സഹകരണ ബാങ്കുകൾക്കുള്ള പലിശ സബ്സിഡി കുടിശ്ശിക ഉടൻ അനുവദിക്കുക ; പ്രൈമറി ബാങ്ക് അസോസിയേഷൻ

മുട്ടിൽ : കാർഷിക വായ്പ നൽകിയതിന്റെ ഭാഗമായി പ്രാഥമിക സർവീസ് സഹകരണ ബാങ്കുകൾക്ക് സബ്സിഡി ഇനത്തിൽ സർക്കാർ നൽകാനുള്ള കുടിശ്ശിക അടിയന്തിരമായി അനുവദിക്കണമെന്ന് കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുപ്പത്തിമൂന്ന് കോടിയോളം രൂപയാണ് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകൾക്ക് ഈയിനത്തിൽ കുടിശ്ശികയുള്ളത് എന്നും, കൃഷി പ്രോത്സാഹിപ്പിക്കാനും കർഷകരെ സഹായിക്കാനുമായി 2013ൽ സർക്കാർ നിർദ്ദേശപ്രകാരം പലിശരഹിത വായ്പ നൽകിവരുന്ന ബാങ്കുകൾക്ക് കഴിഞ്ഞ എട്ട് വർഷങ്ങളായി സബ്സിഡി അനുവദിക്കാതിരിക്കുന്നത് ബാങ്കുകളെ സാമ്പത്തികമായി ഞെരുക്കുകയാണ് എന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സഹകരണ പ്രസ്ഥാനം തകർക്കാനുള്ള നീക്കം ചെറുക്കുക, സഹകരണ മേഖലയുടെ വിശ്വാസ്യതയും കാര്യക്ഷമതയും ഉയർത്തിപ്പിടിക്കുക, സാധ്യമായ വൈവിധ്യവൽക്കരണത്തിലൂടെ ബാങ്ക് പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
മുട്ടിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു മുമ്പിൽ
അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ബി സുരേഷ്ബാബു പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ സുഗതൻ, അഡ്വ. വെങ്കിടസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ബി
സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഇ കെ ബിജുജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ എൻ ഗോപിനാഥൻ സ്വാഗതവും വി വി രാജൻ
നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറി പി സുരേഷ് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും, സംസ്ഥാന സെക്രട്ടറി പി പി ദാമോദരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.എ ഇ ഗിരീഷ്,
ജോയി വാഴയിൽ,കെ ബാലഗോപാലൻ,
കെ രാജേശ്വരി, വി മോഹനൻ
എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഭാരവാഹികളായി
ബി സുരേഷ്ബാബു(പ്രസിഡണ്ട്)
കെ ടി കുഞ്ഞബ്ദുള്ള(വൈസ് പ്രസിഡണ്ട്)പി സുരേഷ്
(സെക്രട്ടറി)വി വി രാജൻ
(ജോയിന്റ് സെക്രട്ടറി)
കെ എൻ ഗോപിനാഥൻ
(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.



Leave a Reply