ദേശാഭിമാനിയെ ഉപയോഗിച്ച് സി.പി.എം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നു- വെല്‍ഫെയര്‍ പാര്‍ട്ടി
മുഖപത്രമായ ദേശാഭിമാനിയെ ഉപയോഗിച്ച് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണ നീക്കമാണ് സിപിഎം നടത്തുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആരോപിച്ചു.
മുസ്‍ലിം മത ചിഹ്നങ്ങളണിഞ്ഞ വ്യക്തി തോക്കേന്തി നില്‍ക്കുന്ന വികൃതമായ ചിത്രം വരച്ച് വെല്‍ഫെയര്‍ പാര്‍ട്ടി എന്നെഴുതിയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുക വഴി ഒരു സമുദായത്തെ അധിഷേപിക്കുക മാത്രമല്ല വളരെ കൃത്യമായി വര്‍ഗീയ ധ്രുവീകരണത്തിന് ആഹ്വാനം ചെയ്യുകയുമാണ് പാര്‍ട്ടി മുഖപത്രം ചെയ്തത്. ഇന്ത്യയിലെ മുസ്‍ലിം സമുദായത്തിനെതിരെ സംഘ്പരിവാര്‍ വ്യാജമായി ആരോപിക്കുന്ന വാദങ്ങളെ ബലപ്പെടുത്തുകയാണ് ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചവര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യത്ത് മതനിരപേക്ഷ നിലപാടുയര്‍ത്തിപ്പിടിച്ച് സിപിഎമ്മുമായി പശ്ചിമ ബംഗാള്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ്-വംശീയ നയങ്ങള്‍ക്കെതിരെ സമരമുന്നണിയില്‍ പങ്കാളിയാണ്.
കേരളത്തില്‍ മുപ്പത്തിയഞ്ചോളം തദ്ദേശ സ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യമായാണ് മത്സരിച്ചത്. കാലാവധി പൂര്‍ത്തിയാകുന്നതുവരെ അതാത് പഞ്ചായത്തുകളില്‍ സഹകരണം തുടരുകയും ചെയ്തിരുന്നു. അന്നൊന്നുമില്ലാത്ത എന്ത് വര്‍ഗീയതയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സിപിഎമ്മും ദേശാഭിമാനിയും കാണുന്നത്. അഴിമതികളിലും സംഘ്പരിവാര്‍ അനുകൂല പോലീസ് നയങ്ങളിലും പെട്ട് ജനങ്ങളില്‍ നിന്നകന്ന ഇടതു മുന്നണിയെ തെരെഞ്ഞെടുപ്പില്‍ വര്‍ഗീയത പറഞ്ഞ് രക്ഷപ്പെടുത്താമെന്നാണ് കേരള സിപിഎം കരുതുന്നത്. കേരളത്തില്‍ മുസ്ലിം ഭീകരതയുണ്ടെന്ന് വ്യാജമായി ചിത്രീകരിച്ച് മതേതര കേരളത്തെ വംശീയമായി വിഭജിക്കാനുള്ള നീക്കം സംഘ്പരിവാറിനാണ് വഴിയൊരുക്കുക. മതേതര കേരളം ഈ കുത്സിത നീക്കത്തെ തിരിച്ചറിയണം. കേരളത്തിലെ സിപിഎം നടത്തുന്ന ഈ അപകടകരമായ കളിക്കെതിരെ സിപിഎം ദേശീയ നേതൃത്വം ഇടപെടണം. വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെയും മത വര്‍ഗീയത വളര്‍ത്താനുമുള്ള സിപിഎം ക്രിമിനല്‍ നീക്കത്തിനെതിരെ പാര്‍ട്ടി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Leave a Reply