April 26, 2024

ചട്ടങ്ങള്‍ മറികടന്ന് സിപിഎം കെട്ടിടനിര്‍മാണം നടത്തിയെന്ന് നഗരസഭ ഭരണസമിതി

0
കല്‍പ്പറ്റ: പിണങ്ങോട് റോഡിലെ ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎം വിപുലീകരിച്ചത് കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ മറികടന്നാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി.പി. ആലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.പി. ഹമീദ്, അഡ്വ.ടി.ജെ. ഐസക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നഗരസഭയിലെ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയില്‍ അനധികൃത പ്രവൃത്തികള്‍  കണ്ടെത്തിയതായും ചട്ടങ്ങള്‍ ലംഘിച്ചുനടത്തിയ നിര്‍മാണം  നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വത്തിനു നോട്ടീസ് നല്‍കുമെന്നും അവര്‍ പറഞ്ഞു.
 യുഡിഎഫ് നിയന്ത്രണത്തിലുള്ള നഗരസഭ  അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്ക്  ഒത്താശചെയ്യുന്നുവെന്ന് ആരോപിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ മുന്‍സിപ്പല്‍ ഓഫീസില്‍ സമരം നടത്തിയ പശ്ചാത്തലത്തിലായിരുന്നു വാര്‍ത്താസമ്മേളനം. 
നഗരസഭയ്‌ക്കെതിരെ ഇടത് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കല്‍പ്പറ്റയില്‍ നിയമങ്ങള്‍ മറികടന്ന് നിര്‍മാണങ്ങള്‍ നടത്തിയത് സിപിഎമ്മും അതുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളുമാണ്.
 കൃപ ആശുപത്രിക്ക് സമീപമുള്ള എന്‍ജിഒ ഓഫീസ്, എമിലി റോഡിലുള്ള ഡ്രൈവേഴ്‌സ കോ ഓപ്പറേറ്റീസ് സൊസൈറ്റി കെട്ടിടം എന്നിവ അനധികൃതമായി ലംഘിച്ചതാണ്. ഇതുള്‍പ്പെടെ വഴിവിട്ടു നടത്തിയ നിര്‍മാണങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും നോട്ടീസ് നല്‍കാനാണ് ഭരണസമിതി തീരുമാനം. 
ആനപ്പാലത്തിനു സമീപം നടക്കുന്ന കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇടതു കൗണ്‍സിലര്‍മാര്‍  ഭരണസമിതിക്കെതിരെ ഏറ്റവും ഒടുവില്‍ ആരോപണം ഉന്നയിച്ചത്. ഈ നിര്‍മാണം നടക്കുന്ന സ്ഥലം ഡീറ്റെയ്ല്‍ഡ് ടൗണ്‍ പ്ലാനിംഗ് സ്‌കീമില്‍ വാഹന പാര്‍ക്കിംഗിനു നീക്കിവച്ചതാണ്.  1998ലെ കൗണ്‍സിലാണ് ഇത് നീക്കിക്കൊടുത്തത്. തോട്ടിലേക്ക് ഇറക്കി നിര്‍മാണം നടത്തുന്നുവെന്ന പരാതിയില്‍ പ്രവൃത്തി നിര്‍ത്തിവയ്പ്പിച്ചിട്ടുണ്ട്. 
ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നത് നഗരസഭ ഭരണസമിതിയല്ല. എന്‍ജിനീയറിംഗ് വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള അധികാരം സെക്രട്ടറിക്കാണ്.
നഗരസഭയിലെ റവന്യൂ ഭൂമി, പുറമ്പോക്ക്, തോടുകള്‍ എന്നിവ അളന്നു തിട്ടപ്പെടുത്തുന്നതിനു നഗരസഭ ആറു മാസം മുമ്പ് റവന്യൂ വകുപ്പിനു കത്ത് നല്‍കിയതാണ്. എന്നാല്‍ ഇന്നോളം നടപടിയില്ല. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നഗരസഭയുടെ സ്ഥലം കൈയേറി സ്വകാര്യവ്യക്തി നിര്‍മാണം നടത്തിയെന്ന പരാതിയില്‍  ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനു ജില്ലാ കളക്ടര്‍ക്കടക്കം നല്‍കിയ കത്തിലും നടപടി വൈകുകയാണ്. 
നടപ്പാതകള്‍ നവീകരിക്കാത്തതിനു നഗരസഭയെ പഴിച്ചിട്ടുകാര്യമില്ല. നഗരസഭയുടെ പരിമിത ഫണ്ട് ഉപയോഗിച്ച് ഫൂട്പാത്ത് നവീകരണം നടത്താനാകില്ല. ബത്തേിയിലും മാനന്തവാടിയിലും നടപ്പാത നവീകരിച്ചത്  പ്രദേശത്തെ എംഎല്‍എമാര്‍ മുന്‍കൈയെടുത്താണെന്നും  ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *