പച്ചക്കറി – പുഷ്പകൃഷി : അമ്പലവയല്‍ ഇനി മികവിന്റെ കേന്ദ്രം : 5 ന് പദ്ധതി ഉദ്ഘാടനം
ജില്ലയില്‍ പച്ചക്കറി- പുഷ്പ കൃഷി മേഖലക്കായി മികവിന്റെ കേന്ദ്രമൊരുങ്ങുന്നു. ഇന്‍ഡോ ഡച്ച് കര്‍മ്മ പദ്ധതിയുടെ ഭാഗമായുളള പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ കാമ്പസിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. പദ്ധതി നവംബര്‍ 5 ന് ഉച്ചക്ക് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമാര്‍ അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍, ചിഫ് വിപ്പ് കെ.രാജന്‍, രാഹുല്‍ഗാന്ധി എം.പി, എം.വി ശ്രേയാംസ് കുമാര്‍ എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍ , ഒ.ആര്‍. കേളു തുടങ്ങിയവര്‍ പങ്കെടുക്കും.
പച്ചക്കറിക്കൃഷിയിലും പുഷ്പകൃഷിയിലും മികച്ച സാങ്കേതിക വിദ്യകള്‍ അവലംബിക്കുന്ന രാജ്യമായ നെതര്‍ലാന്റുമായുള്ള സഹകരണത്തിലൂടെ സാങ്കേതിക വിദ്യകള്‍ ജില്ലയിലെ കര്‍ഷകര്‍ക്കും പകര്‍ന്നു നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യ മിടുന്നത്. 13 കോടി രൂപ ചെലവില്‍ ഉയരുന്ന കേന്ദ്രം, കൃഷിവകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തി ക്കുക.
പച്ചക്കറികളുടെയും പുഷ്പകൃഷികളുടെയും നൂതന കൃഷി സമ്പ്രദായങ്ങളുടെ പ്രദര്‍ശന തോട്ടങ്ങളും പോളിഹൗസുകളും സജ്ജമാക്കുക, അത്യുല്പാദന ശേഷിയുള്ള വിത്തുകളുടെയും തൈകളുടെയും വലിയ തോതിലുള്ള ഉല്പാദനവും വിതരണവും സാധ്യമാക്കുക, ശാസ്ത്രീയ സംസ്‌കരണ രീതികള്‍ സജ്ജമാക്കി പ്രചാരം നല്‍കുക, കര്‍ഷകര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും തുടര്‍ച്ചയായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, വയനാടിനും കേരളത്തിനും അനുയോജ്യമായ വിദേശ ഇനങ്ങള്‍ (പച്ചക്കറി/ പുഷ്പ വിളകള്‍) ഇറക്കുമതി ചെയ്ത് നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിച്ച് വിതരണം നടത്തുക, സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പദ്ധതികള്‍ക്കു അവസരമൊരുക്കുക, ഉത്തമ കൃഷിമുറകളിലൂടെ പച്ചക്കറിക്കൃഷിയിലും പുഷ്പകൃഷിയിലും അന്താരാഷ്ട്ര നിലവാരം കൈവരിക്കുക, അഗ്രോഹോര്‍ട്ടി ടൂറിസം ഹബ്ബായി സെന്ററിനെ വികസിപ്പിച്ചെടുക്കുക തുടങ്ങിയവയാണ് സെന്ററിന്റെ മറ്റ് പ്രധാന ലക്ഷ്യങ്ങള്‍.



Leave a Reply