May 2, 2024

ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല : മുഖ്യമന്ത്രി

0
Img 20200924 Wa0296.jpg
ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിൽ ഒരുങ്ങുന്ന ഭവന സമുച്ചയത്തിൻ്റെ നിർമാണോദ്ഘാടനവും ഇതിനോടൊപ്പം നിർവ്വഹിച്ചു. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
വീടില്ലാത്തവര്‍ക്ക് വാസസ്ഥലം ഒരുക്കി നല്‍കാനും മികച്ച ജീവിത സാഹചര്യം ഒരുക്കാനുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ നേട്ടങ്ങളുണ്ടാകുന്നത് ഇഷ്ടപ്പെടാത്തവര്‍ ഇതിനെ അപഹസിക്കാനും ഇടിച്ചുതാഴ്ത്താനും ശ്രമിക്കുകയാണ്. വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
1285 കുടുംബങ്ങള്‍ക്ക് പുതിയ ഭവനസമുച്ചയങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകും. വെറും വീടല്ല, താമസക്കാര്‍ക്ക് പുതു ജീവിതമാണ് പ്രദാനം ചെയ്യുന്നത്. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത നിരവധി ഹതഭാഗ്യരുണ്ട്. വീടില്ലാത്ത ആരുമുണ്ടാകരുത് എന്ന് കരുതിയാണ് ലൈഫ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഇക്കാര്യത്തില്‍ നല്ല ഫലമുണ്ടായതിനാലാണ് 2,26,518 വീടുകള്‍ ഇതിനകം യാഥാര്‍ഥ്യമായത്. നല്ല സഹകരണം ജനങ്ങളില്‍നിന്നുണ്ടായി. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചു. ഇപ്പോള്‍ ഒന്നരലക്ഷത്തോളം പേര്‍ക്കുള്ള ഭവനനിര്‍മാണം പുരോഗമിക്കുകയാണ്.
സഹകരണ വകുപ്പും ഭവനനിര്‍മാണത്തോട് സഹകരിച്ചതിന്റെ ഭാഗമായാണ് കെയര്‍ ഹോം പദ്ധതി നടപ്പാക്കിയത്. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പും ഫിഷറീസ് വകുപ്പും വീടുകള്‍ പൂര്‍ത്തിയാക്കാന്‍ നല്ലതായി ഇടപെട്ടു. അങ്ങനെയാണ് ആകെ 8068 കോടിയുടെ വീട് നിര്‍മാണം നമ്മുടെ നാട്ടില്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്.
സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതരുടെ പുനരധിവാസം ലക്ഷ്യമിടുന്ന ലൈഫിന്റെ മൂന്നാംഘട്ടത്തില്‍ 1,35,769 ഗുണഭോക്താക്കളെയാണ് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. അവരില്‍ 1765 കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 
വിവിധ ജില്ലകളില്‍ 101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ 12 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം വേഗത്തില്‍ പുരോഗമിക്കുകയാണ്.
ലൈഫിന്റെ അപേക്ഷ സുതാര്യമായാണ് ക്ഷണിച്ചതും നടപടിക്കുറിപ്പുകളും പൂര്‍ത്തിയാക്കിയതും. എന്നാല്‍ ലൈഫിന്റെ മൂന്നുഘട്ടങ്ങളിലും ഉള്‍പ്പെടാതെ പോയവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ വീണ്ടും ഒരു അവസരം നല്‍കുന്നതിന് തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് വീണ്ടും അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ഇതുവഴി എട്ടുലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ സുതാര്യമായി ഗുണഭോക്തൃപട്ടിക തയാറാക്കി അര്‍ഹര്‍ക്ക് വീടുവെച്ചുനല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്ത് ലക്ഷ്യമിട്ട എല്ലാ വികസന പദ്ധതികളും കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തടസം കൂടാതെ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കിടയിലും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതിയും കൃത്യമായി നടപ്പാക്കും. വികസനത്തിലും സേവനത്തിലും ഒട്ടും പിറകില്‍നില്‍ക്കാതെ മുന്നേറുകയാണ് ലക്ഷ്യം. എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ജില്ലയിൽ പൂതാടി ഗ്രാമ പഞ്ചായത്തിലെ 43.19 സെൻ്റ് സ്ഥലത്ത് നാല് നിലകളിലായി 42 പാർപ്പിട യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. 662 ലക്ഷം രൂപയാണ് പ്രവർത്തിയുടെ  അടങ്കൽ തുക. ഇതിൽ ഭവന നിർമാണത്തിന് 555 ലക്ഷം രൂപയും അനുബന്ധ പ്രവർത്തിക്ക് 107 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് ഭവന സമുച്ചയത്തിൻ്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.  ഭവന സമുച്ചയത്തിൽ അംഗനവാടി, വായനശാല, വയോജന  പരിപാലന കേന്ദ്രം, കോമൺ റൂം, സിഖ് റൂം, മാലിന്യ സംസ്കരണ കേന്ദ്രം, സൗരോർജ സംവിധാനം എന്നിവയും ഒരുങ്ങുന്നുണ്ട്. 511.19  ഘന അടി വിസ്തൃതിയുള്ള ഓരോ ഫ്ളാറ്റും രണ്ട് ബെഡ്റൂമുകൾ, ഹാൾ, അടുക്കള, ടോയ്ലറ്റ്, ബാൽക്കണി എന്നിവ ഉൾപ്പെടുന്നതാണ്. 
ചടങ്ങിൽ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ്, വിവിധ ജില്ലകളില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ നിര്‍മാണ ഉദ്ഘാടന ചടങ്ങുകളില്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *