May 3, 2024

കാര്‍ഷിക പദ്ധതികള്‍ കര്‍ഷക സൗഹൃദമാകണം – ജില്ലാ കാര്‍ഷിക വികസന സമിതി

0
Img 20220113 181220.jpg


  കൽപ്പറ്റ : കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പ് മുഖേന തയ്യാറാക്കുന്ന പദ്ധതികള്‍ കര്‍ഷക സൗഹൃദമാകണമെന്ന് ജില്ലാ കാര്‍ഷിക വികസന സമിതി. സംസ്ഥാന പദ്ധതികള്‍ക്കപ്പുറം ജില്ലയ്ക്ക് അനുയോജ്യ മായ പദ്ധതികള്‍ കണ്ടെത്തി ഫലപ്രദമായി നടപ്പാക്കുന്നതിന്  കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കണം. കാപ്പി സംഭരണത്തിന് പദ്ധതി തയ്യാറാക്കുമ്പോള്‍ പ്രാദേശിക സഹകരണ സംഘങ്ങളെ കൂടി ഉപയോഗ പ്പെടുത്തി കര്‍ഷകര്‍ക്ക് ഗുണപരമായ രീതിയില്‍ നടപ്പാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

നെല്‍കൃഷി ഏറെയുളള വയനാട് ജില്ലയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ സമയബന്ധിതമായ ലഭ്യത ഉറപ്പാക്കുന്നതില്‍ അലംഭാവമുണ്ടാകരുതെന്ന്  ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. കൊയ്തുയന്ത്രങ്ങളുടെ കുറവ് മൂലം പലയിടത്തും കര്‍ഷകര്‍ക്ക് കൊയ്ത് പൂര്‍ത്തീകരിക്കാന്‍ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കൃഷി വകുപ്പ് മുന്‍കൂട്ടി നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിനുളള പദ്ധതി തയ്യാറാക്കണം. ഗ്രാമതലത്തിലെ അഗ്രോ ക്ലിനിക്കുകള്‍ പുനരുജ്ജീവിപ്പിക്കു ന്നതിനുളള നടപടികളും ഇതോടൊപ്പം ഉണ്ടാകണമെന്നും എം.എല്‍.എ പറഞ്ഞു.

രാസവളത്തിന്റെ ലഭ്യത കുറവും വിലവര്‍ദ്ധനവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതായി ടി.സിദ്ധീഖ് എം.എല്‍.എ പറഞ്ഞു. വള ലഭ്യത ഉറപ്പാക്കുന്നതിനുളള നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുളള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമാക്കാനുളള നടപടികള്‍ ഉണ്ടാക ണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.  ഓരോ വകുപ്പുകളും സ്ഥാപിച്ചിട്ടുളള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണം. ജില്ലാ പഞ്ചായത്തിന് കീഴില്‍ ഒരു ഫാം സ്ഥാപിക്കുന്നതിനുളള പ്രോജക്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനുളള നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ജില്ലയിലെ സംഭരണ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണം, കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ യഥാസമയം സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ഗതാഗത ചെലവുകള്‍ നല്‍കണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന  ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ&ടി) മുരളീധര മേനോന്‍ കൃഷി വകുപ്പ് പദ്ധതികള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിന്‍ ബേബി, സി.അസൈനാര്‍, ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *