May 7, 2024

കെ.എസ്.ആര്‍.ടി.സിയുടെ വയനാട് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം: അഡ്വ.ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20220601 Wa00352.jpg

 കല്‍പ്പറ്റ:  കെ.എസ്.ആര്‍.ടി.സി വയനാട് ജില്ലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയോട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. വയനാട് പോലുള്ള ഒരു പിന്നോക്ക ജില്ലയില്‍ യാത്രയ്ക്ക് സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ മാത്രമാണ്. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും, സാധാരണ ജനങ്ങളും താമസിക്കുന്ന ഉള്‍പ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് മാത്രമാണ് ഉള്ളത്. റെയില്‍വെയും, മറ്റ് ഗതാഗത മാര്‍ഗവുമില്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി മാത്രമാണ്. മറ്റ് യാത്രാമാര്‍ഗങ്ങളില്ലാത്തതും, ഉയര്‍ന്ന പ്രദേശവുമായ വയനാട്ടിലേക്ക് മറ്റ്  ജില്ലകളില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത് പത്ത് വര്‍ഷത്തോളം പഴക്കമുള്ള ടി.ടി ബസുകളാണ്. പ്രത്യേകിച്ച് അയല്‍ ജില്ലയായ കോഴിക്കോട് നിന്നും കാലപ്പഴക്കം ചെന്ന ബസുകള്‍ കൊണ്ട് കുറഞ്ഞ സര്‍വ്വീസ് മാത്രമാണ് നടത്തുന്നത്. രാത്രി കാലങ്ങളില്‍ ആവശ്യത്തിന് സര്‍വ്വീസ് ഇല്ലാത്തത് കാരണം ജില്ലയിലേക്ക് എത്തിച്ചേരാന്‍ കഴിയാതെ യാത്രക്കാര്‍ ദുരിതത്തിലാവുകയാണ്. വയനാട് ജില്ലയുടെ ആസ്ഥാനമായ കല്‍പ്പറ്റയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മെയ് 26-ാം തിയ്യതി മുതല്‍ ഡീസല്‍ ലഭ്യമല്ലെന്ന കാരണത്താല്‍ നിരവധി ഷെഡ്യൂളുകള്‍ വെട്ടികുറച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള സര്‍വ്വീസുകളും, ദീര്‍ഘദൂര സര്‍വ്വീസുകളും ഉള്‍പ്പെടും. ഇതും യാത്രക്കാരെ വളരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് കല്‍പ്പറ്റ ഡിപ്പോ നിര്‍ത്തലാക്കാനുള്ള പ്രവൃത്തികള്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പ് കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും ജീവനക്കാരെ മാനന്തവാടി ഡിപ്പോയിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ഡീസല്‍ ലഭ്യത ഇല്ലാതാക്കി ഷെഡ്യൂളുകള്‍ വെട്ടി കുറക്കുന്നു. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഉപകരിക്കാത്ത സാഹചര്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. മറ്റ് യാത്രാ മാര്‍ഗങ്ങളില്ലാത്ത ഉള്‍പ്രദേശങ്ങളിലടക്കമുള്ള മേഖലയില്‍ കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന ജനങ്ങള്‍ ഡിപ്പോയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയാല്‍ വളരെ ബുദ്ധിമുട്ടിലാകും. പ്രസ്തുത വിഷയം മുമ്പും നേരില്‍ കണ്ടും കത്ത് മുഖേനെയും എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.മറ്റ് ജില്ലകളില്‍ നടത്തിയത് പോലെ ഡിപ്പോകള്‍ റദ്ദ് ചെയ്യലും, ഏകീകരിക്കലും വയനാട് ജില്ലയില്‍ നടത്തുന്നത് ഒരിക്കലും ഉചിതമല്ല. മറ്റ് ജില്ലകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് വയനാട് ജില്ലയിലെ സാഹചര്യം. ദിവസങ്ങള്‍ക്ക് മുമ്പാണ് കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളിലെ ജീവനക്കാരെ ബത്തേരി ഡിപ്പോയിലേക്ക് മാറ്റാന്‍ ഉത്തരവ് വന്നിരിക്കുന്നത്. മാനന്തവാടി, കല്‍പ്പറ്റ ഡിപ്പോകളുടെ പ്രവര്‍ത്തനം നിര്‍ത്തിപ്പിച്ച് ബത്തേരി ഡിപ്പോ മാത്രമാക്കുന്നത് വയനാട് പോലെ തോട്ടം തൊഴിലാളികളും, സാധാരണക്കാരായ ജനങ്ങളും വളരെ പ്രതിസന്ധിയിലാകും. ആയതിനാല്‍ പാവപ്പെട്ട ഗോത്രവര്‍ഗ വിഭാഗത്തിലെയും, അല്ലാത്തതുമായ ജനങ്ങളുടെ ആശ്രയമായ കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ നിലനിര്‍ത്തി പൂര്‍ണ്ണ സജ്ജമാക്കി പ്രവര്‍ത്തിക്കുവാനും, നിലവിലുള്ള സര്‍വ്വീസുകള്‍ നിലനിര്‍ത്താനും വെട്ടിക്കുറച്ച മുഴുവന്‍ ഷെഡ്യൂളുകള്‍ പുനസ്ഥാപിക്കാനും ആവശ്യത്തിന് ഡീസല്‍ എത്തിക്കാനുമുള്ള നടപടികള്‍ ഗൗരവമായി ഇടപെട്ട് നിര്‍വ്വഹിക്കണമെന്നും ഗതാഗതവകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *