ഹ്രസ്വകാല പ്രാദേശിക കാലാവസ്ഥ നിർണയ സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

പ്രത്യേക ലേഖകൻ
തിരുവനന്തപുരം -സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപനമായ ഇൻസ്റ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് പൂർത്തീകരിച്ച ഹ്രസ്വകാല പ്രാദേശിക കാലാവസ്ഥ നിർണയ സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, സംസ്ഥാന ശാസ്ത്ര സാങ്കേതിക 'പരിസ്ഥിതി കൗൺസിൽ ഉപാധ്യക്ഷൻ ഡോക്ടർ കെ പി സുധീർ, മെമ്പർ സെക്രട്ടറി ഡോക്ടർ എസ് പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
2018, 2019 വർഷങ്ങളിൽ സംസ്ഥാനത്തുണ്ടായ അതിതീവ്രമായ മഴയും തുടർന്നുണ്ടായ ദുരന്തങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥ നിർണയ സിസ്റ്റം ഉണ്ടാക്കിയിരിക്കുന്നത്. കാലാവസ്ഥ ഗവേഷണ മോഡൽ ഉപയോഗിച്ചാണ് ഈ സിസ്റ്റം ഉണ്ടാക്കിയിരിക്കുന്നത്. ഈ സിസ്റ്റം ഉപയോഗിച്ച് സംസ്ഥാനത്ത് ഉണ്ടാകാൻ സാധ്യതയുള്ള അതിതീവ്രമായ മഴ, അതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള മിന്നൽ പ്രളയങ്ങൾ ഉരുൾപൊട്ടൽ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുവാനുള്ള വിവിധ പഠന ഗവേഷണങ്ങൾക്ക് സഹായകരമാകും. അതു മൂലം സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുവാനും സാധിക്കും.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും ഗവേഷണ കേന്ദ്രങ്ങളുടെയും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെയും 2016 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമായ സയൻസ് സ്പെക്ട്രം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
കൗൺസിലിന്റെയും 8 ഗവേഷണ കേന്ദ്രങ്ങളുടെയും 3 ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെയും വൈവിധ്യമാർന്ന പ്രവർത്തന മേഖലകളായ ജലവിഭവ പഠനം, വന സംരക്ഷണം, സസ്യ പരിപാലനം, ബയോടെക്നോളജി, ഗതാഗത വികസനം, ഗണിത ശാസ്ത്രം, അടിസ്ഥാന ശാസ്ത്ര വികസനം, ജലസസ്യ പഠനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയിലെ പ്രവർത്തന നേട്ടങ്ങൾ, പുതുതായി സൃഷ്ടിച്ച സൗകര്യങ്ങൾ, കൂടാതെ ഈ സ്ഥാപനങ്ങൾ സമൂഹത്തിനു നൽകുന്ന സേവനങ്ങൾ എന്നിവയുടെ കഴിഞ്ഞ 5 വർഷത്തെ ചുരുക്കിയുള്ള റിപ്പോർട്ടാണിത്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും അനുബന്ധ ഗവേഷണ കേന്ദ്രങ്ങളുടെയും പ്രവർത്തനവും സൗകര്യങ്ങളും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഗവേഷണ പ്രവർത്തനങ്ങൾക്കായി കൂടുതൽ ഉപയോഗിക്കുന്നതിനും അവയെക്കുറിച്ച് പൊതുസമൂഹത്തിനു അറിവുനൽകുന്നതിനുമായാണ് സയൻസ് സ്പെക്ട്രം തയ്യാറാക്കിയിരിക്കുന്നത്. പ്രസിദ്ധീകരണത്തിനായി ഐ എസ് ബി എൻ നമ്പറും സയൻസ് സ്പെക്ട്രത്തിന് ലഭിച്ചിട്ടുണ്ട്.
ഒരു മഴക്ക് പോലും
ഉണ്ടാക്കാവുന്ന ദുരന്തങ്ങൾ താങ്ങാനാവാതെ
കേരളം വീർപ്പ് മുട്ടുമ്പോൾ കാലാവസ്ഥ നിർണ്ണയ സംവിധാനത്തിൻ്റെ പ്രസക്തിയേറുന്നു.



Leave a Reply