May 4, 2024

പൂക്കോട് തടാകത്തിലെ ചളിയും പായലും നീക്കുന്നതിനടക്കം ഒമ്പതു കോടി അനുവദിച്ചു

0
Pookkoe File.jpg
കൽപ്പറ്റ :
-വയനാട്ടിലെ പൂക്കോട് തടാകത്തിന്റെ ശനിദശ മാറുന്നു. ചളിയും പായലും കളകളും നീക്കി തടാകം ശുചീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍  മെച്ചപ്പെടുത്തുന്നതിനും  സംസ്ഥാന ടൂറിസം വകുപ്പ് ഒമ്പതു കോടി രൂപ അനുവദിച്ചു. ഇതില്‍ എട്ടു കോടി രൂപ പായലും ചളിയും നീക്കുന്നതിനും അടിസ്ഥാന സൗകര്യ നവീകരണത്തിനുമാണ് വിനിയോഗിക്കുകയെന്നു ഡിടിപിസി മെംബര്‍ സെക്രട്ടറി ബി.ആനന്ദ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ഇന്ത്യ) ലിമിറ്റഡിനാണ്്(വാപ്‌കോസ്) തടാക ശുചീകരണ ചുമതല. ഭരണാനുമതി ലഭിച്ച പ്രവൃത്തി സാങ്കേതിനാനുമതി കിട്ടുന്ന മുറയ്ക്കു തുടങ്ങും.കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനാണ്(കിറ്റ്‌കോ)മറ്റു പ്രവൃത്തികള്‍ നടത്തുക. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തടാകക്കരയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും. പകരം പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ നിര്‍മിക്കും.നടപ്പാതകള്‍ നവീകരിക്കും.ബാറ്ററിയില്‍ ഓടുന്ന വണ്ടികള്‍  തടാകവളപ്പില്‍ സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തും. തടാക പരിസരത്തു അന്താരാഷ്ട നിലവാരത്തില്‍ ടോയ്‌ലെറ്റ് ബ്ലോക്കു നിര്‍മിക്കും. തളിപ്പുഴയില്‍ ആധുനിക സൗകര്യങ്ങളോടെ ടോയ്‌ലെറ്റ് പണിയും. ഈ പ്രവൃത്തികള്‍ക്കു 1.2 കോടി രൂപയുടെ ഭരണ-സാങ്കേതികാനുമതി ലഭിച്ചു.
സമുദ്രനിരപ്പില്‍നിന്നു ഏകദേശം 700 മീറ്റര്‍ ഉയരത്തിലാണ് വിസ്തൃതിയില്‍ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തുള്ള പൂക്കോട് നൈസര്‍ഗിക ശുദ്ധജലാശയം.ദേശീയപാത 766ലെ  തളിപ്പുഴയില്‍നിന്നു വിളപ്പാടകലം മാത്രമാണ് പൂക്കോട് തടാകത്തിലേക്ക്.ജൈവവൈവിധ്യസമൃദ്ധവുമാണ് തടാകവും പരിസരവും. ഇവിടെ മാത്രം കാണുന്ന മീന്‍ ഇനമാണ് പൂക്കോട് പരല്‍. തടാകത്തെ ചുറ്റിയുള്ള വനപ്രദേശം 70ല്‍പരം ഇനം പക്ഷികളുടേയും നിരവധി ഇനം പൂമ്പാറ്റകളുടേയും ആവാസകേന്ദ്രമാണ്. ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് വിനോദസഞ്ചാരകേന്ദ്രമാക്കിയത്. പ്രകൃതി സൗന്ദര്യമാണ് പൂക്കോട് തടാകവും  പരിസരവും  സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി വികസിക്കുന്നതിനു വഴിയൊരുക്കിയത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലാണ് ഇവിടെ ടൂറിസം.
നാല് പതിറ്റാണ്ടു മുന്‍പ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. പരമാവധി ആഴം 12 മീറ്ററും. നിലവില്‍ ഇത്  യഥാക്രമം  ഏകദേശം 5.172 ഹെക്ടറും 6.5 മീറ്ററുമാണ്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘം നടത്തിയ പഠനത്തിലാണ് മണ്ണടിഞ്ഞും പായലും കളകളും  പെരുകിയും തടാകത്തിന്റെ വിസ്തൃതി  കുറഞ്ഞതായി കണ്ടത്. തടാകത്തിനടുത്തു കുന്നുകളിലെ സ്വകാര്യ ഭൂമികളിലെ   കൃഷിയും നിര്‍മാണങ്ങളുമാണ് തടാകത്തില്‍  വന്‍തോതില്‍ മണ്ണടിയുന്നതിനു കാരണമായത്. തടാകത്തിലെ ചളിയും പായലും നീക്കണമെന്നതു ജില്ലയ്ക്കത്തും പുറത്തുമുള്ള പ്രകൃതിസ്‌നേഹികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. 
തടാക പരിസരത്തെ കുന്നുകളില്‍  കൃഷിയും നിര്‍മാണങ്ങളും തടയണമെന്ന്  പൊതുതാത്പര്യ ഹര്‍ജികളില്‍ 2006 ജനുവരി 31നും 2013 ഓഗസ്റ്റ് മൂന്നിനും ഹൈക്കോടതി ഉത്തരവായിരുന്നു. നിര്‍മാണങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വനംവകുപ്പിനേയും ജില്ലാ ഭരണകൂടത്തേയും കോടതി ചുമതലപ്പെടുത്തുകയുമുണ്ടായി. പരിസ്ഥിതി തകര്‍ച്ചയ്ക്ക് കാരണമാകുന്ന നിര്‍മാണങ്ങള്‍ പൂക്കോട് മലവാരത്തില്‍ അനുവദിക്കരുതെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയും നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് കൃഷിയും നിര്‍മാണങ്ങളും  തടാകത്തിനടുത്തു സ്വകാര്യഭൂമികളില്‍ നടന്നിരുന്നത്. 
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂക്കോട് വിനോദസഞ്ചാരകേന്ദ്രം ഏപ്രില്‍ മുതല്‍ അടച്ചിട്ടിരിക്കയാണ്. തടാക ശുചീകരണവും മറ്റു പ്രവൃത്തികളും പൂര്‍ത്തിയായതിനുശേഷമായിരിക്കും ഇനി പൂര്‍ണതോതിലുള്ള ടൂറിസം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *