വനിതകൾക്ക് മുട്ടക്കോഴി വളർത്തൽ പദ്ധതിയുമായി കാർഷിക ഗ്രാമ വികസന ബാങ്ക്

കോവിഡ് കാലത്ത് അതിജീവനത്തിന് വഴി തുറന്ന് വനിതകൾക്ക് മുട്ടക്കോഴി
വളർത്തൽ പദ്ധതിയുമായി കാർഷിക ഗ്രാമ വികസന ബാങ്ക്
മാനന്തവാടി ∙ സാധാരണ ജനങ്ങളുടെ ജീവിത മാർഗങ്ങൾ പ്രതിസന്ധിയിലാക്കായ
കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ പുതു വഴികൾ തേടുകയാണ് തിരുനെല്ലി
പഞ്ചായത്തിലെ വനിതകൾ. ഗ്രഹാങ്കണങ്ങളിൽ മുട്ടക്കോഴി വളർത്തി മുട്ട
വിൽപ്പനയിലൂടെ കുടുംബങ്ങൾക്ക് സ്ഥിര വരുമാനം ഉറപ്പിക്കാനുതകുന്ന
പദ്ധതിക്ക് തുടക്കമായി. വയനാട് പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിന്റെ
ആഭിമുഖ്യത്തിൽ തിരുനെല്ലി പഞ്ചായത്തിലെ കുടുംബശ്രീ ഗ്രൂപ്പുകൾക്കാണ്
മുട്ടക്കോഴി വളർത്തുന്നതിന് ജെഎൽജി വായ്പ നൽകിയത്. തിരഞ്ഞെടുത്ത ജെഎൽജി
സംഘങ്ങൾക്ക് കോഴിക്കൂടുകൾ, കോഴിക്കുഞ്ഞുങ്ങൾ, കോഴി തീറ്റ എന്നിവ നൽകി.
വരും ദിവസങ്ങളിലും പദ്ധതി തുടരും. പഞ്ചായത്തിലെ 100ലേറെ വീടുകളിൽ ഹൈടെക്
കോഴിക്കൂട്, 25 അത്യുൽപാദന ശഷിയുള്ള ബിവി 380 കോഴിക്കുഞ്ഞുങ്ങൾ, ഇവയ്ക്ക്
ആവശ്യമായ തീറ്റ എന്നിവ എത്തും. മാനന്തവാടി ബസ്റ്റാൻഡിന് സമീപത്തെ എസ്
ആൻഡ് എസ് ഫാം ഫീഡ്സ് ആനിമൽ ബ്യൂറോയാണ് കോഴിക്കൂടുകൾ, കോഴിക്കുഞ്ഞുങ്ങൾ,
കോഴി തീറ്റ എന്നിവ എത്തിച്ച് നൽകുന്നത്. ഭക്ഷ്യ സ്വയം പര്യാപ്തതയും
വരുമാന വർധനവും സ്ത്രീ ശാക്തീകരണവും പദ്ധതിയിലൂടെ സാധ്യമാകുമെന്ന
പ്രതീക്ഷയിലാണ് അധികൃതർ .
തിരുനെല്ലി പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ കോവിഡ് മാനനദണ്ഡങ്ങൾ പാലിച്ച്
നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മായാദേവി ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി
വി. രഞ്ജിത്, ഡയറക്ടർമാരായ സി.കെ. ശങ്കരൻ, വി.ജി. ഗിരിജ, പഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷൻ കെ. അനന്തൻ നമ്പ്യാർ, സിഡിഎസ് ചെയർപഴ്സൺ റുക്കിയ
കാട്ടിക്കുളം, ബ്രാഞ്ച് മാനേജർ വി. രാജേന്ദ്രൻ, എ.കെ. ജയഭാരതി, പി.
സൗമിനി എന്നിവർ പ്രസംഗിച്ചു.



Leave a Reply