April 26, 2024

സംഭരണകേന്ദ്രം, ന്യായവില ഇല്ല; എണ്ണപ്പന കര്‍ഷകര്‍ നട്ടംതിരിയുന്നു

0
Img 20220916 185037.jpg
കൽപ്പറ്റ : വയനാട്ടിലെ എണ്ണപ്പന കര്‍ഷകര്‍ നട്ടംതിരിയുന്നു. കായ് സംഭരണകേന്ദ്രങ്ങള്‍ നാമമാത്രമായതും ന്യായവില ലഭിക്കാത്തതുമാണ് കൃഷിക്കാരെ അലട്ടുന്നത്. വൈത്തിരിയും ചേലോടും ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എണ്ണപ്പനക്കൃഷിയുണ്ട്. വൈത്തിരിയിലും മറ്റുമുള്ള എണ്ണപ്പനകള്‍ക്കു 10-15 വര്‍ഷം പ്രായമുണ്ട്. മെച്ചപ്പെട്ട വരുമാനം കണക്കുകൂട്ടിയാണ് പലരും കൃഷി തുടങ്ങിയത്. എന്നാല്‍ അനുഭവം മറിച്ചായി. എണ്ണപ്പനയുടെ കായ കിലോഗ്രാമിനു പത്തു രൂപ പോലും വില കിട്ടുന്നില്ല. സുഗമമായി വിളവെടുക്കുന്നതിനുള്ള വിദ്യകളും കര്‍ഷകരില്‍ പലര്‍ക്കും വശമില്ല. പെയിന്റ്, ഷീറ്റ് തുടങ്ങിയവയുടെ നിര്‍മാണത്തിനു ഉപയോഗിക്കുന്ന എണ്ണപ്പനക്കായ സംഭരിക്കുന്ന കേന്ദ്രങ്ങള്‍ അടുത്തെങ്ങുമില്ല. ഇതു വലിയ പ്രയാസം സൃഷ്ടിക്കുകയാണെന്നു കര്‍ഷകര്‍ പറയുന്നു. എണ്ണപ്പനക്കൃഷിക്കു സര്‍ക്കാര്‍ സഹായം കിട്ടുന്നില്ല. തോട്ടത്തില്‍ കാഴ്ചവസ്തുവായി നില്‍ക്കുന്ന പനകള്‍ കര്‍ഷകരില്‍ പലരും വെട്ടിമാറ്റുകയാണ്. തണല്‍വിരിക്കുന്ന പനയോലകള്‍ക്കു കീഴെ മറ്റു കൃഷികള്‍ നല്ലരീതിയില്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ആനയും പന്നിയും അടക്കം വന്യജീവികള്‍ എണ്ണപ്പനകളെ തിരിഞ്ഞുനോക്കാറില്ല. പനമ്പട്ടയുടെയും കായയുടെയും അറ്റത്തെ മുള്ളുകളാണ് എണ്ണപ്പനയോടുള്ള വന്യജീവികളുടെ അപ്രിയത്തിനു കാരണം. എണ്ണപ്പനക്കൃഷിയുള്ള പ്രദേശങ്ങളില്‍ സംഭരണകേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും കായയ്ക്കു ന്യായവില ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ഇടപെടണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *