ആഘോഷമായ തുടി സംഗീതത്തിന്റെ പിന്നണിയിൽ കരിന്തണ്ടൻ സ്മാരക വായനശാല ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി: മലവയൽ ഗോവിന്ദമൂല പണിയ ഊരിന് ഇന്ന് അഭിമാനദിവസം. ഊരിൽ സജ്ജമാക്കിയ കരിന്തണ്ടൻ സ്മാരക വായനശാലയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ശ്രീ പി കെ സത്താർ നിർവഹിച്ചു. വയനാട് ജില്ലയിൽ ആദ്യമായി പൂർണമായും പണിയരുടെ നടത്തിപ്പിൻ കീഴിൽ പ്രവർത്തനം ആരംഭിച്ച വായനശാലയുടെ പ്രസിഡന്റ് ആരാധ്യനായ ഊരുമൂപ്പൻ ശ്രീ ജി പാലൻ, വൈസ് പ്രസിഡന്റ് ശ്രീമതി അമ്പിളി എം., സെക്രട്ടറി റിബേക്ക മത്തായി, ജോയിന്റ് സെക്രട്ടറി അമിത എച്ച്., ട്രഷറർ ഷൈജു എസ്. എന്നിവരാണ്. ഊരിലെ ഇരുപതോളം കുടുംബങ്ങളുടെ, പ്രത്യേകിച്ചും വളർന്നുവരുന്ന പണിയയുവജനതയുടെ ഊർജസ്വലമായ പ്രവർത്തനങ്ങളാണ് ഈ അഭിമാനനേട്ടത്തിന്റെ പിന്നിൽ.
രാവിലെ പ്രതിഭാസംഗമത്തോടെ ആരംഭിച്ച ചടങ്ങിൽ ശ്രീ മണിക്കുട്ടൻ പണിയൻ, സംഗീത കലാകാരൻ ശ്രീ വിനു കിടച്ചുളൻ എന്നിവർ ഊരിലെ കുട്ടികളുമായി സംവദിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല പുഞ്ചവയൽ, സുൽത്താൻ ബത്തേരി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ശ്രീ കെ കെ പൗലോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ദീപ ബാബു, ശ്രീമതി യശോദ ബാലകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്വാഗതസംഘം ചെയർമാൻ ശ്രീ ജി പാലൻ, വൈസ് ചെയർമാൻമാർ ശ്രീ ഹരിദാസ് കെ, ശ്രീ ജി മോഹൻ, സുരേഷ് കെ, ശ്രീ ജി ബാലചന്ദ്രൻ, ജനറൽ കൺവീനർ ശ്രീ എൻ വി മത്തായി, ജോയിൻ കൺവീനർമാർ ശ്രീ വെളുക്കൻ, ശ്രീ അരുൺ ടി, ശ്രീ മണി, ശ്രീ ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ലൈബ്രറിയനായി കുമാരി ജി ബി രമ്യയെ ചുമതലപ്പെടുത്തി.
ആഘോഷമായ തുടി സംഗീതവും, പരമ്പരാഗത വസ്ത്രത്തിൽ അണിനിരന്ന പണിയയുവതികളുടെ ഗോത്രനൃത്തവും ചടങ്ങിന്റെ മാറ്റ്കൂട്ടി. വായനശാലയുടെ ഭാവിപ്രവർത്തങ്ങളും ഊരിലെ സംസ്കരികപ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടുന്നതിനെക്കുറിച്ച് തീർച്ചപ്പെടുത്തി, ചെറിയൊരു സംഗീത-കലാ സദസ്സോടുകൂടി യോഗം അവസാനിച്ചു.



Leave a Reply