കാർഷിക നിയമങ്ങൾ പിൻവലിച്ചു;കർഷകരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും, എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും മോദി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് പ്രഖ്യാപനം.
കാർഷിക നിയമങ്ങളിൽ പാർലമെന്റിൽ ചർച്ച നടന്നു. എന്നാൽ ചിലർക്ക് നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ തീവ്രശ്രമം നടത്തി. ഈ നിയമങ്ങൾ ആത്മാർത്ഥമായാണ് സർക്കാർ കൊണ്ടുവന്നതെന്നും മോദി വ്യക്തമാക്കി.
കർഷകരുടെ പ്രയത്‌നം നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്നും, കർഷകരുടെ ക്ഷേമത്തിന് എന്നും മുൻഗണന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരോട് ക്ഷമ ചോദിക്കുന്നുവെന്നും, കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി കർഷകരോട് അഭ്യർത്ഥിച്ചു. താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി വരുമെന്നും അദ്ദേഹം അറിയിച്ചു.
കർഷകരുടെ വിജയമാണെന്ന് അഖിലേന്ത്യ കിസാൻ സഭ പ്രതികരിച്ചു. നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയവും മാറണം. പ്രശ്‌നങ്ങൾക്ക് പൂർണമായ പരിഹാരം വേണം. സമരത്തിൽ മാറ്റം വരുത്തുന്നതിൽ കൂടിയാലോചന നടത്തുമെന്നും കിസാൻ സഭ അറിയിച്ചു.
ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. വൈകിവന്ന വിവേകമാണെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പിന്മാറ്റം തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടാണെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.



Leave a Reply