ബജറ്റ് 2021 ; സമ്പൂർണ വികസനം ലക്ഷ്യമിട്ട് കൽപ്പറ്റ നഗരസഭ


Ad

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ 2021-22 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. നഗരസഭയുടെ സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ട് ഒരു വര്‍ഷത്തേക്കുള്ള പദ്ധതികളാണ് ബജറ്റില്‍ അവതരിപ്പിച്ചത്. 2020-21 വര്‍ഷത്തെ പുതുക്കിയ ബജറ്റും തനത് ഫണ്ട്, പദ്ധതി വിഹിതം, ഇതര മൂലധന വരവുകള്‍, മുന്‍ നീക്കിയിരിപ്പ് എന്നിവയടക്കം 49,64,00000 രൂപ വരവും 49,24,00000 രൂപ ചെലവും 40,0000 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ചെയര്‍പേഴ്‌സണ്‍ കെ അജിത അവതരിപ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി അഞ്ച് ലക്ഷം രൂപ വീതവും ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കാനും താല്ക്കാലിക പുനരധിവാസത്തിനും 20 ലക്ഷം രൂപയും വകയിരുത്തി. കല്‍പ്പറ്റ നഗരസഭയായതുമുതലുള്ള പദ്ധതിയാണ് നവീകരണം എന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹായത്തോടെയും എം എല്‍ എ, എം പി ഫണ്ട് ഉപയോഗിച്ചും നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചും കല്‍പ്പറ്റയെ മാതൃകാ നഗരമാക്കി മാറ്റും. ഇതിനായി 2.50 കോടി രൂപയാണ് ക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റി പദ്ധതിക്ക് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന വിഷയമായ മാലിന്യം പ്രശ്‌നം പരിഹരിക്കുന്നതിനായി വെള്ളാരംകുന്നിലെ ബയോപാര്‍ക്ക് പൂര്‍ത്തീകരിക്കുന്നതിനും സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനായും 20 ലക്ഷം രൂപ വീതം ചെലവഴിച്ച് കല്‍പ്പറ്റയെ മാതൃകാ മാലിന്യ സംസ്‌കരണ നഗരമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ വിവിധ ഭവന പദ്ധതികള്‍ക്കായി അഞ്ച് കോടി, സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി രണ്ട് കോടി, കുരങ്ങ് ശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് ആദ്യ ഘട്ടമെന്ന നിലയില്‍ 10 ലക്ഷം, ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളുടെ സ്‌കോളര്‍ഷിപ്പിനുമായി 33 ലക്ഷം, സ്‌കൂള്‍ നവീകരണത്തിന് 25 ലക്ഷം, പട്ടിക വര്‍ഗ മേഖലയില്‍ ഭവന നിര്‍മാണത്തിനും മറ്റ് പദ്ധതികള്‍ക്കുമായി 1,32,90,000, പട്ടിക ജാതി മേഖലയിലേക്ക് 93,94,000, തൊഴിലുറപ്പ് പദ്ധതിക്ക് രണ്ട് കോടി, വിശപ്പ് രഹിത കേരളം പദ്ധതിക്ക് അഞ്ച് ലക്ഷം, കല്‍പ്പറ്റ ജനറല്‍ ആശുപത്രി നവീകരണത്തിനും, വയോമിത്രം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും മുണ്ടേരി അര്‍ബണ്‍ ഹെല്‍ത്ത് സെന്റര്‍, ജീവിത ശൈലി രോഗ ക്ലിനിക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും 40 ലക്ഷം, മുണ്ടേരിയിലെ പാര്‍ക്ക് നവീകരണത്തിന് 25 ലക്ഷം, ആധുനിക സൗകര്യങ്ങളോടു കൂടിയ കല്‍പ്പറ്റ ടൗണ്‍ ഹാളിന് മൂന്ന് കോടി, അംഗന്‍വാടികള്‍ക്കായി 15 ലക്ഷം, എല്‍ പി ജി ശ്മശാനം പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും കുഴല്‍ കിണര്‍ നിര്‍മ്മിക്കാനും മൂന്ന് ലക്ഷം, ആവശ്യമായ സ്ഥലങ്ങളില്‍ നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിന് 15 ലക്ഷം എന്നിങ്ങനെയാണ് 2021-22 വര്‍ഷത്തേക്കുള്ള നഗരസഭാ ബജറ്റവതരണത്തില്‍ വകയിരുത്തിയ തുക.
അതേസമയം ബജറ്റ് ‘പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍’ എന്ന അവസ്ഥയിലാണ് സൃഷിടിച്ചതെന്നും മുന്‍ വര്‍ഷത്തെ പദ്ധതികള്‍ വീണ്ടും ഉള്‍പ്പെടുത്തി നടത്തിയ ബജറ്റാണ് ഇതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 2011-12 മുതല്‍ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന പദ്ധതികളുമാണ് ഇപ്പോള്‍ അവതരിപ്പിച്ചത്. മുന്‍ എല്‍ ഡി എഫ് ഭരണ കാലത്ത് നഗരത്തിലെ പൊട്ടിപൊളിഞ്ഞ ഫുട്പാത്ത് നന്നാക്കാനും നഗര സൗന്ദര്യവത്കരണ പദ്ധതികളും ആവിഷ്‌കരിച്ചപ്പോള്‍ എതിര്‍ത്തിരുന്നവര്‍ ആരംഭിച്ച നവീകരണ പദ്ധതി പൂര്‍ത്തിയാക്കാന്‍ മതിയായി തുക വകയിരുത്താത്തത് ദൗര്‍ഭാഗ്യകരമെന്നും പ്രതിപക്ഷം ആരോപിച്ചു. മാലിന്യ സംസ്‌കരണം ശാശ്വതമായി പരിഹരിക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല. ഭൂരഹിത ഭവന രഹിതര്‍ക്കുള്ള ഫ്‌ളാറ്റ് നിര്‍മാണം, നഗരത്തിലൂടെ യാത്ര ചെയ്യുന്ന ജനങ്ങള്‍ക്കായി പൊതു ശുചിത്വ സംവിധാനവും വിശ്രമ കേന്ദ്രവും ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയായ ടേക് എ ബ്രേക് പദ്ധതിയും സുഭിക്ഷ കേരളം പദ്ധതിയും അവഗണിച്ചതും, തുര്‍ക്കി പാലത്തിന് ബജറ്റില്‍ തുക വകയിരുത്താത്തതും പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ സി കെ ശിവരാമന്‍, ഡി രാജന്‍, ടി മണി, എം ബി ബാബു, നിജിത, കമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *