ചെന്നലോട് വാര്‍ഡില്‍ വ്യാപാരി സമൂഹം ഉറ്റുനോക്കുന്ന മത്സരം

കല്‍പറ്റ-തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ തരിയോട് പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍(ചെന്നലോട്)നടക്കുന്നതു വ്യാപാരി സമൂഹം ഉറ്റുനോക്കുന്ന മത്സരം.വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി.ജോയിയും കാവുമന്ദം യൂനിറ്റ് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടിയുമാണ് വാര്‍ഡില്‍ അങ്കത്തട്ടില്‍.യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ഷമീം.എല്‍.ഡി.എഫ് ടിക്കറ്റില്‍ ജനവിധി തേടുന്ന ജോജിന്‍ സി.പി.ഐ കാവുമന്ദം ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.ബി.ജെ.പി സ്ഥാനാര്‍ഥി എം.രാജനും വാര്‍ഡില്‍ മത്സരരംഗത്തുണ്ട്.
സുഹൃത്തുക്കളാണ് യുവ വ്യാപാരികളായ ജോജിനും ഷമീമും.രാഷ്ട്രീയത്തില്‍ രണ്ടു തട്ടിലാണെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചായിരിരിക്കും മത്സരമെന്നു ഇരുവരും പറയുന്നു.
പഞ്ചായത്തില്‍ ശാന്തിനഗര്‍ ആദിവാസി കോളനിക്കും ചെന്നലോട് യു.പി സ്‌കൂളിനും ഇടയിലുള്ള പ്രദേശമാണ് ചെന്നലോട് വാര്‍ഡ്.714 സമ്മതിദായകരാണ് വാര്‍ഡിലാകെ.ഇതില്‍ 150 ഓളം പേര്‍ പട്ടികവര്‍ഗക്കാരാണ്. വ്യാപാരികളും പൊതുപ്രവര്‍ത്തകരും എന്ന നിലയില്‍ രണ്ടു സ്ഥാനാര്‍ഥികളും വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതരാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വനിതാസംവരണ വാര്‍ഡായിരുന്ന ചെന്നലോട് യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.ഇക്കുറിയും വിജയം യു.ഡി.എഫിനായിരിക്കുമെന്നതില്‍ പ്രദേശത്തെ കോണ്‍ഗ്രസ്,ലീഗ് നേതാക്കള്‍ക്കു സന്ദേഹമില്ല.എന്നാല്‍ തെരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ വിജയക്കൊടി ഉയരുമെന്നു സി.പി.എം,സി.പി.ഐ നേതാക്കള്‍ പറയുന്നു.
വാര്‍ഡിലെ ഓരോ വോട്ടറെയും നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനാണ് ഇരു മുന്നണികളുടെയും പദ്ധതി.രണ്ടു സ്ഥാനാര്‍ഥികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വാര്‍ഡില്‍ രണ്ടാംവട്ട പ്രചാരണമാണ് നടത്തുന്നത്.ഫേസ്ബുക്ക്,വാട്‌സാപ്പ്,ഇന്‍സ്റ്റാഗ്രാം തുടങ്ങിയ നവമാധ്യമങ്ങളും പ്രചാരണത്തിനു ഉപയോഗപ്പെടുത്തുന്നുണ്ട്.



Leave a Reply