ഹൃദയവാല്‍വിനെ പുനരുജ്ജീവിപ്പിക്കുന്ന അപൂര്‍വ്വ ശസ്ത്രക്രിയയില്‍ വിജയം നേടി കിംസ്ഹെല്‍ത്ത്
തിരുവനന്തപുരം: കൃത്രിമ ഹൃദയവാല്‍വ് ഉപയോഗിക്കാതെ നിലവിലെ വാല്‍വിനെ സംരക്ഷിച്ചുകൊണ്ട് പ്രധാന രക്തധമനിയുടെ വീക്കത്തെ നീക്കം ചെയ്യുന്ന അത്യപൂര്‍വ്വ ശസ്ത്രക്രിയയില്‍ (വാല്‍വ് സ്പെയറിംഗ് സര്‍ജറി – ഡേവിഡ് ഓപ്പറേഷന്‍) വിജയം നേടി കിംസ്ഹെല്‍ത്ത്. രോഗിയുടെ ആരോഗ്യം പെട്ടെന്ന് വീണ്ടെടുത്ത് ദീര്‍ഘകാലത്തേക്ക് സാധാരണ ജീവിതം നയിക്കാന്‍ സഹായകമായ ഇത്തരം ശസ്ത്രക്രിയ ചെയ്യുന്ന ഇന്ത്യയിലെ അപൂര്‍വ്വം ആശുപത്രികളിലൊന്നും തെക്കന്‍ കേരളത്തിലെ ഏക കേന്ദ്രവുമാണ് കിംസ് ഹെല്‍ത്ത്.
തിരക്കഥാകൃത്തും ഷോര്‍ട്ട് ഫിലിം ഡയറക്ടറുമായ കൊല്ലം സ്വദേശിയായ യുവാവിനെ ഉത്കണ്ഠയാലും അസ്വസ്ഥതയാലുമാണ് കിംസ്ഹെല്‍ത്തില്‍ എത്തിച്ചത്. ഡോ. സുഷ ജോണ്‍, ഡോ മീര എന്നിവര്‍ നടത്തിയ വിവിധ പരിശോധനകളിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വാല്‍വുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ള പ്രധാന ധമനിയുടെ വീക്കവും കണ്ടെത്തുകയായിരുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ധമനി തകരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ കാര്‍ഡിയാക് സര്‍ജനായ ഡോ. സുജിത്തിന്‍റെ നേതൃത്വത്തില്‍ യുവാവിനെ പരിശോധിക്കുകയും രോഗിയുടെ പ്രായം കണക്കിലെടുത്ത് ദീര്‍ഘകാലത്തേക്ക് സാധാരണ ജീവിതം നയിക്കാന്‍ പര്യാപ്തമായ രീതിയില്‍ വാല്‍വിനെ സംരക്ഷിച്ചുകൊണ്ട് തന്നെ പ്രധാന ധമനിയെ ശരിയാക്കുന്ന ശസ്ത്രക്രിയ ഉടനെ തന്നെ നടത്തുകയുമായിരുന്നു.
ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ആദ്യം തന്നെ ഹൃദയ-ശ്വാസകോശ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മെഷീനിന്‍റെ നിയന്ത്രണത്തിലാക്കുന്നു. തുടര്‍ന്ന് നിലവിലെ വാല്‍വിനെ സംരക്ഷിച്ചുകൊണ്ട്, രക്തധമനിയെ തുറന്ന് വീക്കം വന്ന ഭാഗം നീക്കം ചെയ്തതിനുശേഷം രക്തധമനിയേയും വാല്‍വിനേയും പുതിയ ഗ്രാഫ്റ്റില്‍ തുന്നിക്കെട്ടി ഇതിന്‍റെ പ്രവര്‍ത്തനം വീണ്ടെടുക്കുകയുമാണ് ചെയ്യുന്നതെന്ന് ഡോ. സുജിത് വിശദമാക്കി. ഇത്തരം ശസ്ത്രക്രിയക്ക് കൃത്രിമ ഹൃദയ വാല്‍വ് ഉപയോഗിക്കേണ്ടതില്ല. വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ രോഗികളുടെ മരണനിരക്ക് ഉയരുന്നതിന് കാരണമാകാറുള്ള രക്തം കട്ടപിടിക്കാതിരിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകളുടെ ആവശ്യവുമില്ല. പക്ഷാഘാതത്തിനും ആന്തരിക രക്തസ്രാവത്തിനുമുള്ള സാധ്യതയും ഇല്ലാതാക്കാനാകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
അതേ ദിവസം തന്നെ രോഗിയെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റാനായി. യുവാവിന്‍റെ ആരോഗ്യനില പൂര്‍ണമായും വീണ്ടെടുക്കാനായതോടെ മൂന്നാമത്തെ ദിവസം അദ്ദേഹത്തെ റൂമിലേക്ക് മാറ്റുകയും ചെയ്തു. ശസ്ത്രക്രിയക്കുശേഷം മരുന്നുകളിലൂടെ രോഗിയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കി. തുടര്‍ന്ന് എടുത്ത എക്കോയിലൂടെ ഹൃദയവാല്‍വ് സാധാരണ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കണ്ടെത്തി. അഞ്ചാം ദിവസം രോഗിക്ക് ആശുപത്രി വിടാനായതായും ഡോ. സുജിത് പറഞ്ഞു.
ഡോ. സുജിത്തിനൊപ്പം കാര്‍ഡിയാക് അനസ്തെറ്റിസ്റ്റ് ഡോ സുഭാഷ്, അസോസിയേറ്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. വിജയ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.



Leave a Reply