വികസന വഴിയില്‍ വേറിട്ട മാതൃകയായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്
വികസനത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും വേറിട്ട മാതൃകകളുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം എന്നീ മേഖലകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടപ്പാക്കിയത് മാതൃകാപരമായ പദ്ധതികള്‍. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
ശൈശവ ആരോഗ്യ പരിപാലനത്തിനായി പഞ്ചായത്ത് ആരംഭിച്ച ചൈല്‍ഡ് ഹെല്‍ത്ത് ഇംപ്രൂവ്‌മെന്റ് മിഷന്‍ (ചിം), ഗോത്രമേഖലയിലെ ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി ആരംഭിച്ച മദേഴ്‌സ് ഹല്‍ത്ത് ഇംപ്രൂവ്‌മെന്റ് മിഷന്‍ (മിം) എന്നീ പദ്ധതികള്‍ ആരോഗ്യ മേഖലയില്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ സുപ്രധാന പദ്ധതികളാണ്. 5,50,000 രൂപ വകയിരുത്തി ആരംഭിച്ച ചിം പദ്ധതിയിലൂടെ പോഷകാഹാരക്കുറവുള്ള കുട്ടികളെ സ്‌ക്രീനിംഗ് നടത്തി കണ്ടെത്തി വിളര്‍ച്ച രഹിത രോഗ രഹിത പുതുതലമുറ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.
ഗോത്രമേഖലയിലെ സ്ത്രീകളുടെ ഗര്‍ഭകാല പരിരക്ഷയും സുരക്ഷിത പ്രസവവും ഉറപ്പ് നല്‍കുന്ന മിം പദ്ധതിക്കായി 4,50,000 രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി ആദിവാസി കോളനികളില്‍ നിന്ന് ആശുപത്രികളില്‍ എത്തി പരിശോധന നടത്തുന്നതിനാവശ്യമായ യാത്രാ ചെലവ്, അന്നേ ദിവസത്തെ ഭക്ഷണ ചെലവ് എന്നിവയും പഞ്ചായത്ത് വഹിക്കുന്നുണ്ട്. പദ്ധതിയിലൂടെ കോളനികളില്‍ ജനിക്കുന്ന കുട്ടികളിലെ തൂക്കക്കുറവും പോഷകാഹാരക്കുറവും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ ഹൈടെക് വിദ്യാലയങ്ങളും സ്മാര്‍ട്ട് ക്ലാസ്സ് മുറികളും പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. സമഗ്ര സര്‍ഗശേഷി വികാസത്തിനായി അക്കാദമിക് ഇന്നവേഷന്‍ ഓഫ് മീനങ്ങാടി എന്ന പദ്ധതി പ്രകാരം പഠനം ക്ലാസ്സ് മുറികളില്‍ ഒതുക്കാതെ കുട്ടികളിലെ സര്‍ഗശേഷി വികാസത്തിന് കൂടി ശ്രദ്ധ ചെലുത്തുന്നതിന് പഞ്ചായത്ത് പ്രത്യേക ശ്രദ്ധ നല്‍കി. കായിക മികവിനായി ഫുട്‌ബോള്‍ അക്കാദമി, ഷട്ടില്‍ അക്കാദമി, വോളിബോള്‍ അക്കാദമി എന്നിവ ആരംഭിക്കുകയും വിസ്ഡം പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനവും കലാപീഠം നൃത്ത പരിശീലനവും നല്‍കി വരുന്നു.
കോവിഡ് പ്രതിസന്ധിയില്‍ ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന് വിവിധ സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ എല്ലാ വാര്‍ഡുകളിലും ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ എന്നിവ ലഭ്യമാക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം മുതിര്‍ന്നവര്‍ക്ക് തുടര്‍ സാക്ഷരതാ പഠനം ഉറപ്പാക്കുന്നതിന് 18 ലക്ഷം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് നടപ്പാക്കിയത്.
വയോജന പരിപാലനത്തിനായി തയ്യാറാക്കിയ സമഗ്ര വയോജന പദ്ധതിയിലൂടെ വയോജനങ്ങളുടെ സുരക്ഷിതത്വവും സന്തോഷവും പഞ്ചായത്ത് ഉറപ്പാക്കി. വയോജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി വയോജന നയം നടപ്പിലാക്കിയത് മാതൃകാപരമായി. അവര്‍ക്ക് ഒത്തുചേരാന്‍ വയോജന ക്ലബ്ബുകളും, വരുമാന മാര്‍ഗത്തിനായി തൊഴില്‍ അനുഭവങ്ങള്‍ പുനരുജ്ജീവിപ്പിച്ച് പകല്‍വീടുകളും ഒരുങ്ങി. കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിനായി 10.76 കോടി രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. മത്സ്യ സമൃദ്ധി, കുരുമുളക് വികസന പദ്ധതി, കദളീവനം പദ്ധതി, ശാസിത്രീയ നാളികേര വികസന പദ്ധതി തുടങ്ങിയവയിലൂടെ കര്‍ഷകരുടെ സാമ്പത്തിക ഭദ്രതയും ഉറപ്പ് വരുത്തി. തരിശുരഹിതത്തിനായി 1766 ഹെക്ടര്‍ കൃഷിഭൂമിയില്‍ ഉത്പാദന വര്‍ധവും ഉണ്ടായി.
സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ ഭദ്രത ഉറപ്പാക്കുകയാണ് മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കി സാര്‍വ്വ ദേശീയ തലത്തില്‍ വരെ പ്രശസ്തി നേടാന്‍ പഞ്ചായത്തിന് സാധിച്ചു. അടിസ്ഥാന വികസനത്തിലും, സാമൂഹിക വികസനത്തിലും, ആദിവാസി മേഖലയിലെ വികസനത്തിലും അത്ഭുതകരമായ മാറ്റമാണ് ഗ്രാമപഞ്ചായത്ത് നേടിയെടുത്തത്. നിരവധി വികസന പദ്ധതികളും അംഗീകാരങ്ങളുമാണ് ഈ കാല.ളവില്‍ പഞ്ചായത്ത് നേടിയത്.



Leave a Reply