‍. രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി. അഭിലാഷ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *