ശിശുദിനം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പം കളിയും ചിരിയുമായി കളക്ടറും

കൽപ്പറ്റ . ശിശുദിനാഘോഷ പരിപാടികൾ നടന്നു കൊണ്ടിരിക്കെ കണിയാമ്പറ്റ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് കാഴ്ചക്കാരുടെ ഇടയിൽ ഒരു വിശിഷ്ടാഥിതിയെ കണ്ട സന്തോഷം അതിരറ്റതായിരുന്നു.
ജില്ലാ കലക്ടർ എ. ഗീത വരുന്ന കാര്യം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും കുട്ടികൾക്ക് അറിയില്ലായിരുന്നു. ശിശുദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം കലക്ടർ എ. ഗീത നിർവ്വഹിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ചിൽഡ്രൻസ് ഹോമിൽ കലക്ടർ സന്ദർശനം നടത്തി. ഉണർവ്വ് നാടൻ കലാ സംഘത്തിന്റെ നാടൻ പാട്ടുകളും കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു. കുട്ടിക്കാലമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയങ്ങളിലൊന്ന് എന്നും പഠനവും കളിയും ജീവിതത്തിൽ ഒരു പോലെ പ്രധാനമാണെന്നും കലക്ടർ പറഞ്ഞു.
കുട്ടികളോട് കഥ പറഞ്ഞും അവരുടെ കൂടെ സന്തോഷം പങ്കിട്ടും ഏറെ സമയം ചെലവഴിച്ചു. മറ്റെല്ലാ പരിപാടികളും വൈകുന്നേരത്തേക്ക് മാറ്റിവച്ച് ഉച്ചയ്ക്ക് ശേഷവും അവിടെ തുടർന്നത് ശിശുഭവൻ അധികൃതർക്കും ഏറെ സന്തോഷമായി. ശിശുദിന സമ്മാനമായി കലക്ടറുടെ വകയായിരുന്നു എല്ലാവർക്കും ഉച്ചഭക്ഷണം.



Leave a Reply