May 4, 2024

ബജറ്റില്‍ അവഗണന പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ്‌ – കല്‍പ്പറ്റ എം.എല്‍.എ. നേതൃത്വപരമായ പങ്കു വഹിക്കണം. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്

0


പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദല്‍ പാത നിര്‍മ്മാണം പുനരാരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. അടുത്ത കാലത്ത് പടിഞ്ഞാറത്തറയില്‍ രൂപീകരിച്ച എല്ലാ രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടുന്ന ജനകീയ കര്‍മ്മ സമിതിയുടെ അധ്യക്ഷ പദവി ഏറ്റെടുത്ത് നേത്രുത്വ പരമായ പങ്കു വഹിക്കുവാന്‍ തയ്യാറാകണമെന്ന്  ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ 24 വര്‍ഷം കല്‍പ്പറ്റയെ പ്രതിനിധീകരിച്ച ജനപ്രതിനിധികളും, എം.പി മാരും, ജില്ലാ ഭരണകൂടവും ഈ റോഡ്‌ യാഥാര്‍ഥ്യമാകുന്നതിനും, കേന്ദ്രാനുമതി നേടിയെടുക്കുന്നതിനും, യാതൊരു പ്രവര്‍ത്തനവും നടത്തുവാന്‍ തയ്യാറാകാതിരുന്നതാണ് ഇന്നത്തെ വയനാട്ടുകാരുടെ യാത്രാ ദുരിതത്തിനു കാരണമെന്ന് അവര്‍ പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം കേന്ദ്ര വനം പരിസ്ഥിതി വകുപ്പില്‍ നിന്ന് രേഖാ മൂലം കിട്ടിയ മറുപടിയില്‍ ഈ റോഡ്‌ സംബന്ധിച്ച് നിലവില്‍ യാതൊരു അപേക്ഷയും കേന്ദ്ര ഗവര്‍മെന്‍റിന്‍റെ  പക്കല്‍ ഇല്ലെന്നു വ്യക്ത്തമാക്കിയിട്ടുണ്ട്. 

പടിഞ്ഞാറത്തറയില്‍ യോഗം വിളിച്ച എം.എല്‍.എ ഈ വിഷയം വളരെഗൌരവമായി എടുത്ത് ഈ സമ്മേളന കാലഘട്ടത്തില്‍ത്തന്നെ നിയമസഭയില്‍ ഉന്നയിക്കുവാനും, കേരള മുഖ്യ മന്ത്രിയുടെയും, ധനകാര്യ പൊതുമരാമത്ത്, വനം വകുപ്പ് മന്ത്രിമാരുടെയും അടിയന്തിര ശ്രദ്ധയില്‍ കൊണ്ടുവരുവാനുള്ള നീക്കം നടത്തണമെന്നും, വയനാട്ടിലെ മറ്റ് രണ്ടു എം.എല്‍.എ മാര്‍ക്കും വയനാടിന്‍റെ വികസന മുന്നേറ്റത്തിന് അനിവാര്യമായ ഈ റോഡിനു വേണ്ടി സമ്മര്‍ദം ചെലുത്തുവാന്‍ കഴിയണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. വയനാടിന്‍റെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്ന ഈ റോഡിന്‍റെ വന്‍ സാദ്ധ്യതയെക്കുറിച്ച് മുഖ്യ മന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയും തികച്ചും അഞ്ജരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.  കഴിഞ്ഞ നാല് മാസക്കാലമായി ജനങ്ങള്‍ നിരന്തരമായി മുറവിളി കൂട്ടിയിട്ടും ബന്ധപ്പെട്ട എം.എല്‍.എ മാര്‍ക്കും, ജില്ലാ കളക്ടര്‍ക്കും, എം.പി.ക്കും, മുഖ്യ മന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടും ബദല്‍ പാതയുടെ കാര്യത്തില്‍ യാതൊന്നും ചെയ്യാതിരുന്ന അധികൃതരുടെ കുറ്റകരമായ അനാസ്ഥയില്‍ ജനങ്ങള്‍ അങ്ങേയറ്റം നിരാശരാണ്. സംസ്ഥാന ബജറ്റില്‍ ബദല്‍ പാതകളെക്കുറിച്ചും, ചുരത്തെക്കുറിച്ചും യാതൊരു പരാമര്‍ശനവും കടന്നു വരാത്തതും, വയനാട്ടിലെ എം..എല്‍.എമാര്‍ മൗനം പാലിച്ചതിലും ഓരോ വയനാട്ടുകാരനും പരാതിയുണ്ട്. 

 

 

തിരുവമ്പാടി എം.എല്‍.എ ആനയ്ക്കാം പൊയില്‍ – മേപ്പാടി റോഡിനു വേണ്ടി ഭഗീരഥ പ്രവര്‍ത്തനം നടത്തി നിയമ സഭയുടെയും, മന്ത്രി സഭയുടെയും ശ്രദ്ധയില്‍പ്പെടുത്തി സജീവമായി രംഗത്ത് ഇറങ്ങിയത് ശ്ലാഘനീയമാണ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ ഗവര്‍മെന്‍റ് ഈ റോഡിന് 20 കോടി രൂപ അനുവദിപ്പിക്കുവാനും  സാധ്യതാ പഠനം നടത്തിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചതും വയനാട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. 70%പണി പൂര്‍ത്തീകരിച്ച 104 ഏക്കര്‍ പകരം സ്ഥലം നല്‍കി പ്രഥമ പരിഗണന ലഭിച്ച താരതമ്യേന വളരെ ചെറിയ തുകക്ക് പണി പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്ന പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിന് ഭരണാനുമതി ലഭിക്കുന്നതിന് സംസ്ഥാന ഗവര്‍മെന്‍റ് അടിയന്തിരമായി കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തിനു അപേക്ഷയും ഡി പി. ആര്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കുവാന്‍ തയ്യാറാകണം. ഇത് വൈകുന്നത് വയനാടിനോട് സംസ്ഥാന ഗവര്‍മെന്‍റ് കാണിക്കുന്ന നീതി നിഷേധവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്. കേന്ദ്രത്തിന് അപേക്ഷ പോലും നല്‍കാതെ പുതിയ കേന്ദ്ര ഗവര്‍മെന്‍റിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വനം പരിസ്ഥിതിയുടെ പേരില്‍ വയനാടിന്‍റെ വികസനം തടയുന്നതില്‍ മത്സരിക്കുന്ന കേന്ദ്ര- സംസ്ഥാന ഗവര്‍മെന്‍റുകള്‍ നാല് അതിരുകളും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആകെ വിസ്തൃതിയില്‍ 35%വനങ്ങള്‍ സ്ഥിതി ചെയ്യുന്ന വയനാടിന്‍റെ കാര്യത്തില്‍ വനം നിയമങ്ങളില്‍ ഇളവു നല്‍കാത്ത പക്ഷം വയനാടിന്‍റെ ഭാവി ഇനിയും കൂടുത ഇരുളഞ്ഞതായി മാറുമെന്ന് അവര്‍ പറഞ്ഞു.

യു.പി.എ. ഗവര്‍മെന്‍റിനെ അപേക്ഷിച്ച് മോദി സര്‍ക്കാര്‍ പരിസ്ഥിതി വിഷയങ്ങളിലും വികസന കാര്യങ്ങളിലും ഉദാരമായ സമീപനം സ്വീകരിക്കുന്നതും ബി.ജെ.പി. ജില്ലാ സംസ്ഥാന നേത്രുത്വങ്ങളും കേന്ദ്ര ടുറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനവും പിന്തുണ അറിയിച്ചതും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന കാര്യങ്ങളാണ്‌. ഇനിയും അധികൃതര്‍ നിസ്സംഗത തുടരുന്ന പക്ഷം ജനാധിപത്യ കേരളാകോണ്‍ഗ്രസ് 4 മാസമായി ജില്ലയില്‍ തുടരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായി സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്‍പിലേക്കും നിയമ പരമായി ഹൈക്കോടതിയിലേക്കും നീങ്ങുവാന്‍ നിര്‍ബന്ധിതരായി തീരുമെന്ന് നേതാക്കള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ.എ. ആന്‍റണികെ.എം.ജോസഫ്‌ലോറന്‍സ് കെ.ജെ,ജോസ്.വി.എംവിന്‍സണ്‍ നെടുംകൊമ്പില്‍,അഡ്വ.ജോര്‍ജ് വാതുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *