April 29, 2024

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങളില്‍ ക്ലിനിക് ആരംഭിച്ചു

0

 
കോവിഡ് പോസിറ്റീവായി ചികിത്സ പൂര്‍ത്തിയാക്കിയ ആളുകളില്‍  നെഗറ്റീവായ ശേഷവും ചില ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്ന സാഹചര്യത്തില്‍  അവരെ ചികിത്സിക്കുന്നതിന് വേണ്ടി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം, ജില്ലാ/ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ പ്രത്യേക ക്ലിനിക് ഒരുക്കിയിട്ടുണ്ട്. കോവിഡാനന്തര ചികിത്സയില്‍ പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഇവിടങ്ങളില്‍ ലഭ്യമാണ്. കോവിഡ് പോസിറ്റീവായ ഭൂരിഭാഗം ആളുകളിലും രണ്ടാഴ്ചക്കുള്ളില്‍ തന്നെ രോഗം ഭേദമാകുന്നതായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ചില ആളുകളില്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്നതായി കാണുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ക്ക് ആരോഗ്യ  പ്രവര്‍ത്തകരുടെയോ ആശ പ്രവര്‍ത്തകരുടെയോ നിര്‍ദേശപ്രകാരം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തി ചികിത്സ തേടാവുന്നതാണ്. ഇവിടങ്ങളില്‍ പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കുന്നതാണ്.

ശ്വാസതടസ്സം, ക്ഷീണം, ഓര്‍മ്മക്കുറവ്, വാസന അറിയാതിരിക്കല്‍, പ്രമേഹം നിയന്ത്രിക്കാന്‍ കഴിയാതിരിക്കല്‍ തുടങ്ങിയ  ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളവരും വീടുകളില്‍ ചികിത്സയില്‍ കഴിഞ്ഞ് നെഗറ്റീവായ ആളുകളും മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും  അവരുടെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലാണ് ആദ്യം ചികിത്സ തേടേണ്ടത്.

 വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തി റഫര്‍ ചെയ്യുകയാണെങ്കില്‍  മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ മാനസികാരോഗ്യ ക്ലിനിക്കുകളിലേക്കോ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സൈക്യാട്രി  ഒ.പിയിലേക്കോ റഫര്‍ ചെയ്യുന്നതാണ്. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ അവരുടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന് ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *