മാതൃകാ പെരുമാറ്റച്ചട്ടം: ജില്ലാതല മോണിറ്ററിങ് സെല്‍ രൂപീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്തുന്നതിനും പരാതികളില്‍ അടിയന്തര പരിഹാര നടപടി സ്വീകരിക്കുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാതലത്തില്‍ മോണിറ്ററിങ് സെല്‍ രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ചെയര്‍പെഴ്സണായ സെല്ലിന്റെ കണ്‍വീനര്‍ പഞ്ചായത്ത് ഉപഡയറക്ടര്‍ പി. ജയരാജാണ്. ജില്ലാ പൊലീസ് മേധാവി ജി.പൂങ്കുഴലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ജയപ്രകാശ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
സമിതിയുടെ ആദ്യയോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ അംഗങ്ങള്‍ക്കു പുറമെ എ.ഡി.എം. കെ. അജീഷ്, എം.സി.സി നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ ഇ. മുഹമ്മദ് യൂസുഫ് എന്നിവര്‍ പങ്കെടുത്തു.
*തെരഞ്ഞെടുപ്പ് പ്രചാരണം: പെരുമാറ്റ ചട്ടം പാലിക്കണം*
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും മാതൃകാ പെരുമാറ്റചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
· ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ല. പള്ളികള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാ സ്ഥലങ്ങള്‍, മത സ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ജാതി മത വികാരങ്ങള്‍ മുതലെടുത്ത് വോട്ട് പിടിക്കുന്നത് കുറ്റകരമാണ്.
· സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി പത്രം വാങ്ങണം.
· വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.
· പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്രചാരണത്തില്‍ പ്ലാസ്റ്റിക്, ഫ്‌ളക്‌സ് എന്നിവ ഒഴിവാക്കിയുള്ള പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കാന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കണം. പ്രചാരണത്തിനായി സിനിമ, ടെലിവിഷന്‍, സമൂഹ മാധ്യമങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാം. എന്നാല്‍ പൊതു പ്രചാരണം അവസാനിച്ചശേഷം ഇത്തരം മാധ്യമങ്ങളിലൂടെയും പ്രചാരണം പാടില്ല.
· രണ്ട് സമുദായങ്ങള്‍ തമ്മിലോ, ജാതികള്‍ തമ്മിലോ ഭാഷാ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ചിക്കുന്നതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റു പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെക്കുറിച്ചു മാത്രമാകണം.
· എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍ കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപ്പറ്റിയോ ഉന്നയിക്കരുത്.
· വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന് ഡമ്മി ബാലറ്റു യുണിറ്റുകള്‍ ഉപയോഗിക്കാം. യാഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റു യുണിറ്റുകള്‍ ഉപയോഗിക്കാം എന്നാല്‍ ഇത് യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ നിറത്തിലാകുവാന്‍ പാടില്ല.
· പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ അച്ചടിക്കുന്നതിന് നിയന്ത്രണമുണ്ട്. പ്രസാധകന്റെയും അച്ചടി സ്ഥാപനത്തിന്റെയും പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം എന്നിവ ഉള്‍ക്കൊള്ളിച്ച പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാവൂ. ഇതിന്റെ പകര്‍പ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കേണ്ടതാണ്.
· പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയോ ചിഹ്നമേ ആലേഖം ചെയ്ത തൊപ്പി മുഖംമൂടി , മാസ്‌ക് പോലുള്ളവ ഉപയോഗിക്കാം. പക്ഷെ ഇവയുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി സാരി, ഷര്‍ട്ട്, മുണ്ട്, തുണി മുതലായുള്ള വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണ്.
· പൊതുയോഗം ജാഥ എന്നിവ നടത്തുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. രാത്രി പത്ത് മണിയ്ക്കും രാവിലെ ആറു മണിയ്ക്കും ഇടയില്‍ പൊതുയോഗം നടത്തരുത്. ജാഥയോ യോഗമോ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് പൊതുയോഗം ജാഥ എന്നിവ പാടില്ല.
· എസ്.എം.എസ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയുള്ള തിരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായും ആര്‍ക്കെങ്കിലും അപകീര്‍ത്തികരമായ വിധവും എസ്. എം.എസിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സന്ദേശങ്ങള്‍ അയയ്ക്കുന്നത് കുറ്റകരമാണ്.
Leave a Reply