May 1, 2024

ശബരിമല തീർത്ഥാടനം: ആരോഗ്യ വകുപ്പ് സജ്ജം – വീണ ജോർജ്

0
Img 20211115 070957.jpg
ശബരിമല:എരുമേലി മുതൽ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾ
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാജോർജ്. ഒക്ടോബർ മാസത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയത്. സംസ്ഥാന തലത്തിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും പ്രത്യേകം യോഗം വിളിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള ചികിത്സാ കേന്ദ്രങ്ങളിൽ ജീവനക്കാരെ വിന്യസിച്ച് വരുന്നു.
പമ്പയിലും സന്നിധാനത്തും മെഡിക്കൽകോളേജുകളിലെ വിദഗ്ധഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഈ കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങും. കോവിഡിനോടൊപ്പം മഴക്കാലം കൂടിയായതിനാൽ തീർത്ഥാടകരും ജീവനക്കാരും ഒരുപോലെ ശ്രദ്ധിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.
പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ അഞ്ച് സ്ഥലങ്ങളിലായി എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ സജ്ജമാക്കിവരുന്നു.
മലകയറ്റത്തിനിടയിൽ അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഉടൻ തൊട്ടടുത്ത കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതാണ്. തളർച്ച അനുഭവപ്പെടുന്ന തീർത്ഥാടർക്ക് വിശ്രമിക്കുവാനും, ഓക്സിജൻ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷർ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീർത്ഥാടകർക്കായി ആട്ടോമേറ്റഡ് എക്സറ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നതാണ്.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കി. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷൻ തീയറ്ററും പ്രവർത്തിക്കും. പമ്പയിലും സന്നിധാനത്തും വെന്റിലേറ്ററുകൾ സജ്ജമാക്കി. ഇതുകൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മൊബൈൽ മെഡിക്കൽ ടീമിനേയും സജ്ജമാക്കി. വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുളള രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനവും ലഭ്യമാണ്.
ഇന്ത്യയിൽ എവിടെ നിന്നും വരുന്ന കാസ്പ് കാർഡുള്ള തീർത്ഥാടകർക്ക് സംസ്ഥാനത്തെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന എംപാനൽ ചെയ്ത എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. സംസ്ഥാനത്തെ 555 സ്വകാര്യ ആശുപത്രികളിലും 194 സർക്കാർ ആശുപത്രികളിലും ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാണ്. കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണ്. തൊട്ടടുത്തുള്ള എംപാനൽ ചെയ്ത ആശുപത്രികൾക്കായി ദിശ 1056 ൽ ബന്ധപ്പെടാവുന്നതാണ്.
എല്ലാ ഭാഷകളിലും ആരോഗ്യ വകുപ്പ് അവബോധം പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴസമയത്തെ മലകയറ്റം പ്രത്യേകം ശ്രദ്ധിക്കണം.
മല കയറുമ്പോൾ 2 മീറ്റർ ശാരീരിക അകലം സ്വയം പാലിക്കണം.
വായും മൂക്കും മൂടുന്ന വിധം മാസ്‌ക് ധരിക്കുക. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തരുത്.
ഉപയോഗിച്ച മാസ്‌ക്, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയരുത്.
ഇടയ്ക്കിടെ കൈ വൃത്തിയാക്കണം. യാത്രയിൽ സാനിറ്റൈസർ കരുതേണ്ടതാണ്.
വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പർശിക്കരുത്.
പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ തീർത്ഥാടനം ഒഴിവാക്കുക.
* 3 മാസത്തിനകം കോവിഡ് വന്നവർക്ക് മല കയറുമ്പോൾ ഗുരുതരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ തീർത്ഥാടനത്തിന് മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരക്കാർ പൾമണോളജി, കാർഡിയോളജി പരിശോധന നടത്തുന്നത് അഭികാമ്യമാണ്.
കടകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക.
ശുദ്ധജലം മാത്രമേ കുടിക്കാൻ പാടുള്ളൂ.
 തീർത്ഥാടകർക്കൊപ്പമുള്ള ഡ്രൈവർമാർ, ക്ലീനർമാർ, പാചകക്കാർ തുടങ്ങിയ എല്ലാവരും ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *