April 27, 2024

തൊഴിലുറപ്പ് പദ്ധതിയില്‍ 50 അധികം തൊഴില്‍ദിനങ്ങള്‍: കേന്ദ്ര വാഗ്ദാനം നടപ്പിലായില്ല

0
കല്‍പറ്റ-പ്രളയബാധിത പ്രദേശങ്ങളിലെ തൊഴിലുറപ്പു തൊഴിലാളികള്‍ക്കു 50 തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കുമെന്ന കേന്ദ്ര വാഗ്ദാനം പ്രാവര്‍ത്തികമായില്ല. തൊഴിലുറപ്പു പദ്ധതി കേന്ദ്രാധികൃതര്‍  ഇക്കഴിഞ്ഞ പ്രളയകാലത്തു  സംസ്ഥാനത്തിനു  നല്‍കിയ വാഗ്ദാനമാണ് വെറുതെയാകുന്നത്. കൂലി സമയബന്ധിതമായി ലഭ്യമാക്കാത്തതും തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വയനാട്ടില്‍  മാത്രം ഏകദേശം 20 കോടി രൂപയാണ് കൂലി  കുടിശിക. 
നടപ്പുവര്‍ഷം തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 3,183 തൊഴിലാളികള്‍ ജില്ലയിലുണ്ട്. ഇതില്‍ 1788 പേര്‍ പട്ടികവര്‍ഗക്കാരും 106 പേര്‍ പട്ടികജാതിക്കാരും മറ്റുള്ളവര്‍ പൊതു വിഭാഗത്തില്‍പ്പെട്ടവരുമാണ്.കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ക്കായി ഇവരില്‍ പലരും കാത്തിരിക്കെയാണ് അധികാര കേന്ദ്രങ്ങളിലുള്ളവരുടെ വാഗ്ദാന ലംഘനം. 
26.22 ലക്ഷം തൊഴില്‍ദിനങ്ങള്‍ അടങ്ങുന്നതാണ്  ജില്ലയില്‍ 2018-19ലെ തൊഴിലുറപ്പ് ലേബര്‍ ബജറ്റ്. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം അവശേഷിച്ചിരിക്കെ 27.38 ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കാനായി. 104.4 ശതമാനം ലക്ഷ്യമാണ് ഇതിനകം കൈവരിച്ചത്. 
ജില്ലയില്‍ തൊഴിലുറപ്പു കാര്‍ഡുള്ള 1.41 ലക്ഷം പേരുണ്ട്. ഇതില്‍ 83,000 ഓളം പേര്‍ സജീവമാണെന്നു ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.ജി. വിജയകുമാര്‍ പറഞ്ഞു. വിളവെടുപ്പുകാലമായതിനാല്‍ പട്ടികവര്‍ഗത്തില്‍പ്പെട്ടവരടക്കം തൊഴിലാളികളില്‍ ചിലര്‍ സ്വകാര്യ തോട്ടങ്ങളില്‍ ജോലിക്കു പോകുന്നുണ്ട്. ഉയര്‍ന്ന കൂലിയാണ് തൊഴിലുറപ്പു തൊഴിലാളികളെ സ്വകാര്യ തൊഴില്‍ മേഖലയിലേക്കു ആകര്‍ഷിക്കുന്നത്. തൊഴിലുറപ്പില്‍ 271 രൂപയാണ് കേരളത്തില്‍ ദിവസക്കൂലി. ഇതര സംസ്ഥാനങ്ങളെ അപേഭിച്ച് കൂടുതലാണിത്. എങ്കിലും കൂലി ലഭിക്കുന്നതിനു ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്നത് തൊഴിലാളികളില്‍ മനംമടുപ്പിനു കാരണമാകുകയാണ്. 
പ്രളയാന്തര വയനാടിന്റെ പുനസൃഷ്ടിയുമായി ബന്ധപ്പെടുത്തി കൂടുതല്‍ പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പഞ്ചായത്തുകള്‍ അഡീഷണല്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി അംഗീകാരം നേടിയിരുന്നു.  കൃഷി, ക്ഷീര വികസന, ജലസംരക്ഷണ  മേഖലകളുമായി ബന്ധപ്പെട്ടതാണ് അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളില്‍ അധികവും. പ്രളയത്തില്‍ തകര്‍ന്ന തൊഴുത്തുകള്‍ തൊഴിലുറപ്പു പദ്ധതിയില്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. തീറ്റപ്പുല്‍ കൃഷിയും നടത്തിവരികയാണ്. തരിശുഭൂമി ഒരുതവണ കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തികളും  തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. തോടുകളുടെ പുനരുജ്ജീവനമാണ് ജലസരംക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമായും നടത്തുന്നത്. പ്രളയബാധിത മേഖലകളില്‍ 50 തൊഴില്‍ദിനങ്ങള്‍ അധികം നല്‍കുമെന്ന കേന്ദ്ര വാഗ്ദാനം നടപ്പിലാകുന്നത് വയനാട് ഉള്‍പ്പെടെ പിന്നാക്ക പ്രദേശങ്ങള്‍ക്കു ഏറെ ഗുണം ചെയ്യുമെന്നു അഭിപ്രായപ്പെടുന്നവര്‍ നിരവധി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *