May 2, 2024

പടിഞ്ഞാറത്തറ ഡിവിഷനിൽ തിരഞ്ഞെടുപ്പ് ചർച്ച ടൂറിസം മേഖലയിലെ വികസനം

0
1606539525416.jpg
  വയനാട് ജില്ലാ പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷനില്‍ മുഖ്യ തെരഞ്ഞടുപ്പു വിഷയമായി ടൂറിസവും.പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബാണാസുരസാഗര്‍, തരിയോട് പഞ്ചായത്തിലെ കര്‍ലാട് ശുദ്ധജല തടാകം,കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പാലക്കോട്ട എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍.ഈ മൂന്നു കേന്ദ്രങ്ങളുടെയും വികസനത്തിനുള്ള ഇടപെടലും വാഗ്ദാനം ചെയ്താണ് സ്ഥാനാര്‍ഥികളുടെ വോട്ടുപിടിത്തം.


       മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി  എം.മുഹമ്മദ് ബഷീറാണ് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.എല്‍.ഡി.എഫിനുവേണ്ടി എല്‍.ജെ.ഡിയിലെ ഷബീര്‍ അലി പുത്തൂരും എന്‍.ഡി.എ ടിക്കറ്റില്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ആനന്ദ്കുമാറുമാണ്  മത്സരരംഗത്ത്.

        34 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ ചേരുന്നതാണ് പടിഞ്ഞാറത്തറ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.പടിഞ്ഞാറത്ത പഞ്ചായത്ത് പൂര്‍ണമായും തരിയോട് പഞ്ചായത്തിലെ 10 ഒഴികെ വാര്‍ഡുകളും കോട്ടത്തറ പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,ഒമ്പത്,12,13 വാര്‍ഡുകളും ഡിവിഷന്റെ ഭാഗമാണ്.30,000നു അടുത്താണ് വോട്ടര്‍മാരുടെ എണ്ണം.കര്‍ഷകരാണ് സമ്മതിദായകരില്‍ അധികവും.2,500 ഏക്കര്‍ വരുന്ന കോട്ടത്തറ വെണ്ണിയോട് പാടശേഖരം ഡിവിഷന്‍ പരിധിയിലാണ്.

       ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുചരിത്രത്തില്‍ 1995ല്‍ മാത്രമാണ് പടിഞ്ഞാറത്തറ ഡിവിഷന്‍ യു.ഡി.എഫിനെ കൈവിട്ടത്.2010ല്‍ ഇതേ ഡിവിഷനില്‍ 2,890 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചതിന്റെ അനുഭവസമ്പത്തുമായാണ് മുഹമ്മദ് ബഷീര്‍ ഇത്തവണ വോട്ടര്‍മാരെ സമീപിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിലെ കെ.ബി.നസീമയായിരുന്നു വിജയി.ഇവര്‍ അധ്യക്ഷയായിരിക്കെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയത്.

        ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫിന്റ തെരഞ്ഞെടുപ്പുപ്രചാരണം.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വീടുകളും സ്ഥാപനങ്ങളും കയറി വോട്ടുറപ്പിക്കുന്നതിനൊപ്പം നവമാധ്യമങ്ങളെയും പ്രചാരണത്തിനു ഉപയോഗപ്പെടുത്തുന്നുണ്ട്.യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ്പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയെ നവമാധ്യമങ്ങളിലൂടെ വോട്ടര്‍മാരിലെത്താന്‍ സഹായിക്കുന്നത്.

       യു.ഡി.എഫിന്റെ കോട്ട പിളര്‍ക്കാനുള്ള തന്ത്രങ്ങളുമായി എല്‍.ഡി.എഫും തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു നിറഞ്ഞുനില്‍ക്കുകയാണ്.യുവജനതാദള്‍ സംസ്ഥാന സെക്രട്ടറിയണ് സ്ഥാനാര്‍ഥി ഷബീര്‍ അലി പുത്തൂര്‍.സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയും യുവജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചും ഡിവിഷന്‍ തിരിച്ചുപിടിക്കാനുള്ള പദ്ധതികളാണ് എല്‍.ഡി.എഫ് പ്രാവര്‍ത്തികമാക്കുന്നത്.

       ഓരോ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡിലും 19 അംഗ മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിച്ചാണ് എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പു പ്രചാരണം.കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ ജനതയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പരിപാടികള്‍ ചൂട്ടിക്കാട്ടിയും ടൂറിസം സങ്കേതങ്ങളുടെ വികസനത്തിനു കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൊണ്ടുവരുമെന്നു ഉറപ്പുനല്‍കിയുമാണ് എന്‍.ഡി.എ പ്രചാരണം.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3,338 വോട്ടാണ്  ഡിവിഷനില്‍ എന്‍.ഡി.എയ്ക്കു ലഭിച്ചത്.


      പടിഞ്ഞാറത്തറ മണ്ണാര്‍ത്തൊടി കുടുംബാംഗമാണ് 59 കാരനായ എം.മുഹമ്മദ് ബഷീര്‍. 2010-15ല്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഇദ്ദേഹം രണ്ടുതവണ പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.ഭാര്യ സീനത്തും നൗഷജ ബഷീര്‍,മുഹമ്മദ് നജ്‌വാന്‍,നാജിയ ബഷീര്‍ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

       55കാരനാണ് വെങ്ങപ്പള്ളി വാവാടി വൈഷ്ണവത്തില്‍ പി.ജി.ആനന്ദ്കുമാര്‍.ജില്ലാ പഞ്ചായത്തിലേക്കു മൂന്നാം തവണയാണ് മത്സരക്കുന്നത്.ഭാര്യ നിജികുമാരിയും മകള്‍ ആര്യയും അടങ്ങുന്നതാണ് കുടുംബം.

      വെള്ളമുണ്ട പുത്തൂര്‍ ഷബീര്‍ മന്‍സിലില്‍ മമ്മൂട്ടി-റംല ദമ്പതികളുടെ മകനാണ് 35കാരനായ ഷബീര്‍ അലി പൂത്തൂര്‍.ഭാര്യ ഫസ്‌നയും ഹയ,യാറ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.ആദ്യമായാണ്  തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *