May 8, 2024

പങ്കാളിത്ത പെന്‍ഷന്‍ : പുനഃപരിശോധനാസമിതി സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായി

0
കല്‍പറ്റ-പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ പുനഃപരിശോധനാസമിതി സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായി.പുനഃപരിശോധനാസമിതിയെ നിയോഗിച്ച സര്‍ക്കാര്‍തന്നെയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കില്ലെന്നു വ്യക്തമാക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. ജൂണ്‍ 29ലെ ഗസറ്റ് വിജ്ഞാപനം ആഴ്ചകളോളം പൂഴ്ത്തിവയ്ക്കുകയുമുണ്ടായി.സര്‍വീസ് സംഘടനകളുമായുള്ള പുനഃപരിശോധനാ സമിതിയുടെ കൂടിക്കാഴ്ചകള്‍ അവതാളത്തിലാക്കുന്ന രീതിയിലാണ് വിജ്ഞാപനം വന്നത്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസം മാത്രമാണ് ബാക്കി. ഇതിനകം ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ സമിതിക്കായി ചെലവഴിച്ചത്.
2013 ഏപ്രില്‍ ഒന്നിന് അന്നത്തെ  ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയെങ്കിലും  പി.എഫ്.ആര്‍.ഡി.എ നിയമം(പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്‍റ് അതോറിറ്റി)ബാധകമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. വിജ്ഞാപനം ഇല്ലാതെ പദ്ധതി നടപ്പിലാക്കിയതു  ചോദ്യംചെയ്ത് ജീവനക്കാരില്‍ ചിലര്‍  കോടതിയെ  സമീപിക്കാനിരിക്കെയാണ് ധനവകുപ്പ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിച്ചശേഷം നിയമിതരായവര്‍ക്കെല്ലാം പദ്ധതി ബാധകമാണെന്നു  വ്യക്തമാക്കുന്നതാണ് വിജ്ഞാപനം. ഇതിനു സബ്ജക്ട് കമ്മിറ്റി അംഗീകാരം നേടുന്നതിനുള്ള നീക്കം പുരോഗതിയിലാണ്. സാലറി ചലഞ്ച് പോലെ പങ്കാളിത്ത പെന്‍ഷനും നിയമപരമാക്കുന്നതിനാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ് പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ ജീവനക്കാര്‍ കരുതുന്നത്.
എല്‍.ഡി.എഫ് അധികാരത്തില്‍വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്നു  2012 ഓഗസ്റ്റില്‍  ഇന്നത്തെ ധനമന്ത്രി ഡോ.തോമസ് ഐസക്കും മറ്റു മുതിര്‍ന്ന ഇടത് നേതാക്കളും പ്രസ്താവിച്ചിരുന്നു. 2013ലെ പങ്കാളിത്ത പെന്‍ഷന്‍ വിരുദ്ധ സമരത്തിന്‍റെ മുന്‍നിരയില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു.അക്കാലത്തു  'ഈ പോരാട്ടം നാടിനു വേണ്ടിയുള്ളത്' എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ യു,ഡി,എഫ് സര്‍ക്കാരിന്‍റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുമെന്നു പറയുന്നുണ്ട്. പെന്‍ഷന്‍ സംരക്ഷണത്തിനു  ജീവനക്കാരും അധ്യാപകരും സഹിച്ച ത്യാഗങ്ങള്‍ വെറുതെയാകില്ലെന്നും ലേഖനത്തിലുണ്ട്. എന്നാല്‍ പിണറായി വിജയന്‍  മുഖ്യമന്ത്രിയായപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഊട്ടിയുറപ്പിക്കുന്നതിന് ഉതകുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നു  ജീവനക്കാര്‍ പറയുന്നു.
പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ടവര്‍ക്ക് കേന്ദ്രാനുകൂല്യമായ ഡി.സി.ആര്‍.ജി(ഡെത്ത് കം റിട്ടയര്‍മെന്‍റ് ഗ്രാറ്റ്വിറ്റി)നല്‍കുന്നില്ല.മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധനവും വെട്ടിച്ചുരുക്കി.സര്‍ക്കാര്‍ വിഹിതം കേന്ദ്രത്തില്‍ 14 പതിനാല് ശതമാനം ആക്കിയിട്ടും കേരളത്തില്‍ ഇപ്പോഴും 10 ശതമാനമാണ്. 
നടപ്പാക്കുന്ന സമയത്ത് പദ്ധതിയെ അനുകൂലിച്ച കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകളുടെയും  പി.എഫ്.ആര്‍.ഡി.എ നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ച ഇടത് സര്‍വീസ് സംഘടനകളുടെയും നേതാക്കള്‍  ഇപ്പോള്‍ മൗനത്തിലാണ്.സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഗുണഭോക്താക്കളായ ഇവര്‍ക്കു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമല്ല.ഇതാണ് നേതാക്കളുടെ മൗനത്തിനു കാരണമെന്നു പങ്കാളിത്ത പെന്‍ഷന്‍കാര്‍ പറയുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ നിയമ പോരാട്ടം നടത്താനുള്ള ഒരുക്കത്തിലാണ് സ്റ്റേറ്റ് എന്‍.പി.എസ് എംപ്ലോയീസ് കലക്ടീവ് കേരള(എസ്.എന്‍.പി.എസ്.ഇ.സി.കെ). 
കേന്ദ്ര സര്‍ക്കാരിന്‍റെ ചുവടുപിടിച്ച് കേരളത്തില്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷനു ഒരു ഉത്തരവിന്‍റെ പിന്‍ബലം മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഒരു സര്‍വീസ് സംഘടനയും ഇതിനെ ചോദ്യംചെയ്യാന്‍ തയാറായില്ല. പങ്കാളിത്ത പെന്‍ഷന്‍കാര്‍ കേസിനു പോകുന്നതു മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ ലാഭകരമാകുമെന്ന് പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കെ.എസ്.ആര്‍ പാര്‍ട്ട്  മൂന്നു പ്രകാരമുള്ള  മുഴുവന്‍ ആനുകൂല്യങ്ങളും പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കു നഷ്ടപ്പെട്ടിരിക്കുകയാണ്.വിജ്ഞാപനം നിയമപരമായ ബാധ്യത നിറവേറ്റാനാണെന്ന സര്‍ക്കാര്‍ നിലപാട് ബാലിശമാണെന്നും എസ്.എന്‍.പി.എസ്.ഇ.സി.കെ നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.   പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുമായിരുന്ന പല ആനുകൂല്യങ്ങളും നല്‍കാതെ പുനഃപരിശോധനാസമിതിയുടെ തീരുമാനം വരട്ടെയെന്ന് പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ധൃതിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നു വ്യക്തമാക്കണമെന്നും സംഘടനാനേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *