April 27, 2024

വയനാട് സബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് ഇനി ശബരി മല എ.ഡി.എം.: തീരുമാനം മന്ത്രിസഭയുടേത്.

0
തിരുവനന്തപുരം:  
മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിനെ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി മാറ്റി നിയമിക്കുവാന്‍   
ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു
 .
തൃശ്ശൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍റ് നാര്‍ക്കോട്ടിക് സ്ക്വാഡിന്‍റെ കസ്റ്റഡിയില്‍ തിരൂര്‍ കൈമലച്ചേരി സ്വദേശി രഞ്ജിത്ത് കുമാര്‍ മരണപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
നാര്‍ക്കോട്ടിക് സ്ക്വാഡ് രഞ്ജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ അസ്വാഭാവിക മരണവും അതിന് ഉത്തരവാദികളായവരുടെ പങ്കും വിശദമായി അന്വേഷിക്കാന്‍ പാവറട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം 458/19 നമ്പര്‍ കേസാണ് സിബിഐയെ ഏല്‍പ്പിക്കുക. തുടര്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മറ്റ് 
മന്ത്രിസഭായോഗ തീരുമാനങ്ങൾ
*നിയമസഭാ സമ്മേളനം ഒക്ടോബര്‍ 28 മുതല്‍*
ഒക്ടോബര്‍ 28 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
*നിയമനങ്ങള്‍ / മാറ്റങ്ങള്‍*
വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജനെ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനെ വനം വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിക്ക് നികുതി വകുപ്പിന്‍റെ (എക്സൈസ് ഒഴികെ) അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിനെ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. കൃഷി (മൃഗസംരക്ഷണം), ക്ഷീരവികസനം, സാംസ്കാരികകാര്യം (മൃഗശാല) എന്നീ അധിക ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും.
പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവുവിനെ ഉദ്യോഗസ്ഥ-ഭരണ-പരിഷ്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും.
പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ വീണ എന്‍ മാധവനെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി പരിസ്ഥിതി വകുപ്പ് ഡയറട്കടറുടെ അധിക ചുമതല വഹിക്കും.
ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ.ടി. വര്‍ഗ്ഗീസ് പണിക്കരെ കണ്‍സ്യൂമര്‍ അഫയേഴ്സ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെ അധിക ചുമതല ഇദ്ദേഹം വഹിക്കും.
.
ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ സ്പോര്‍ട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് ഡയറട്കറായി മാറ്റി നിയമിക്കും.  
ആര്‍. രാഹുലിനെ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
*എസ്.എ.ടി ആശുപത്രിയില്‍ നിയോനാറ്റല്‍ ആന്‍റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ്*
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രീക് കാര്‍ഡിയോളജി വിഭാഗത്തിനു കീഴില്‍ നിയോനാറ്റല്‍ ആന്‍റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭിക്കും. ഇതിനായി അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയാക് അനസ്തേഷ്യ, പെര്‍ഫ്യൂഷനിസ്റ്റ് എന്നിങ്ങനെ ഓരോ തസ്തികയും സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്‍റെ 2 തസ്തികകളും ഉള്‍പ്പെടെ 6 തസ്തികകള്‍ സൃഷ്ടിക്കും.
എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ നിന്നും പുനര്‍വിന്യാസം വഴി ഫിസിയോതെറാപിസ്റ്റ് -1, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് – 3, അസിസ്റ്റന്‍റ് പ്രൊഫസര്‍ കാര്‍ഡിയാക് അനസ്തേഷ്യ -1, അസിസ്റ്റന്‍റ് പ്രൊഫസര്‍ അനസ്തേഷ്യ – 2 എന്നീ തസ്തികകള്‍ കണ്ടെത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
*ലൈഫ് പദ്ധതിക്ക് വിവിധ വകുപ്പുകളുടെ കൈവശമുള്ള അധിക ഭൂമി*
ലൈഫ് മിഷന്‍ പദ്ധതിക്ക് വിവിധ ജില്ലകളിലെ സര്‍ക്കാരിന്‍റെ കൈവശമുള്ള റവന്യൂ പുറമ്പോക്ക് ഭൂമി, പൊതുമരാമത്ത,് ജലസേചനം, പട്ടിക ജാതി, വാണിജ്യ നികുതി, കേരള വാട്ടര്‍ അതോറിറ്റി, ഹൗസിംഗ് ബോര്‍ഡ് ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റവ്യവസ്ഥകള്‍ പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറാന്‍ തത്വത്തില്‍ തീരുമാനിച്ചു. ഭൂമി എപ്രകാരം കൊടുക്കണമെന്നത് ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി തീരുമാനിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *