April 26, 2024

കാര്‍ഷികമേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിയൊരുക്കുന്ന ആര്‍ സി ഇ പി കരാറിൽ നിന്ന് പിൻമാറണമെന്ന് എൻ.ഡി.അപ്പച്ചൻ

0
കല്‍പ്പറ്റ: രാജ്യത്തിന്റെ കാര്‍ഷികമേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിയൊരുക്കുന്ന ആര്‍ സി ഇ പി കരാര്‍ നടപ്പിലാക്കിയാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയും വയനാടിനെയുമായിരിക്കുമെന്നും ഇതോടെ കാര്‍ഷികമേഖലയില്‍ അവശേഷിക്കുന്ന പ്രതീക്ഷകള്‍ കൂടി എന്നെന്നേക്കുമായി അവസാനിക്കുമെന്നും കെ പി സി സി നിര്‍വാഹാകസമിതിയംഗവും യു ഡി എഫ് കണ്‍വീനറുമായ എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. കരാറുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നാണറിയുന്നത്. കരാര്‍ നടപ്പിലായാല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിക്കും. ഇതോടെ രാജ്യത്തെ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് വിലയില്ലാതാകുകയും,  കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി മാറുകയും ചെയ്യും. നിലവില്‍ പാടെ തകര്‍ന്നുനില്‍ക്കുന്ന കാര്‍ഷികമേഖലക്ക് കരാര്‍ ഇരുട്ടടിയായി മാറും. കരാര്‍ നടപ്പിലായാല്‍ കേരളത്തില്‍ ഏറ്റവുമധികം ബാധിക്കുന്ന ജില്ലയായി വയനാട് മാറും. കാര്‍ഷികമേഖലക്കൊപ്പം തന്നെ ക്ഷീരമേഖലയെയും കരാര്‍ പ്രതികൂലമായി ബാധിക്കും. പാലും പാലുല്പന്നങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടെ ഇറക്കുമതി ചെയ്യുന്നതോടെ വിപണിയിലും മറ്റും പ്രാദേശികക്ഷീര കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് പ്രാധാന്യമില്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുരുമുളക്, ഏലം, കാപ്പി തുടങ്ങിയ മുഴുവന്‍ കാര്‍ഷികമേഖലയെയും കരാര്‍ സാരമായി ബാധിക്കും. സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യക്ക് ഗുണകരമല്ലെന്ന് നീതി ആയോഗ് വരെ വ്യക്തമാക്കിയ സാഹചര്യത്തില്‍ കരാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം സജ്ജമാകേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *