May 14, 2024

മോഹിനിയാട്ടത്തിൽ റാങ്കിന്‍റെ തിളക്കവുമായി വൈഷ്ണവി മോഹൻ

0
Img 20220125 080545.jpg
റിപ്പോർട്ട്‌ : ദീപ ഷാജി പുൽപ്പള്ളി 
കൽപറ്റ: എം.എ മോഹിനിയാട്ടത്തിൽ രണ്ടാം റാങ്കുമായി വയനാട്​ സ്വദേശിനിയുടെ അഭിമാന നേട്ടം. മീനങ്ങാടി അമ്പലപ്പടി സ്വദേശിനി വൈഷ്ണവി മോഹനാണ് മനസ്സിൽ നിറഞ്ഞ നൃത്തച്ചുവടുകൾക്ക്​ റാങ്കിന്‍റെ തിളക്കംപകർന്നത്​. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്നാണ്​ മോഹിനിയാട്ടത്തിൽ റാങ്കിന്‍റെ പകിട്ടുള്ള വിജയം സ്വന്തമാക്കിയത്​.
ടാപ്പിങ്​ തൊഴിലാളിയായ അച്​ഛൻ എൻ. മോഹനനും കോഓപറേറ്റിവ്​ സൊസൈറ്റിയിൽ ജീവനക്കാരിയായ അമ്മ സുവർണരേഖയും വൈഷ്ണവിയുടെ സ്വപ്നങ്ങൾക്ക്​ നിറഞ്ഞ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. വാടകവീട്ടിലെ പരിമിതികളിൽനിന്നാണ്​ പഠിച്ചുമുന്നേറിയത്​. എട്ടാം വയസ്സു മുതൽ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാൻ തുടങ്ങിയിരുന്നു. രണ്ടാം ക്ലാസ്​ മുതൽ ഏഴാം ക്ലാസ്​ വരെ സ്കൂളിലും സബ്​ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിലും സാന്നിധ്യമറിയിച്ചു.
എൽ.കെ.ജി മുതൽ ഏഴാം ക്ലാസുവരെ അമ്പലപ്പടിയിലെ വിവേകാനന്ദ വിദ്യാമന്ദിരത്തിലായിരുന്നു പഠനം. ഏഴു മുതൽ പത്തുവരെ മീനങ്ങാടി ഗവ. ഹൈസ്കൂളിൽ. പനങ്കണ്ടി ജി.എച്ച്​.എസ്​.എസിലായിരുന്നു പ്ലസ്​ടു പഠനം. പിന്നീട്​ സുൽത്താൻ ബത്തേരി എയ്​ഞ്ചൽ മേരി കോളജിൽനിന്ന്​ ഡി.ഫാം ഫസ്റ്റ്​ ക്ലാ​സോടെ പാസായി. ശേഷം മലപ്പുറത്ത്​ ഒരു ആശുപത്രി ഫാർമസിയിൽ ജോലി നോക്കുന്നതിനിടയിലാണ്​ നൃത്തരംഗത്ത്​ തുടരണമെന്ന്​ തീരുമാനമെടുത്തത്​. അതോടെ ജോലി ഉപേക്ഷിച്ച്​ ആർ.എൽ.വി കോളജിൽ ബി.എ മോഹിനിയാട്ടം പഠിക്കാൻ ചേർന്നു. നാലാം റാങ്കോടെയാണ്​ ബി.എ പാസായത്​. തുടർന്ന്​ എം.എ (മോഹിനിയാട്ടം)ക്ക്​ രണ്ടാം റാങ്കിന്‍റെ തിളക്കവും.
നല്ലൊരു ഗായികയുമാണ്​ വൈഷ്ണവി. എട്ടാം വയസ്സുമുതൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്​. ഡി.ഫാമിന്​ പഠിക്കുന്ന സമയത്ത്​ ഡൽഹിയിൽ ഒരു ആഗോള സാംസ്​കാരിക സംഗമത്തിൽ നൃത്തസംഘത്തിന്‍റെ ഭാഗമാകാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ​മോഹിനിയാട്ടത്തിൽ പി.എച്ച്​.ഡി ചെയ്യണമെന്നാണ്​ വൈഷ്ണവിയുടെ വലിയ ആഗ്രഹം. ഇതിനിടയിൽ പല വേദികളിലും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നുണ്ട്​. കാംബോജി നാട്യകലാ സരസ്വതിക്ഷേ​ത്ര എന്ന പേരിൽ നൃത്തവിദ്യാലയം തുടങ്ങി കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്​. കോവിഡ്​ കാലത്ത്​ ഓൺലൈനിലാണ്​ ക്ലാസുകൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *