May 2, 2024

രാജ്യത്തെ ജനങ്ങൾ അവകാശത്തിനായുള്ള പോരാട്ടത്തിൽ – പന്ന്യന്‍ രവീന്ദ്രന്‍

0

 

മാനന്തവാടി:  രാജ്യത്തെ ജനങ്ങള്‍ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണെന്നും ആ പോരാട്ടത്തിനായി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനത്തെയാണെന്നും  സി.പി.ഐ ദേശീയ എക്‌സി. അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഫാസിസ്റ്റ് ശക്തികളെ തോല്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രശ്താനത്തിനു മാത്രമേ സാധിക്കൂ. ചരിത്രം അത് തെളിയിച്ചതുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനം ഏറെ ഇഷ്ടപ്പെടുന്നതുംഅതിനാലാണ്. രാഷ്ട്രീയ, ജനകീയ പ്രശ്‌നങ്ങളോട് സത്യസന്ധമായി പെരുമാറുന്ന പാര്‍ട്ടിയാണ് സി.പി.ഐ. അതിനാലാണ് ജനങ്ങള്‍ ഈ പ്രസ്ഥാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത്. 


കേരളത്തിലെ എല്‍.ഡി.എഫ് മുന്നണി രാജ്യത്തിന് മാതൃകയാണ്.  സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമേ സാധിക്കുകയുള്ളൂ.  വിശാലമായ ജനകീയ ഐക്യമുള്ള എല്‍.ഡി.എഫ് മുന്നണിയില്‍ ഭിന്നിപ്പ് ഉള്ളതായി ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. മുന്നണിക്കകത്ത് ഒരു പ്രശ്‌നവുമില്ല. ഒരുമിച്ച് പോകുന്നവര്‍ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോള്‍ അത് തുറന്നു പറയുന്നത് പ്രശ്തനത്തിനു കൂടുതല്‍ ശക്തി പകരുകയേ ചെയ്യുകയുള്ളൂ. തെറ്റുകണ്ടാല്‍ അത് തിരുത്തുന്നതിനെ അഭിപ്രായ വ്യത്യാസമായി കാണരുത്.രാജ്യം ഭരിക്കുന്നവര്‍ വലിയ വലിയ മുതലാളിമാര്‍ക്കു വേണ്ടിയാണ് നില കൊള്ളുന്നത്. അച്ചാ ദിന്‍ എന്നു പറഞ്ഞു അധികാരത്തിലെത്തിയവര്‍ കുത്തക മുതലാളിമാര്‍ക്ക് അച്ചാ ദിന്‍ ഉണ്ടാക്കുകയും പാവപ്പെട്ടവര്‍ക്ക് അച്ചാ ദാരിദ്ര്യം സമ്മാനിക്കുകയുമാണ് ചെയ്തത്. ചരിത്രത്തെ വളച്ചൊടിക്കാനാണ് മോദിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. അതിനാലാണ് മഹാത്മാ ഗാന്ധിയെ തമസ്‌കരിക്കുന്നതും ഗാന്ധി ഘാതകനായ ഗോഡ്‌സെയെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്നത്. ശതകോടീശ്വന്മാരുടെ കടങ്ങള്‍ എഴുതി തള്ളിയ രാജ്യം ഭരിക്കുന്നവര്‍ പാവപ്പെട്ടവന്‍ എടുത്ത് തുച്ഛമായ വായ്പയുടെ പേരു പറഞ്ഞ് അവരെ പീഡിപ്പിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും മുതലാളിമാര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. വിജയ്‌മല്യയെ ആദ്യം പാര്‍ലമെന്റില്‍ കയറ്റിയിരുത്തിയത് അവരാണ്. നീതിന്യായ വ്യവസ്ഥയെ പോലും ഭരണവര്‍ഗത്തിന്റെ താളത്തില്‍ തുള്ളുന്ന സ്ഥാപനമാക്കാനാണ് ശ്രമം നടത്തുന്നത്. മോദിക്കും ആര്‍.എസ്.എസ് എസിനും കേരളത്തിലെ എല്‍.ഡി.എഫ് മുന്നണി കണ്ണിലെ കരടാണ്. ആ ഇടതുപക്ഷത്തെ ചങ്കിലെ ചോരയായി കാക്കണം. . സ്വാഗതസംഘം ചെയർമാൻ എൽ. സോമൻ നായർ അധ്യക്ഷത വഹിച്ചു. 

ജന. കൺവീനർ ഇ.ജെ. ബാബു, ട്രഷറർ ജോണി മറ്റത്തിലാനി, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.വി. ബാലൻ, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കെ. രാജൻ എം.എൽ.എ, പി.എസ്. വിശ്വംഭരൻ, പി.കെ. മൂർത്തി, സി.എസ്. സ്റ്റാൻലി എന്നിവർ സംസാരിച്ചു. പി.ഡബ്ളു.ഡി (റോഡ് വിഭാഗം) റിട്ട. ഓവർസിയർ പി. സുധീന്ദ്രലാൽ, ഐ.ടി. വിദഗ്ദൻ ബെനൽഡ് ജോസഫ് എന്നിവരെ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.   സമ്മേളനത്തിന്റെ ഭാഗമായി എരുമത്തെരുവിൽ നിന്നും പൊതുസമ്മേളന നഗരിയായ ഗാന്ധിപാർക്കിലേക്ക് റെഡ് വൊളന്റിയർമാർച്ചും പ്രകടനവും നടത്തി. നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *