May 5, 2024

ഭൂസമര സമിതി വയനാട്ടില്‍ രണ്ടു സീറ്റുകളില്‍ ജനവിധി തേടുന്നു

0
Wyd 24 Rajan Anila.jpg

കല്‍പ്പറ്റ:സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍  നിയന്ത്രണത്തിലുള്ള ഭൂസമരസമതി തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രണ്ടു സീറ്റുകളില്‍ ജനവിധി തേടുന്നു.പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പള്ളി പട്ടികവര്‍ഗ വനിതാ സംവരണ ഡിവിഷനിലും പുല്‍പ്പള്ളി പഞ്ചായത്തിലെ 15-ാം വാര്‍ഡിലുമാണ്(കൊളറാട്ടുകുന്ന്)ഭൂസമര സമിതി മത്സരിക്കുന്നത്.പുല്‍പ്പള്ളി ഡിവിഷനില്‍ കാപ്പിക്കുന്ന് താഴെക്കാപ്പ് പണിയ കോളനിയിലെ അനില അനന്തനും കൊളറാട്ടുകുന്ന് വാര്‍ഡില്‍ കൊളറാട്ടുകുന്ന് അരിയക്കോട് പണിയ കോളനിയിലെ എ.കെ.  രാജനുമാണ് ഭൂസസമര സമിതി സ്ഥാനാര്‍ഥികള്‍.
താഴെകാപ്പ് കോളനിയിലെ പരേതനായ അനന്തന്‍-കാക്കി ദമ്പതികളുടെ മകളാണ് 38കാരിയായ അനില.അവിവാഹിതയായ ഇവര്‍ ഏഴാംക്ലാസ് വരെ പഠിച്ചിട്ടുണ്ട്.കൂലിപ്പണിയെടുത്താണ് ഉപജീവനം.
അരിയക്കോട് കോളനിയിയിലെ വെള്ളി-നെല്ല ദമ്പതികളുടെ മകനാണ് രാജന്‍.എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.ഭാര്യ ഗീതയും മകന്‍ രഞ്ജിത്തും അടങ്ങുന്നതാണ് കര്‍ഷകത്തൊഴിലാളിയായ ഇദ്ദേഹത്തിന്റെ കുടുംബം.
കൃഷിഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും ഔദാര്യമല്ല,അവകാശമാണ് എന്ന മുദ്രാവാക്യവുമായാണ് അനിലയും രാജനും വോട്ടര്‍മാരെ കാണുന്നത്.ആദിവാസികളിലെ പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ ധാരാളമുള്ളതാണ് കൊളറാട്ടുകുന്നു വാര്‍ഡും പുല്‍പ്പള്ളി ബ്ലോക്ക് ഡിവിഷനും.പണിയര്‍ക്കു ആദിവാസികളിലെ ഇതര സമുദായങ്ങളിലുള്ളവരും പൊതു വിഭാഗത്തില്‍പ്പെട്ടരും വോട്ട് തരുമെന്ന വിശ്വാസത്തിലാണ് അനിലയും രാജനും.തെരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായി സ്വന്തം സ്ഥാനാര്‍ഥികളെ ലഭിച്ച സന്തോഷത്തിലാണ് താഴെകാപ്പിലെയും അരിയക്കോടിലെയും പണിയ കുടുംബങ്ങള്‍.ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ തൊവരിമലയില്‍ നടന്ന ഭൂസമരത്തില്‍ അനിലയും രാജനും പങ്കെടുത്തിരുന്നു.
പുല്‍പ്പള്ളി പഞ്ചായത്തിലെ അഞ്ച്,ആറ്,ഏഴ്,എട്ട്,14,15,16 വാര്‍ഡുകള്‍ ചേരുന്നതാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് പുല്‍പ്പള്ളി ഡിവിഷന്‍.എല്‍ഡിഎഫിലെ ഇന്ദിര സുകുമാരന്‍,യുഡിഎഫിലെ രജനി ചന്ദ്രന്‍,ബിജെപിയിലെ മിനി പാളക്കൊല്ലി എന്നിവരാണ് ഡിവിഷനിലെ മറ്റു സ്ഥാനാര്‍ഥികള്‍.
കൊളറാട്ടുകുന്നു വാര്‍ഡില്‍ പി.എന്‍. ശിവന്‍(കോണ്‍ഗ്രസ്),ജോഷി ചാരുവേലില്‍(സിപിഎം),ഭാസ്‌കരന്‍ മടാപ്പറമ്പ്(ബിജെപി),ജോസ് പി. മാണി(എഎപി) എന്നിവരും സ്ഥാനാര്‍ഥികളാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ ബിജെപിയിലെ സുചിത്ര മേലേക്കാപ്പായിരുന്നു വിജയി.ജില്ലയില്‍ ഭൂസമര സമിതി രണ്ടു സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നതെന്നു ഭൂസമര സമിതി ജില്ലാ കണ്‍വീനര്‍ കെ.വി. പ്രകാശ്,സിപിഐ(എംഎല്‍)റെഡ് സ്റ്റാര്‍ ജില്ലാ സെക്ട്രടറി പി.ടി. പ്രേമാനന്ദ് എന്നിവര്‍ പറഞ്ഞു.പട്ടികവര്‍ഗക്കാരില്‍ പിന്നാക്കം നില്‍ക്കുന്ന പണിയ സമുദായത്തെ മുഖ്യധാരയിലേക്കു നയിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ്് അനിലയെയും ജനറല്‍ വാര്‍ഡില്‍ രാജനെയും സ്ഥാനാര്‍ഥിയാക്കിയതെന്നും അവര്‍ വിശദീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *