May 2, 2024

ആലത്തുര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ വൈകുന്നതിനെതിരെ പരാതി

0
കാട്ടിക്കുളം:കാട്ടിക്കുളം-ആലത്തൂര്‍ എസ്‌റ്റേറ്റ് കേരള സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള റവന്യൂ വകുപ്പിന്റെ നടപടികള്‍ വൈകിപ്പിക്കുന്നതിനെതിരേ പരാതി. പൊതു പ്രവര്‍ത്തകനും ആലത്തൂര്‍ എസ്‌റ്റേറ്റ് വിഷയത്തില്‍ തുടക്കം മുതലേ പോരാടുകയും ചെയ്ത കാട്ടിക്കുളത്തെ ബെന്നി പൂത്തറയിലാണ് മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്. 
വിദേശപൗരന്റെ ഉടമസ്ഥതയിലുള്ള എസ്‌റ്റേറ്റാണിത്. അവകാശികളില്ലാത്തതിനാല്‍ ഇത് സര്‍ക്കാരിലേക്ക് കണ്ട് കെട്ടി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പക്ഷെ പൂര്‍ണമായും സര്‍ക്കാരിന്റെ അധീനതയില്‍ വരണമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിലവില്‍ ലാന്റ് റവന്യൂ കമ്മീഷണറേറ്റിനു മുമ്പില്‍ അപ്പീല്‍ പെറ്റീഷനിലാണ് ആലത്തുര്‍ എസ്‌റ്റേറ്റ് വിഷയമുള്ളത്. 
 അപ്പീല്‍ ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഭൂമിയഥാര്‍ത്ഥത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാവുകയുള്ളു. അപ്പീല്‍ പെറ്റീഷനെതിരേ ഹൈക്കോടതി പുറപ്പെടുവിച്ച സ്‌റ്റേയുടെ കാലം കഴിഞ്ഞു. എന്നിട്ടും ഉദ്യോഗസ്ഥര്‍ അനാസ്ഥകാണിക്കുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അപ്പീല്‍ പെറ്റിഷന്‍ നടപടികള്‍ വൈകുന്നതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കണം. വിദേശ പൗരനായ എഡ്വിന്‍ ജുവര്‍ട്ട് വാനിംഗന്‍ എന്നയാളുടേതാണ് ആലത്തൂര്‍ എസ്‌റ്റേറ്റ്. എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള വാനിംഗന്റെ സ്വത്തുക്കള്‍ കര്‍ണാടക സ്വദേശിയായ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറാണ് കൈവശം വച്ചിരുന്നത്. ഈശ്വര്‍ വാനിംഗന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നുവെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 117 കോടി രൂപ വിലമതിക്കുന്ന വാനിംഗന്റെ സ്വത്ത്‌വകകള്‍ കണ്ടു കെട്ടിയിരിക്കുകയാണ്. 
എന്നിട്ടും ആലത്തൂര്‍ ഭൂമി സംബന്ധിച്ച റവന്യൂ വകുപ്പിന്റെ അപ്പീല്‍ നടപടികള്‍ ആരോപണ വിധേയനായ വ്യക്തിയെ സഹായിക്കുന്ന രീതിയില്‍ നീണ്ടുപോകുന്നത് ദു:ഖകരവും, സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് എതിരുമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *