പ്രൊബേഷന്‍ വാരാഘോഷം ജില്ലയില്‍ വിവിധ പരിപാടികള്‍
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 ന് പ്രൊബേഷന്‍ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും. ഡിസംബര്‍ 4 വരെ നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ സെമിനാറുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിക്കും.
നേര്‍ദിശ 2020 എന്ന പേരില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസ്സും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രൊബേഷന്‍ വാരാഘോഷ പരിപാടി ജില്ലാ സെഷന്‍സ് ജഡ്ജ് എ.ഹാരിസ് നവംബര്‍ 15 ന് വൈകിട്ട് 3 ന് ഗൂഗിള്‍ മീറ്റ് വഴി ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ.രാജേഷ് അധ്യക്ഷത വഹിക്കും. പ്രൊബേഷന്‍ നിയമ നിര്‍വ്വഹണത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് എന്ന വിഷയത്തില്‍ വെബിനാര്‍ ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഉദ്ഘാടനം ചെയ്യും. പ്രൊബേഷന്‍ നിയമവും നേര്‍വഴി പദ്ധതിയും, കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക്, സാമൂഹിക പ്രതിരോധവും യുവാക്കളും, നേര്‍വഴി പദ്ധയും പൊതുജനപങ്കാളിത്തവും തുടങ്ങിയ വിഷയങ്ങളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം, കുടുംബശ്രീ, നെഹ്റു യുവ കേന്ദ്ര, ജനത ലൈബ്രറികരണി, റേഡിയോ മാറ്റൊലി, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് ഓണ്‍ലൈന്‍ സെമിനാറുകള്‍ നടക്കും. വാരാഘോഷത്തിന്റെ ഭാഗമായി പോസ്റ്റര്‍ ക്യാമ്പയിന്‍, സര്‍ഗ്ഗദീപ്തി, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സാഹിത്യ മത്സരം, ഓഡിയോ പ്രകാശനം, കൈപ്പുസ്തക വിതരണം, റേഡിയോ ലൈവ്, സോഷ്യല്‍ മീഡിയ പ്രചാരണം, വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണം തുടങ്ങിയവയും നടക്കും.



Leave a Reply