റോഡ് പണി പാതി വഴിയില്‍ : ജനം ദുരിതത്തില്‍

കാവുംമന്ദം: നാല് കോടി രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം ആരംഭിച്ച തരിയോട് പഞ്ചായത്തിലെ കാവുംമന്ദം എച്ച് എസ് ജംഗ്ഷന്‍- പത്താംമൈല്‍ റോഡ് പണി പാതി വഴിയില്‍ നിര്‍ത്തി വെച്ചത് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. പണി എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് ജനകീയ കര്‍മ്മസമിതി ഭാരവാഹികളായ ഷമീം പാറക്കണ്ടി, സന്തോഷ് കോരംകുളം എന്നിവര്‍ ആവശ്യപ്പെട്ടു. കല്‍വെട്ടുകള്‍ നിര്‍മ്മിക്കുക മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. അതിന് വേണ്ടി റോഡ് വെട്ടിപ്പൊളിച്ചത് വാഹന യാത്രക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. റോഡില്‍ പലയിടത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കര്‍ലാട് തടാകം, ആയുര്‍വ്വേദ ഹോമിയോ ആശുപത്രികള്‍, ഗവ എല്‍ പി സ്കൂള്‍, ട്രൈബല്‍ ഹോസ്റ്റല്‍, മില്‍ക്ക് സൊസൈറ്റി അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് എത്താന്‍ ഈ റോഡ് അനിവാര്യമാണ്. മാത്രമല്ല ടൂറിസം റോഡായ വൈത്തിരി പടിഞ്ഞാറത്തറ റോഡില്‍ നിന്നുള്ള കല്‍പ്പറ്റ വാരാമ്പറ്റ റോഡിലേക്കുള്ള ലിങ്ക് റോഡ് കൂടിയാണ് ഇത്. കഴിഞ്ഞ പണിയുടെ ബില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും കരാറുകാരും തമ്മിലുള്ള തര്‍ക്കമാണ് പണി നിലച്ചതിന് പിന്നില്‍ എന്നാണ് അറിയുന്നത്. പണി എത്രയും പെട്ടെന്ന് പുനരാരംഭിച്ചില്ലെങ്കില്‍ ജനകീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ അറിയിച്ചു.



Leave a Reply