May 10, 2024

ജില്ലാ വികസന സമിതി യോഗം ചേർന്നു: പദ്ധതി നിര്‍വഹണം വേഗത്തിലാക്കണം- ജില്ലാ കലക്ടര്‍

0
Img 20211030 Wa0015.jpg
കൽപ്പറ്റ: ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍വ്വഹണവും അനുവദിക്കപ്പെട്ട ഫണ്ടുകളുടെ വിനിയോഗവും വേഗത്തിലാക്കണമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സമിതി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ എ. ഗീത ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ്- ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ കാലതാമസം നേരിട്ട സാഹചര്യം കൂടി പരിഗണിച്ച് സാമ്പത്തിക വര്‍ഷത്തില്‍ അവശേഷിക്കുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തണം. പ്ലാന്‍ ഫണ്ട്, എം.എല്‍.എ ഫണ്ട് തുടങ്ങിയവയുടെ നിര്‍വ്വഹണ പുരോഗതി യോഗം വിലയിരുത്തി. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭാ അധ്യക്ഷര്‍, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ് ബിജു, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുടെയും ഏകോപനവും സഹകരണവും തുടരണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നിന്ന് ഒരു വര്‍ഷം 464 പേര്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും അവര്‍ക്ക് അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് ജില്ലയില്‍ സൗകര്യം കുറവാണെന്ന് യോഗം ചൂണ്ടിക്കാട്ടി. അപ്രന്റീസ്ഷിപ്പ് പരിശീലന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് മുഴുവന്‍ വകുപ്പുകളും ശ്രദ്ധ ചെലുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 
ജില്ലയില്‍ പട്ടികവര്‍ഗ പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയുെട നിര്‍വ്വഹണം വേഗത്തിലാക്കണമെന്നും പട്ടികവര്‍ഗ വകുപ്പിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്നും ഒ.ആര്‍ കേളു എം.എല്‍.എ ആവശ്യപ്പെട്ടു. വനാവകാശ നിയമപ്രകാരം അര്‍ഹരായവര്‍ക്ക് ഭൂരേഖ നല്‍കുന്ന കാര്യത്തില്‍ വനം- റവന്യൂ വകുപ്പുകളുടെ കൃത്യമായ ഏകോപനം ഉറപ്പാക്കണം. ആദിവാസികളുടെ ചോര്‍ന്നൊലിക്കുന്ന വീടുകളുടെ റിപ്പയര്‍ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട വാര്‍ഡ് അംഗങ്ങളുടെയും പ്രൊമോട്ടര്‍മാരുടെയും സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ നിരവധി ജലസേചന പദ്ധതികള്‍ വൈകുന്നതായി ഒ.ആര്‍ കേളു എം.എല്‍.എ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാറിന്റെ വയനാട് പാക്കേജില്‍ കൃഷിക്ക് വലിയ മുന്‍ഗണന കൊടുക്കുന്ന പശ്ചാത്തലത്തില്‍ ജലസേചന പദ്ധതികള്‍ക്ക് ഗതിവേഗം കൂട്ടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ ഐ.സി.യു പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ അടിയന്തര പരിഹാരം വേണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. വന്യമൃഗശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുഴുവന്‍ സ്വകാര്യ എസ്‌റ്റേറ്റ് ഉടമകളുടെയും യോഗം വിളിച്ചു ചേര്‍ത്ത് എസ്‌റ്റേറ്റുകള്‍ കാടുമൂടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി കല്‍പ്പറ്റ ഡിപ്പോയില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കണമെന്നും സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ വിദൂര സ്ഥലങ്ങളിലേക്കുള്ള ഏക ആശ്രയമായ കെ.എസ്.ആര്‍.ടി.സി മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികവര്‍ഗക്കാരുടെ പാര്‍പ്പിടം, റോഡ്, അനുബന്ധ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ക്കണം; ഐ.ടി.ഡി.പിയുടെ രണ്ട് ആംബുലന്‍സുകളും രാത്രി ഉള്‍പ്പെടെ സേവനം ഉറപ്പാക്കണം; പൂട്ടിക്കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളെല്ലാം തുറക്കണം; വടുവന്‍ചാല്‍ ടൗണില്‍ വൃത്തിഹീനമായി കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചു മാറ്റി സൗകര്യപ്രദമായ സ്ഥലത്ത് പുതിയത് പണിയണം തുടങ്ങിയ ആവശ്യങ്ങളും എം.എല്‍.എ ഉന്നയിച്ചു.
മേപ്പാടി ഗവ. ഹൈസ്‌കൂളില്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു കോടി ചെലവഴിച്ച് ഉണ്ടാക്കിയ ഗ്രൗണ്ട് നിര്‍മ്മാണം അശാസ്ത്രീയമാണെന്നും ഇവിടെ സ്ഥാപിച്ച സ്പ്രിംഗ്ലര്‍ പ്രവര്‍ത്തനരഹിതമാണെന്നും പരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ബത്തേരിയില്‍ 15 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ഫോറസ്റ്റ് ഫെന്‍സിങ് തകര്‍ന്നതും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ സംയുക്ത പരിശോധന കഴിഞ്ഞ മേഖലകളില്‍ ഭൂരേഖ നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ശുചിമുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും എല്ലാ ഓഫീസുകളിലും സന്ദര്‍ശകര്‍ക്ക് ഇരിക്കുന്നതിന് മതിയായ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *