രാജ്യം അസ്വസ്ഥമാകുമ്പോൾ പ്രതീക്ഷ കോൺഗ്രസിൽ മാത്രം: എൻ.ഡി.അപ്പച്ചൻ

പനമരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണത്തിൽ രാജ്യം അസ്വസ്ഥമാകുമ്പോൾ പ്രതീക്ഷ കോൺഗ്രസിൽ മാത്രമെന്ന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ്.എം.എൽ.എ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം വയനാട് ഡി.സി.സി. നടത്തുന്ന സന്ദേശ യാത്രയുടെ ആദ്യ ദിന സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ പൊതു സ്വത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തും സാധാരണക്കാരൻ്റെ അവകാശങ്ങൾ കവർന്നെടുത്തും വർഗ്ഗീയത അടിച്ചേൽപ്പിച്ചും ജനാധിപത്യത്തെ വെല്ലുവിളിച്ചുമാണ് കേന്ദ്ര ഭരണം. ഈ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് മാത്രമെ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ജോഡോ യാത്ര കാശ്മീരിൽ എത്തുമ്പോഴേക്കും
ജനമനസ്സ് പൂർണ്ണമായും രാഹുലിനൊപ്പമായിരിക്കുമെന്നും രാജ്യത്തിൻ്റെ രാഷ്ട്രീയം കോൺഗ്രസ് അനുകൂലമാകുമെന്നും എൻ.ഡി.അപ്പച്ചൻ പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പിൽ പണാധിപത്യം കൊണ്ട് അധികാരത്തിലെത്താനാണ് മോദിയുടെ ശ്രമം. കോൺഗ്രസ് നേതൃത്വം കൊടുത്ത ഭരണഘടനാ സമിതി തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനയനുസരിച്ചാണ് മോദിയും പിണറായി വിജയനുമെല്ലാം അധികാരത്തിലെത്തിയത്. കോൺഗ്രസിന് വേണമെങ്കിൽ നൂറ് കൊല്ലം ഭരിക്കാമെന്ന് ഭരണഘടനയിൽ എഴുതി വെക്കാമായിരുന്നു. ഫാസിസ്റ്റ് ഭരണം നടത്തുന്ന മോദിയും രാഷ്ട്രീയ ഫാസിസം നടപ്പാക്കുന്ന പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണന്നും അദ്ദേഹം ആരോപിച്ചു.
''രാജ്യത്തെ ഒന്നിപ്പിക്കാൻ ഒറ്റക്കെട്ടായി നീങ്ങാം'' എന്ന മുദ്രാവാക്യമുയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ''ഭാരത് ജോഡോ യാത്ര''യ്ക്ക് സംസ്ഥാനത്ത് സ്വീകരണം നൽകി വരുന്നു. മലമ്പുറം വണ്ടൂരിൽ വെച്ച് വയനാട് ജില്ലയിലെ പ്രവർത്തകർ പദയാത്രയ്ക്ക് ഈ മാസം (സെപ്റ്റംബർ 28) സ്വീകരണം നൽകും. ഇതിന്റെ പ്രചരണാർത്ഥം
കാട്ടിക്കുളത്ത് നിന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ധീഖ് എം.എൽ.എ.ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചന് പതാക കൈമാറി ഉദ്ഘാടനം ചെയ്ത വാഹന സന്ദേശ യാത്ര പയ്യംമ്പള്ളി, മാനന്തവാടി, തലപ്പുഴ, കോറോം, വെള്ളമുണ്ട 8/4, എടവക എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒന്നാം ദിന സമാപന യോഗം പനമരത്ത് മുൻ മന്ത്രിയും എ. ഐ.സി.സി.മെമ്പറുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
സന്ദേശ യാത്രയുടെ രണ്ടാം ദിനമായ 24. ന് ശനിയാഴ്ച പൊഴുതനയിൽ നിന്ന് ആരംഭിക്കുന്ന യാത്ര കെ.പി.സി.സി.മെമ്പർ കെ.എൽ.പൗലോസ് ഉദ്ഘാടനം ചെയ്യ്ത് വൈത്തിരി, മുപ്പെനാട്, കൽപ്പറ്റ, മുട്ടിൽ, കണിയാമ്പറ്റ
,വെണ്ണിയോട്, പിണങ്ങോട്, കാവും മന്ദം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊണ്ട് മൂന്ന് ദിനമായി ജില്ലയിൽ നടത്തിവന്ന മൂന്ന് ദിന വാഹന സന്ദേശ യാത്ര 6.00 മണിയ്ക്ക് പടിഞ്ഞാറത്തറയിൽ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ്. ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായിരുന്ന പി.പി.എ കരീമിൻ്റെ നിര്യാണവും
ഹർത്താലും കാരണം ബത്തേരി നിയോജക മണ്ഡലത്തിൽ മാറ്റി വെച്ച സന്ദേശ യാത്ര സെപ്റ്റംബർ 25 ന് നടത്തുമെന്ന് ഭാരത് ജോഡോ യാത്ര വയനാട് ജില്ലാ കോ-ഓഡിനേറ്റർ ഗോകുൽദാസ് കോട്ടയിൽ അറിയിച്ചു.



Leave a Reply