May 14, 2024

സ്വയം തൊഴിൽ പദ്ധതികളുടെ പരിചയപ്പെടുത്തലും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിച്ചു.

0
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയം തൊഴിൽ പദ്ധതികളുടെ പരിചയപ്പെടുത്തലും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനവും പദ്ധതികളുടെ പരിചയപ്പെടുത്തലും പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എം.എ. നാസർ നിർവ്വഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വനിതാ ശാക്തീകരണത്തിൻ്റെ ഭാഗമായി കുടുംബശ്രീയുമായി സംയോജിച്ചാണ് വനിതകൾക്ക് സ്വയം തൊഴിൽ വായ്പ നൽകുന്നത്.
വിവിധ വായ്പ പദ്ധതികളിലൂടെ മൂന്ന് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അനുവദിക്കുന്നത്. ജാമ്യമില്ലാതെ സബ്സിഡിയോടു കൂടിയതും, കുറഞ്ഞ പലിശ നിരക്കിലുമാണ് വായ്പ നൽകുന്നത്. വാഹന വായ്പ, ലഘു വ്യവസായ വായ്പ, പ്രവാസി പുനരധിവാസ വായ്പ, മൈക്രോ ക്രെഡിറ്റ് ഫിനാൻസ്, ഭവന പുനരുദ്ധാരണ വായ്പാ, വ്യക്തിഗത വായ്പ, സർക്കാർ ജീവനക്കാർക്കുള്ള കാർ ലോണും വ്യക്തിഗത വായ്പയും, വിവാഹ വായ്പ, വിദ്യാഭ്യാസ വായ്പ, സ്റ്റാർട്ട്അപ്പ് വായ്പ തുടങ്ങി നിരവധി വായ്പ പദ്ധതികളാണ് കോർപ്പറേഷൻ നടപ്പിലാക്കുന്നത്. പദ്ധതികളുടെ പ്രയോജനം അർഹരായവർക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ വായ്പ ലഭിച്ചവരുടെയും, ലഭിക്കാത്തവരുടെയും പരാതി പരിഹാരവും പരിപാടിയിൽ നടന്നു. 
കൽപ്പറ്റ ട്രിഡൻ്റ് ആർക്കൈഡിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി ജില്ലാ കോർഡിനേറ്റർ കെ.സി. ചെറിയാൻ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എം.എൻ. ബാബുരാജ്, പി.കെ.എസ് ജില്ലാ സെക്രട്ടറി എം. ജനാർദ്ദനൻ,  പട്ടികജാതി സംസ്ഥാന ഉപദേശക സമിതി അംഗം ടി. മണി, മുൻ പട്ടികജാതി സംസ്ഥാന ഉപദേശക സമിതി അംഗം ആർ. രാജൻ, പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ പി.സി. രത്നാകരൻ, പി.ജെ. ജസ്റ്റിൻ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *