May 1, 2024

എടത്തന തറവാട്ടിൽ നാട്ടിയുത്സവം

0
Img 20220709 Wa00422.jpg
എടത്തന: ഗോത്രാചാര പൊലിമയിൽ എടത്തന തറവാട്ടിൽ നാട്ടിയുത്സവം. തറവാടിൻ്റെ സ്വന്തമായ15 ഏക്കർ പാടശേഖരത്തിലാണ് ഇത്തവണ നെൽകൃഷി ചെയ്തത്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ ഇരുനൂറിലധികം പേർ പാടത്തിറങ്ങിയപ്പോൾ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയായി മാറി. വയനാടിന്റെ തനത് നെൽവിത്തായ വെളിയനും ഗന്ധകശാലയുമാണ് കൃഷിയ്ക്ക് ഉപയോഗിച്ചത്. ജൈവ വളങ്ങളും പാരമ്പര്യ അറിവുകളും സമന്വയിപ്പിച്ചുള്ള കൃഷിരീതിയാണ് കാലങ്ങളായി ഇവിടെ തുടരുന്നത്. എടത്തന തറവാടിന് നെൽക്കൃഷി ജീവിതം മാത്രമല്ല ജീവനും കൂടിയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇവിടെ നെൽക്കൃഷി മുടക്കാറില്ല. ഞാറ്റടി തയ്യാറാക്കുന്നത് മുതൽ കൊയ്തെടുക്കുന്നത് വരെ അതീവ ശ്രദ്ധയോടെയാണ് ഇവിടെ നെൽകൃഷിയെ പരിപാലിക്കുന്നത്. പൂജാ ചടങ്ങുകൾ ചെയ്തതിന് ശേഷമാണ് കൃഷിപണിയ്ക്ക് തുടക്കം കുറിക്കുന്നത്. മുമ്പ് ഏരുകളെ ഉപയോഗിച്ചാണ് നെൽകൃഷിയ്ക്കായി നിലം ഒരുക്കിയിരുന്നത്. ഇപ്പോൾ ടില്ലർ ഇതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ നെല്ല് നടുന്നതിന് യന്ത്രങ്ങളെ ആശ്രയിക്കാറില്ല. നെല്ല് നടാൻ തറവാട്ടിലെ സ്ത്രി – പുരുഷ ഭേദമന്യേ എല്ലാവരും പാടത്തിറങ്ങും. നഞ്ചക്കൃഷിയാണ് എടത്തനയിൽ എല്ലാ വർഷവും ചെയ്തു വരുന്നത്. ജലക്ഷാമം മൂലം പുഞ്ചക്കൃഷി വിപുലമായ രീതിയിൽ ചെയ്യാൻ കഴിയാറില്ല. നെൽകൃഷിയും നെൽവിത്തുകളും സംരക്ഷിച്ച് നിലനിർത്തിയതിന് ഇതിനകം നിരവധി പുരസ്ക്കാരങ്ങളും എടത്തന തറവാടിന് ലഭിച്ചിട്ടുണ്ട്. ഇരുനൂറിലേറെ കുടുംബങ്ങൾ എടത്തനയിലുണ്ട്. എടത്തന തറവാട്ടിൽ നടക്കുന്ന പുത്തരിയുത്സവം,വിവാഹം, തറവാട്ടിലെ അംഗങ്ങളുടെ മരണാന്തര ചടങ്ങുകൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും അരി ഒരു മണി പോലും ഇതുവരെ പുറമെ നിന്ന് വാങ്ങേണ്ടി വന്നിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള തറവാട്ടിലെ എല്ലാ കുടുംബാംഗങ്ങളും കൃഷിയ്ക്കും വിളവെടുപ്പിനും ഒത്തുചേരുമെന്നതാണ് ഇവിടത്തെ സവിശേഷത. കാപ്പി, കുരുമുളക് തുടങ്ങിയ കൃഷിയും ഇവിടെയുണ്ട്. എടത്തന തറവാട്ടിലെ ഒടേക്കാരൻ (കാര്യസ്ഥൻ) ഇ.കെ.ചന്തുവിൻ്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. കൃഷി വകുപ്പും എടത്തനയിലെ നെൽകൃഷിയ്ക്ക് പ്രോത്സാഹനവും സാമ്പത്തിക സഹായവും നൽകുന്നുണ്ട്. നഷ്ടങ്ങളുടെ കണക്ക് നിരത്തി വയനാട്ടിൽ ഒട്ടുമിക്ക കർഷകരും നെൽക്കൃഷിയോട് വിടപറയുമ്പോൾ നെൽക്കൃഷിയെ നെഞ്ചോട് ചേർത്തു നിർത്തുകയാണ് എടത്തന തറവാട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *