April 29, 2024

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
കല്‍പ്പറ്റ: കാര്‍ഷികമേഖലയില്‍ തുടരുന്ന അതീവ ഗുരുതരമായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഒരുകാലത്തുമില്ലാത്ത വിധത്തില്‍ വയനാട് അടക്കമുള്ള കാര്‍ഷികമേഖലകള്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. 2018, 2019 വര്‍ഷത്തിലുണ്ടായ പ്രളയവും, ഇക്കഴിഞ്ഞ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കവും മറ്റും മൂലവും വ്യാപകകൃഷിനാശമാണ് വയനാട്ടിലുണ്ടായത്. കൃഷിനശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരവിതരണം എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല, വായ്പയെടുത്ത കൃഷിക്കാര്‍ മൊറോട്ടോറിയം കാലവധി അവസാനിച്ചതോടെ ആശങ്കയിലുമാണ്. ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക് നീങ്ങിയാല്‍ വീണ്ടും വയനാട് കര്‍ഷക ആത്മഹത്യകളുടെ നാടായി മാറും. ഇതിനെല്ലാം പുറമെ കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ കാര്‍ഷികമേഖലയിലും നിലനില്‍ക്കുകയാണ്. വയനാടിന്റെ സര്‍വമേഖലയിലും അതിരൂക്ഷമായ പ്രതിസന്ധിക്കിടയാക്കിയ ഈ മഹാമാരി കര്‍ഷകസമൂഹത്തെയും സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഇതിന് പുറമെ, വിളനാശവും, വിലത്തകര്‍ച്ചയും മൂലം കര്‍ഷകസമൂഹമൊന്നാകെ കടക്കെണിയിലേക്ക് നീങ്ങുകയാണ്. കാര്‍ഷിക, കാര്‍ഷികേതര വായ്പകളെടുത്ത കര്‍ഷകര്‍ ഇന്ന് വായ്പാതുക തിരിച്ചടക്കാനാവാതെ നട്ടം തിരിയുകയാണ്. ഈ സാഹചര്യത്തില്‍ മുമ്പ് യു പി എ സര്‍ക്കാര്‍ ചെയ്തത് പോലെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാകണം. 72000 കോടി രൂപയാണ് യു പി എ സര്‍ക്കാര്‍ അന്ന് എഴുതിത്തള്ളിയത്. കാര്‍ഷികമേഖലയിലെ പ്രതിസന്ധി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു അന്ന് മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കടങ്ങള്‍ എഴുതിത്തള്ളിയത്. അക്കാലത്തെക്കാലും ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കടങ്ങള്‍ എഴുതിത്തള്ളുകയല്ലാതെ മറ്റ് പോംവഴികളിലൊന്നുമില്ലാത്ത അവസ്ഥയാണിന്നുള്ളത്. അതിനാല്‍ എത്രയും വേഗം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട് കര്‍ഷകരെ ആത്മഹത്യാമുനമ്പില്‍ നിന്നും രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *