May 3, 2024

ശുചിത്വ പദവിയിൽ മുട്ടിൽ പഞ്ചായത്ത്

0
Img 20200903 Wa0167.jpg
ശുചിത്വത്തിൽ ഒരു പടി മുമ്പിലായി മുട്ടിൽ പഞ്ചായത്ത്.  ജലസമൃദ്ധിയും വൃത്തിയും വിഷ രഹിത ഭക്ഷ്യവസ്തുക്കളും ഒപ്പം തൊഴിലും എന്ന ആശയം മുൻനിർത്തി ഒത്തൊരുമിച്ച് നേട്ടങ്ങളിലേക്ക് എന്ന മുദ്രാവാക്യത്തോടെയാണ് പഞ്ചായത്തിൽ ശുചിത്വ  പരിപാടികൾ  നടത്തുന്നത്.  32.5 ടൺ മാലിന്യമാണ് ഇത് വരെ പഞ്ചായത്തിൽ നിന്നൊഴിവാക്കിയത്. 2017ലാണ് മാലിന്യ നിർമ്മാർജനത്തിന് തുടക്കം കുറിച്ചത്. 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 3000 വീടുകളിൽ രണ്ട് വീതം വേസ്റ്റ് ബിൻ വിതരണം നടത്തി. 2019 മാർച്ചിലാണ് ഹരിത കർമ്മ സേനയുടെ പ്രവർത്തനമാരംഭിച്ചത്. ആവശ്യമായ പരിശീലനം നൽകി പഞ്ചായത്തിലെ 19 വാർഡുകളിലായി  38 പേരെയാണ് തിരഞ്ഞെടുത്തത്. വീടുകൾ, വ്യവസായസ്ഥാപനങ്ങൾ, ഹോട്ടലുകൾ , കടകൾ എന്നിവിടങ്ങളിലെല്ലാമുള്ള മാലിന്യങ്ങൾ ശേഖരിക്കും.  പ്ലാസ്റ്റിക് സാധനങ്ങൾ എല്ലാമാസവും, ചെരിപ്പ്, കുട, ബാഗ്, റെക്സിൻ തുടങ്ങിയ സാധനങ്ങൾ 6 മാസത്തിലും, കുപ്പികൾ, കുപ്പിച്ചില്ലുകൾ വർഷത്തിലുമാണ് ശേഖരിക്കുന്നത്. വീടുകളിൽ  ഇതൊക്കെ  തരംതിരിച്ചു വെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്ന ദിവസം മുൻകൂട്ടി വിവരം അറിയിക്കുകയും ചെയ്യും. എല്ലാ മാസവും 10 ദിവസമാണ് സേന പ്രവർത്തിക്കുന്നത്. മുട്ടിൽ ഹരിതകർമ്മസേനയിലെ അംഗങ്ങളുടെ പ്രവർത്തനം പ്രശംസനീയമാണെന്ന് സംസ്ഥാന ഹരിത കേരള മിഷൻ  അഭിപ്രായപ്പെട്ടിരുന്നു. മികച്ച പ്രവർത്തനം നടത്തുന്ന ജില്ലകളെ കണ്ടെത്തി നടത്തിയ ഫേസ്ബുക്ക് അവലോകന പരിപാടിയിലാണ്   സംസ്ഥാന ഹരിത കേരള മിഷൻ പഞ്ചായത്തിനെ പ്രകീർത്തിച്ചത്. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് ചാക്കിലാക്കി ക്വട്ടേഷൻ മുഖേന വിപണനം നടത്തുകയാണ് ചെയ്യുന്നത്.
ഓരോന്നിനും വില നിശ്ചയിച്ചിട്ടുണ്ട്. തരംതിരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ ക്ലീൻ കേരളക്ക് കൈമാറും. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി പൊതുസ്ഥലങ്ങൾ, ദേശീയ പാത, പുഴകൾ എന്നിവ മാലിന്യമുക്തമാക്കി. 200 പേരിൽ കൂടുതൽ ആളുകൾ കൂടുന്നിടത്ത് മുൻകൂട്ടി നോട്ടീസ് നൽകി ഗ്രീൻ പ്രോട്ടോകോൾ നിർദ്ദേശം നൽകും. ഹരിത മാംഗല്യം എന്നപേരിൽ കല്യാണങ്ങൾ നടക്കുന്നിടങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശവും നൽകുന്നുണ്ട്. തിരഞ്ഞെടുത്ത വാർഡുകളിൽ പൂർണ്ണമായും വിഷ രഹിത പച്ചക്കറി കൃഷി നടത്തും. പഞ്ചായത്തിലെ രണ്ടാം വാർഡ് ഹരിത വാർഡായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമസഭകൾ, സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ,  മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവത്ക്കരണവും നടത്തുന്നുണ്ട്. സി കെ ശശീന്ദ്രൻ എംഎൽഎ  മുട്ടിൽ പഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനത്തിൻ്റെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി ഭരതൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളും വിവിധ വാർഡ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *