വയനാട് ജില്ലാ സ്റ്റേഡിയം ഉദ്ഘാടനത്തിലേക്ക്

കൽപ്പറ്റ :സെപ്തംബർ 26 ന് കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ കായികതാരങ്ങളുടെയും കായികപ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാകുന്നു. കൽപ്പറ്റ നഗരത്തിൽനിന്നും മൂന്ന് കിലോമീറ്റർ അകലെ മുണ്ടേരി മരവയലിൽ 7.88 ഏക്കർ ഭൂമിയിലാണ് എൽഡിഎഫ് സർക്കാർ സ്‌റ്റേഡിയം നിർമിച്ചത്. 18.60 കോടി രൂപയാണ് നിർമാണത്തിന് കിഫ്‌ബി വഴി അനുവദിച്ചത്. 30 വർഷം മുമ്പ് സ്ഥലം ലഭിച്ചിരുന്നെങ്കിലും സ്‌റ്റേഡിയത്തിന് നടപടികളുണ്ടായില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എംഎൽഎയുടേയും സ്‌പോർട്‌സ് കൗൺസിലിന്റെയും ശ്രമഫലമായാണ് സ്‌റ്റേഡിയം നിർമിച്ചത്. ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ ഗ്രൗണ്ട്, പവലിയൻ ബ്ലോക്ക്, ഹോസ്റ്റൽ കെട്ടിടം എന്നിവയെല്ലാം ഉൾപ്പെടുന്ന ജില്ലാ സ്‌റ്റേഡിയമാണ് നാടിന് സമർപ്പിക്കുന്നത്. എല്ലാ പണികളും പൂർത്തിയാക്കിയാണ് ഉദ്‌ഘാടനത്തിലേക്ക് കടക്കുന്നത്.
ഉദ്ഘാടനം സെപ്റ്റംബർ 26 നാലുമണിക്ക് കായിക മന്ത്രി നിർവഹിക്കുന്നു. മൂന്നുമണി മുതൽ സ്റ്റേഡിയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ആരംഭിക്കും. നാലുമണിക്ക് ഉദ്ഘാടന ചടങ്ങിനു ശേഷം ഗാനമേളയും, തുടർന്ന് കേരളത്തിലെ രണ്ട് പ്രഗൽഭ ടീമുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരവും നടക്കുന്നതാണ്. ഉദ്ഘാടന പരിപാടി വൻ വിജയമാക്കുന്നത്തിനു വേണ്ടി എല്ലാവരുടെയും പിന്തുണയും സഹായവും അഭ്യർത്ഥിക്കുന്നു. ക്ലബ്ബുകൾ, കായിക മേഖലയിലെ അസോസിയേഷനുകൾ, യുവജന സംഘടനകൾ, മുഴുവൻ ജനവിഭാഗങ്ങളെയും വളരെ സ്നേഹത്തോടുകൂടി ഉദ്ഘാടന ചടങ്ങിലേക്ക് വരണമെന്ന് സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻറ് എം.മധു ആവശ്യപ്പെട്ടു.



Leave a Reply