May 5, 2024

ജലസേചനം: പാടത്തും പറമ്പിലുമായി 800 ഹെക്ടറില്‍ കാരാപ്പുഴയിലെ വെള്ളമെത്തുന്നു

0
Karapuzha Resevoir 1.jpg

കല്‍പറ്റ-കാരാപ്പുഴ അണയിലെ വെള്ളം കൂടുതല്‍ സ്ഥലത്തു  ജലസേചനത്തിനു ലഭ്യമാക്കുന്നതിനു ജല വിഭവ വകുപ്പ് നീക്കം ഊര്‍ജിതമാക്കി. മെയ് അവസാനത്തോടെ 600 ഹെക്ടര്‍ വയലിലും 200 ഹെക്ടര്‍ കരയിലും വെള്ളം എത്തിക്കാനാണ് വകുപ്പിന്റെ തീരുമാനം. അണയുടെ സംഭരണശേഷി 76.5 മില്യണ്‍ ക്യുബിക് മീറ്ററായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തിയതായി കാരാപ്പുഴ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ വി.സന്ദീപ് പറഞ്ഞു.
മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ 5,221 ഹെക്ടറില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനു വിഭാവനം ചെയ്തതാണ് കാരാപ്പുഴ പദ്ധതി. കബനി നദിയുടെ കൈവഴിയാണ്  കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണ. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. 7.6 കോടി രൂപ മതിപ്പുചെലവില്‍ 1978ല്‍ പ്രവൃത്തി തുടങ്ങിയ പദ്ധതി ഇന്നോളം പൂര്‍ണമായും കമ്മീഷന്‍ ചെയ്തിട്ടില്ല. നിലവില്‍ ഏതാനും  ഹെക്ടര്‍ വയലിലാണ് അണയിലെ വെള്ളം കൃഷിക്കു ഉപയോഗപ്പെടുത്തുന്നത്. ഈ അവസ്ഥയ്ക്കാണ് ഏറെ വൈകാതെ മാറ്റമാകുന്നത്. കരഭൂമിയില്‍ നാണ്യവിളകള്‍ക്കാണ് ജലസേചന സൗകര്യം ഒരുക്കുന്നത്. അണയുടെ ഇടതുകര, വലതുകര കനാലുകളോടു ചേര്‍ന്നുള്ള കരഭൂമിയില്‍ മൈക്രോ ഇറിഗേഷന്‍ സങ്കേതത്തിലൂടെയാണ് വെള്ളം എത്തിക്കുക. 600 ഹെക്ടര്‍ വയലിലും 200 ഹെക്ടര്‍ കരയിലും ജലസേചനം സാധ്യമാകുന്നതോടെ അണയിലെ വെള്ളം കൃഷിക്കു ലഭിക്കുന്നില്ലെന്ന കര്‍ഷകരുടെ ആവലാതിക്കു ഭാഗിക പരിഹാരമാകും. നെല്ലിന്റെയും നാണ്യവിളകളുടെയും ഉത്പാദനം വര്‍ധിക്കുന്നതിനും ഇതു സഹായകമാകും.
16.74 കിലോമീറ്ററാണ് കാരാപ്പുഴ അണയുടെ ഇടതുകര കനാലിന്റെ നീളം. 2019ലെ പ്രകൃതി ക്ഷോഭത്തില്‍  കനാലില്‍ തൃക്കൈപ്പറ്റ കെ.കെ ജംഗ്ഷനു സമീപം  96 മീറ്റര്‍ തകര്‍ന്നിരുന്നു. ഈ ഭാഗത്തു കനാല്‍  പുനര്‍നിര്‍മിക്കുന്നതിനു പ്രവൃത്തി നാളെ തുടങ്ങും. 8.805 കിലോമീറ്റര്‍ നീളമുള്ള വലതുകര കനാലിന്റെ നിര്‍മാണം പൂര്‍ത്തിയായതാണ്. ഈ കനാലിലൂടെ  എപ്പോള്‍ വേണമെങ്കിലും വെള്ളം ഒഴുക്കാം. വലതുകര മെയിന്‍ കനാലുമായി ബന്ധപ്പെടുത്തുന്ന 16.3 കിലോമീറ്റര്‍ വിതരണ കനാലുകളുടെ  നിര്‍മാണവും വൈകാതെ ആരംഭിക്കും.
ഏകദേശം 40 മില്യണ്‍ ക്യുബിക് മീറ്ററാണ് നിലവില്‍ കാരാപ്പുഴ അണയുടെ ജല സംഭരണശേഷി. ഇതു  76.5  മില്യണ്‍ ക്യുബിക് മീറ്ററായി വര്‍ധിപ്പിക്കുന്നതിനു 8.12 ഹെക്ടര്‍ സ്ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതില്‍ 6.12 ഏക്കര്‍ ഏറ്റെടുക്കുന്നതിനു നടപടികള്‍ പുരോഗതിയിലാണ്. സ്ഥലമെടുപ്പിനുള്ള  ഫണ്ട് സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. കാരാപ്പുഴ പദ്ധതി 2023ല്‍ പൂര്‍ണമായും കമ്മീഷന്‍ ചെയ്യുമെന്നാണ്  കേരള പര്യടനത്തിന്റെ ഭാഗമായി  അടുത്തിടെ ജില്ലയിലെത്തിയ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഗുണം കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതിനു കല്‍പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
അടിത്തട്ടില്‍ മണ്ണടിഞ്ഞ് അണയുടെ ജലസംഭരണശേഷി രണ്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ കുറഞ്ഞതായി പീച്ചിയിലെ കേരള എന്‍ജിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള (കെ.ഇ.ആര്‍.ഐ)വിദഗ്ധസംഘം നേരത്തേ കണ്ടെത്തിയിരുന്നു. അണയില്‍ അടിഞ്ഞ  മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നു  കെ.ഇ.ആര്‍.ഐ ശിപാര്‍ശ ചെയ്യുകയുമുണ്ടായി. എങ്കിലും മണ്ണുനീക്കുന്നതില്‍ ഇനിയും തീരുമാനമായില്ല.
കാരാപ്പുഴ അണയിലെ ജലം  നിലവില്‍ കല്‍പറ്റ നഗരത്തിലടക്കം കുടിവെള്ള വിതരണത്തിനു ഉപയോഗപ്പെടുത്തുന്നുണ്ട്. ജില്ലയിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായും കാരാപ്പുഴ വികസിച്ചുവരികയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളോളം അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രത്തില്‍ ഇക്കഴിഞ്ഞ 28 മുതല്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *