കാർഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരപോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി.


Ad
 രാജ്യത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ കര്‍ഷകര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും, മോദിയുടെ രണ്ടോ-മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ഗാന്ധി എം പി. ട്രാക്ടര്‍ റാലിക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ ഇന്ന് രാജ്യത്തെ കര്‍ഷകരുടെ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കേന്ദ്രംഭരിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ തയ്യാറാകുന്നില്ല. കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ക്കെതിരായ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കാനുള്ള സാധ്യത കാണുന്നില്ല. അതിനൊരു കാരണമുണ്ട്. മൂന്ന് നിയമങ്ങളും രാജ്യത്തെ കാര്‍ഷികമേഖലയെ അപ്പാടെ തകര്‍ത്തുകൊണ്ട് ഈ വ്യവസ്ഥയെ മുഴുവന്‍ മോദിയുടെ സുഹൃത്തുക്കളായ രണ്ട് മൂന്ന് പേര്‍ക്ക് നേട്ടമുണ്ടാക്കുന്നതിനായാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായം കൃഷിയാണ്. മറ്റ് വ്യവസായങ്ങളും കൃഷിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മറ്റുള്ള വ്യവസായങ്ങളില്‍ ഒരു വ്യക്തിയായിരിക്കും ഉടമസ്ഥരായിട്ടുള്ളത്. എന്നാല്‍ കൃഷി എന്ന വ്യവസായം മാത്രമാണ് രാജ്യത്തെ 40 ശതമാനം വരുന്ന ജനവിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളത്. 40 ലക്ഷം കോടി രൂപ മൂല്യമുള്ളതാണിത്. കര്‍ഷകരും തൊഴിലാളികളും, ചെറുകിട വ്യാപാരികളും, കര്‍ഷകചന്തകളില്‍ പ്രവൃത്തിയെടുക്കുന്നവരും, റോഡരുകില്‍ പഴവും പച്ചക്കറികളും വില്‍ക്കുന്നവരടക്കമുള്ളവരാണ് ഈ വ്യവസായത്തിന്റെ ഉടമകള്‍. ദശലക്ഷക്കണക്കിനാളുകളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വ്യവസായം. എന്നാല്‍ നിയമം പ്രാവര്‍ത്തികമായാല്‍ കര്‍ഷകര്‍ വലിയ വ്യവസായികള്‍ക്ക് നേരിട്ട് ഉല്പന്നങ്ങള്‍ വില്‍ക്കേണ്ട സാഹചര്യമുണ്ടാകും. കൃഷിയുടെ മുഴുവന്‍ ശ്രൃംഖലയും സ്വന്തമാകണമെന്നാണ് അവരുടെ ആഗ്രഹം. രാജ്യത്തെ 100 ശതമാനം പേര്‍ക്കും ഭക്ഷണം നല്‍കുന്നവരെയാണ് നിയമത്തിലൂടെ ഇല്ലാക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രധാനമായും മൂന്ന് നിയമങ്ങളാണ് കര്‍ഷകര്‍ക്ക് എതിരായുള്ളത്. ര്‍ഷകരില്‍ നിന്നും ഉല്പന്നങ്ങള്‍ എത്രയളവില്‍ വേണമെങ്കിലും വാങ്ങിക്കാമെന്നതാണ് ആദ്യത്തേത്. ഇത് കര്‍ഷകചന്തകളെ തന്നെ ഇല്ലാതാക്കും. രണ്ടാമത്തെ നിയമം പറയുന്നത് രാജ്യത്തെ വലിയ വ്യവസായികള്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ ധാന്യങ്ങളും മറ്റും സംഭരിക്കാമെന്നതാണ്. ഇത് അവശ്യവസ്തു നിയമത്തിന്‍ മേലുളള കടന്നുകയറ്റമാണ്. കര്‍ഷകര്‍ക്ക് വിലക്കായി വാദിക്കാനാവില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ നിയമം. ഇത് ഒരാളുടെ സംഭരണ അറകളിലേക്ക് മുഴുവന്‍ ഉല്പന്നങ്ങളുമെത്താന്‍ കാരണമാവും. നമ്മുടെ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളും, തുറമുഖങ്ങളും സൗജന്യമായി ലഭിച്ചയാളിന്റെ അറകളിലാണ് ഇത്തരത്തില്‍ ഉല്പന്നങ്ങളെത്തുന്നത്. കര്‍ഷകര്‍ ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ പോകുമ്പോള്‍, സൂക്ഷിച്ച് വെച്ചിരിക്കുന്ന ഉല്പന്നങ്ങള്‍ വ്യവസായികള്‍ വിപണിയിലെത്തിക്കും. അപ്പോള്‍ കര്‍ഷകര്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. വിലയെ കുറിച്ച് എന്തെങ്കിലും കര്‍ഷകര്‍ക്ക് തര്‍ക്കമുണ്ടെങ്കില്‍ പ്രശ്‌നപരിഹാരത്തിന് കോടതിയില്‍ പോകാന്‍ സാധിക്കില്ലെന്നാണ് മൂന്നാമത്തെ നിയമം. ഇത് വ്യക്തമായി കര്‍ഷകരുടെ നിയമപരമായ അവകാശങ്ങളെ എടുത്തുമാറ്റുന്നതാണ്. അതുകൊണ്ടാണ് ഈ നിയമങ്ങളെ ശക്തമായി നമ്മള്‍ എതിര്‍ക്കുന്നത്. ദശലക്ഷണക്കിന് കര്‍ഷകര്‍ അതാണ് പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ബഫര്‍സോണ്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പോകുകയാണ്. അത് അംഗീകരിക്കാനാവാത്ത കാര്യമാണ് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. ബഫര്‍സോണ്‍ ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് ചോദ്യം ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന ഉത്തരമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചത്. കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത് കൊണ്ടാണ് നടപ്പിലാക്കിയെതെന്നാണ് പറഞ്ഞത്. ബഫല്‍സോണ്‍ നാട്ടിലെ ജനങ്ങള്‍ക്കുണ്ടാക്കുന്ന ദുരിതം ചെറുതല്ല. കേരള സര്‍ക്കാര്‍ നിലപാട് മാറ്റി ഈ പ്രശ്‌നം പരിഹാരിക്കാനാവശ്യമായ നടപടികളുമായി മുന്നോട്ടുവരണം. കേരളം നിലപാട് മാറ്റാന്‍ തയ്യാറായാല്‍ കേന്ദ്രവും നിലപാട് മാറ്റുമെന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് ഈ വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യമൃഗശല്യം കാരണം ജനങ്ങള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. എ ഐസി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാചെയര്‍മാന്‍ പി പി എ കരീം അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍, ടി സിദ്ദിഖ്, കെ സി റോസക്കുട്ടീടീച്ചര്‍, പി കെ ജയലക്ഷ്മി, കെ കെ അഹമ്മദ്ഹാജി, കെ കെ അബ്രഹാം, പി വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ്, റസാഖ് കല്‍പ്പറ്റ, പി പി ആലി, വി എ മജീദ്, കെ കെ അബ്രഹാം, അഡ്വ. ടി ജെ ഐസക്, വടകര മുഹമ്മദ്, ജോയി തൊട്ടിത്തറ, നജീബ് പിണങ്ങോട്, പോള്‍സണ്‍ കൂവക്കല്‍, മോയിന്‍കടവന്‍, ഡി പി രാജശേഖരന്‍, ജോഷി സിറിയക്, ടി ഹംസ, ബി സുരേഷ്ബാബു, മാണി ഫ്രാന്‍സിസ്, നസീമ മാങ്ങാടന്‍, സ്‌കറിയ, പി ടി ഗോപാലക്കുറുപ്പ്, സലീം നീലിക്കണ്ടി, ഷംസാദ് മരയ്ക്കാര്‍, അമല്‍ജോയി, സി കെ രത്‌നവല്ലി, എം ഒ ദേവസ്യ, ഷിജുമുട്ടില്‍, ഫൈസല്‍, സുന്ദര്‍രാജ്, ഇക്ബാല്‍ മുട്ടില്‍, സലാം, ചന്ദ്രിക, അരുണ്‍ദേവ്, ഉണ്ണികൃഷ്ണന്‍, സുകുമാരന്‍ ചൂരല്‍മല, രാജു ഹെജമാഡി, റോയി നെല്ലിമാളം തുടങ്ങിയവര്‍ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *