April 27, 2024

പ്രേമരാജൻ വൈദ്യർ : ആയുർവ്വേദ സിദ്ധ ചികിത്സയിലെ അത്ഭുതക്കൈപ്പുണ്യം

0
Img 20210216 Wa0061

ജിത്തു തമ്പുരാൻ
വയനാട് മാനന്തവാടി ദ്വാരക സേക്രഡ് ഹാർട്ട് സ്കൂളിന് പിറകുവശത്തുള്ള റോഡിലൂടെ ഒരല്പം മുന്നോട്ടുപോയാൽ പ്രേമരാജൻ വൈദ്യരുടെ വീട് കാണാം …. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് പ്രേമരാജൻ വൈദ്യരെ തിരക്കി രോഗികൾ ഇവിടെ എത്തുന്നു …. പ്രേമേട്ടൻറെ ജീവിതകഥ അത്ഭുതപ്പെടുത്തുന്നതാണ് … അറിയപ്പെടുന്ന ഒരു കവി കൂടിയായ പ്രേമേട്ടൻ അടിയന്തിരാവസ്ഥക്കാലത്ത് വ്യവസ്ഥിതികൾ ക്കെതിരെ പോരാടി ജയിൽവാസം അനുഷ്ഠിച്ച വ്യക്തിയാണ് … അന്ന് അദ്ദേഹം കൗമാരക്കാരൻ ആയിരുന്നു …. പി ഡബ്ല്യു ഡി ക്ലാർക്ക് ആയി ഗവൺമെൻറ് സർവീസിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ അദ്ദേഹം മുഴുവൻ സമയം വൈദ്യം അനുഷ്ടിക്കുകയാണ് … പ്രേമേട്ടൻറെ ജീവിതം പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ് …. വരികൾക്കിടയിലൂടെ വായിക്കുക …. ചിലതൊക്കെ നമുക്ക് പഠിക്കാൻ സാധിക്കും …. സ്വന്തം അമ്മ പാരമ്പര്യ സ്വത്തായി കൊടുത്ത ഒരു ഓട്ട് ചട്ടുകത്തെ സമ്പൂർണ്ണമായി വിശ്വസിച്ച് മാതൃ ഭക്തിയിലൂടെ ഭിഷഗ്വരനായ പ്രേമേട്ടൻ …. പെറ്റമ്മയാണ് ദൈവം എന്ന് ലോകത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പച്ച മനുഷ്യനാണ് ….

 

Q : പാരമ്പര്യ വൈദ്യത്തിൽ പ്രേമേട്ടൻ എത്തിപ്പെടും എന്ന് ഒരിക്കലും ആരും പ്രതീക്ഷിച്ചതല്ല …. പക്ഷേ ഇപ്പോൾ അങ്ങ് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് …. ഇവിടെ എത്താനുള്ള വഴി എങ്ങനെ ഉണ്ടായി ?

Ans :പാരമ്പര്യ വൈദ്യ ത്തിന് പരമ്പരാഗതമായതും ശാസ്ത്രീയമായതും ദാർശനികമായതുമായ മുഖങ്ങളുണ്ട് .എനിക്ക് എൻ്റെ അമ്മയായ മാക്കി അക്കമ്മ പാരമ്പര്യ സ്വത്ത് എന്ന വിധത്തിൽ ഒരു ഓട്ട് ചട്ടുകം മാത്രമാണ് തന്നത് . എസ്എസ്എൽസിക്ക് നല്ല മാർക്ക് ഉണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകളും പട്ടിണിയും ദാരിദ്ര്യവും കാരണം എനിക്ക് കോളേജ് പഠനത്തിലേക്ക് പോകുവാൻ സാധിച്ചില്ല . തുടർന്ന് പഠിക്കണമോ അഥവാ എന്തു ചെയ്യണം എന്ന് അന്നന്നത്തെ അഷ്ടിക്ക് വകയില്ലാത്ത വീട്ടിൽ ഞാൻ ചോദിക്കാൻ പോലും മിനക്കെട്ടില്ല .അന്നത്തെ ഏക അറിവിൻറെ ഉറവിടം വൈകി കിട്ടുന്ന പത്രങ്ങൾ ആയിരുന്നു .അടിയന്തിരാവസ്ഥ വന്നതോടുകൂടി പത്രങ്ങൾക്ക് സെൻസർഷിപ്പ് വരികയും ഞങ്ങളെ പോലുള്ളവരുടെ അറിവിനെത്തന്നെ അത് കൊട്ടിയടക്കുകയും ചെയ്തു .ഇപ്പോൾ പൗരാവകാശ ത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന സാക്ഷാൽ ദേശാഭിമാനി പോലും അന്ന് അതിനെതിരെയൊന്നും മുഖപ്രസംഗം എഴുതിയിട്ടില്ല .ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ആ അവസ്ഥയ്ക്ക് എതിരായി പോരാടുന്നവരുടെ കൂടെ ഞാനും എത്തിച്ചേർന്നു. കൽപ്പറ്റയിൽ ഞങ്ങൾ ഒരു കൂട്ടം ആൾക്കാർ സമരത്തിൽ ഏർപ്പെട്ടു. അന്നെനിക്ക് 16 -17 വയസ്സ് മാത്രമാണ് പ്രായം.അന്ന് ഞങ്ങളെ ഡിഫൻസ് ഓഫ് ഇൻറേൺ റൂൾ ഉപയോഗിച്ച് കോഴിക്കോട് സബ് ജയിലിൽ റിമാൻഡ് ചെയ്ത് അടച്ചു . പ്രൊബേഷൻ ഓഫീസർ ഈ സമരം ചെയ്തത് തെറ്റാണ് എന്ന് മാപ്പ് എഴുതി കൊടുത്താൽ വെറുതെ വിടാം എന്ന് പറഞ്ഞു .ഞങ്ങൾ പറഞ്ഞു ഞങ്ങൾ ചെയ്തതാണ് ശരി ഒരിക്കലും മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല .ഒടുക്കം പ്രായംകുറഞ്ഞ സമര പ്രതിനിധികൾ എന്ന നിലയിൽ ഞങ്ങളെ ദുർഗുണ പരിഹാരപാഠശാലയിൽ അടച്ചു .

 

Q : ദുർഗുണ പരിഹാരപാഠശാലയിൽ അന്നത്തെ ജീവിതം എങ്ങനെയായിരുന്നു ?

ദുർഗുണ പരിഹാര പാഠശാല യിലെ അധികൃതർ അന്ന് ഞങ്ങളെ വേറെ പ്രത്യേക സെല്ലിൽ വിടുകയാണ് ഉണ്ടായത്.അതിനു വ്യക്തമായ കാരണങ്ങളുണ്ട്.കേരളത്തിൻറെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള ക്രിമിനലുകളായ കുട്ടികളെ മുഴുവൻ അവിടെ ഇവിടെ സംഭരിച്ചു വെച്ചത് പോലെ ആയിരുന്നു .അവരുടെ സ്വാധീനവും ഭീഷണിയും കൊണ്ട് അവിടെ എത്തിപ്പെടുന്നവർ ശിക്ഷ കഴിഞ്ഞ് തിരിച്ചു പോവുക സമ്പൂർണ്ണ കള്ളന്മാരും ക്രിമിനലുകളും ആയിട്ടായിരുന്നു .അവിടെ സംഭവിച്ചത് ദുർഗുണപരിഹാര നടപടി ആയിരുന്നില്ല.സദ്ഗുണ ദുരീകരണ നടപടിയായിരുന്നു. അവിടുത്തെ സ്വാധീനത്തിൽ പെട്ട് നശിച്ചു പോകാതിരിക്കാനാണ് ഞങ്ങളെ പ്രത്യേക സെല്ലിൽ അടച്ചുപൂട്ടിയത്.ആദ്യം എത്തുന്ന കുട്ടികളെ അവിടുത്തെ കക്കൂസ് കോരാൻ ആണ് അയച്ചിരുന്നത്.വിസമ്മതിക്കുന്നവരെ മുഖം പിടിച്ച് അങ്ങോട്ട് ഉന്തി വിടുമായിരുന്നു. ഇതുകൂടാതെ സ്വവർഗരതി അടക്കമുള്ള എല്ലാ വൃത്തികേടുകളും അന്ന് ദുർഗുണ പരിഹാര പാഠശാലയിൽ നടമാടിയിരുന്നു. അവിടുത്തെ നല്ലവരായ ചില ഉദ്യോഗസ്ഥർ , ഐജി ജയിൽ സന്ദർശനത്തിന് വന്നപ്പോൾ ഞങ്ങളെ ജയിലിലേക്ക് തന്നെ മാറ്റാൻ ശുപാർശ ചെയ്തു. അടിയന്തരാവസ്ഥ സമ്പൂർണം ആവുകയും തൊട്ടടുത്ത ഇലക്ഷനിൽ ഇന്ദിരാഗാന്ധി ദയനീയമായി പരാജയപ്പെടുകയും കുറച്ച് ആഴ്ചകൾക്കു ശേഷം കേരള ഇടതുപക്ഷത്തെ കരയിപ്പിച്ചു കൊണ്ട് സഖാവ് എ കെ ഗോപാലൻ മരിച്ചു പോവുകയും ഒക്കെ ചെയ്തത് ഞങ്ങൾ അറിഞ്ഞത് ജയിലിനുള്ളിൽ നിന്ന് തന്നെയാണ്. അടിയന്തരാവസ്ഥ കാലം കഴിഞ്ഞിട്ടും ഞങ്ങളെ ജയിലിൽ നിന്ന് പുറത്തു വിടാതെ അവിടെത്തന്നെ പൂട്ടിയിട്ടു. ഒടുക്കം ഞങ്ങൾ 13 പേർ , അതിൽ ഏഴു പേർ ആദിവാസികളായിരുന്നു , അനാവശ്യമായി ജയിലിൽ പാർപ്പിക്കുന്നു എന്ന് ആരോപിച്ച് എട്ടു ദിവസത്തോളം വാശിയോടെ നിരാഹാരം കിടന്നു. അതിനുശേഷമാണ് ഞങ്ങളെ ജയിലിൽ നിന്ന് പുറത്തു വിടാൻ ഉത്തരവ് ആകുന്നത്. അന്നത്തെ ആഭ്യന്തരമന്ത്രി ആയിരുന്ന അഡ്വക്കേറ്റ് കെ എം മാണി ആണ് ഞങ്ങളെ പുറത്തു വിടാൻ ഉത്തരവ് പുറപ്പെടുവിക്കുന്നത് .

Q : ശേഷം തുടർപഠനം എങ്ങനെയായിരുന്നു ?

Ans : നാട്ടിലെത്തി കൂലിപ്പണി ഒക്കെ എടുത്തു കുറച്ച് പണം സമ്പാദിച്ചു. അതിനുശേഷമാണ് ബത്തേരി സെൻറ് മേരീസ് കോളേജിൽ പ്രീ ഡിഗ്രിക്ക് ചേരാൻ പുറപ്പെടുന്നത് . ആദ്യ വർഷം വലിയ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു. രണ്ടാമത്തെ വർഷം ഫീസ് അടക്കാൻ പൈസ ഇല്ലാതെ ആയപ്പോൾ പ്രിൻസിപ്പാൾ ആയ മിസ്റ്റർ സാം കുര്യൻ എന്നെ വിളിച്ച് പൈസ അടയ്ക്കാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു . സാമ്പത്തികം ഇല്ലാത്തതു കൊണ്ടാണ് എന്ന് പറഞ്ഞപ്പോൾ പണമില്ലാത്ത നീയൊക്കെ എന്തിനാണ് കോളേജിൽ ചേർന്നത് എന്ന മറുചോദ്യമായിരുന്നു എനിക്ക് കിട്ടിയ മറുപടി. എന്തായാലും അതോടുകൂടി കോളേജ് പഠനം എന്നെന്നേയ്ക്കുമായി അവസാനിക്കുകയായിരുന്നു . എന്തായാലും അധികം വൈകാതെ ദാരിദ്ര്യത്തിന് പരിഹാരം ഉണ്ടായി . കണിയാമ്പറ്റ പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി ഉദ്യോഗം ലഭിച്ചു. പിഎസ്സിക്ക് പഠിച്ച് എഴുതി പി ഡബ്ല്യു ഡി ക്ലാർക്ക് ആയി ജോലിയിൽ പ്രവേശിച്ചു. അതോടുകൂടി ഭക്ഷണത്തിനുള്ള ബുദ്ധിമുട്ട് ഒക്കെ മാറി തുടങ്ങി .

Q :ഈ കാലഘട്ടത്തിൽ എങ്ങനെയാണ് വൈദ്യം വരുന്നത് ? എന്താണ് ഈ പാരമ്പര്യ വൈദ്യത്തിന്റെ ബെയ്സ്മെൻറ് ?

എൻറെ മരുന്ന് എനിക്കുമാത്രം ഉണ്ടാക്കാൻ സാധിക്കുന്നതാണ്.ഞാൻ പല മരുന്നുകളും മണത്തുനോക്കി മനസ്സിലാക്കുന്ന ആളായിരുന്നു . അവയുടെ കൂട്ടത്തിൽ ഏതോ ഒരു ചെടി അവ്യക്തമായ രൂപത്തോടെയുള്ള ഒരാൾ എന്നെ എടുത്തു കാണിച്ചു കൊണ്ടു പറഞ്ഞു : ഇത് ക്യാൻസർ പോലുള്ള അസുഖങ്ങൾക്ക് വളരെ നല്ലതാണ് . നട്ടപ്പാതിരയ്ക്ക് ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നപ്പോൾ മുറിയിൽ മുഴുവൻ ആ മരുന്നിൻറെ മണം പരന്നിട്ടുണ്ടായിരുന്നു . അതിനു ശേഷം വിവിധ ക്യാൻസർ രോഗികൾ എൻറെ അടുത്തുവന്ന് ഈ മരുന്ന് കഴിച്ച് സുഖപ്പെട്ടു പോയിട്ടുണ്ട്. ഏകദേശം 22 വർഷമായി ഈ ചികിത്സ തുടർന്നുപോരുന്നു.

Q : പ്രേമേട്ടൻറെ എണ്ണ ചികിത്സ വളരെ ഫേമസ് ആയിട്ടുള്ള ഒരു കാര്യമാണല്ലോ ?അതിനെക്കുറിച്ച് എന്തു പറയുന്നു ?

Ans : ചെറിയ ചെറിയ ചേരുവകളുടെ മാറ്റത്തോടെ അറുപതിൽ അധികം രോഗങ്ങൾക്ക് ഈ എണ്ണ ഫലപ്രദമാണ് എന്ന് രോഗം മാറിയവർ സാക്ഷ്യപ്പെടുത്തി കൊണ്ടേയിരിക്കുന്നു . ദേഹത്തെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നവർക്ക് ഇത് വളരെ ഫലപ്രദമാണ്. ഏത് ക്ലോട്ട് ആയ രക്തവും ഈ എണ്ണ കൊണ്ട് ഇളക്കി കളയാൻ സാധിക്കും. വെരിക്കോസിസ് വെയിൻ ബാധിച്ചവർക്ക് ആണ് എണ്ണ ഏറ്റവും കൂടുതൽ ഫലപ്രദമായി കാണപ്പെടുന്നത്. വെരിക്കോസിസ് വെയിൻ ബാധിച്ച ഞരമ്പുകൾ മുറിച്ചുകളയുന്നവർക്ക് പിന്നീട് നടക്കാൻ തന്നെ ബുദ്ധിമുട്ട് ഉണ്ടാവുകയും അങ്ങനെ അംഗവൈകല്യം ബാധിച്ചവരെ പോലെ ജീവിതകാലം മുഴുവൻ അവർ കഴിയേണ്ടി വരികയും ചെയ്യുന്നുണ്ട്.

തീപ്പൊള്ളൽ , വാത സംബന്ധമായ എല്ലാ സുഖങ്ങളും ചതവ് തുടങ്ങി ഏത് ബാഹ്യ കാഴ്ചയിൽ അറിയാൻ പറ്റുന്ന അസുഖത്തിനും ഈ എണ്ണ വളരെ ഫലപ്രദമാണ് .

Q : ഇത് എങ്ങനെ മാർക്കറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ?

Ans : പല വ്യക്തികളും കച്ചവട കമ്പനികളും എന്നെ സമീപിച്ച് പതിനായിരവും ലക്ഷവും തരാമെന്നു പറഞ്ഞ് എണ്ണയുടെ രഹസ്യ കൂട്ട് എൻറെ അടുത്തുനിന്ന് ആവശ്യപ്പെടുന്നുണ്ട് . പക്ഷേ ഞാൻ ഇത് കച്ചവടമാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഗവൺമെൻറ് തലത്തിൽനിന്ന് സപ്പോർട്ട് ഉണ്ടാവുകയാണെങ്കിൽ ഇതിൻറെ നിർമ്മാണത്തിലും റോ മെറ്റീരിയൽ ഉൽപാദനത്തിലും വിപണനത്തിലും എല്ലാം നമ്മുടെ നാട്ടിലെ സഹോദരി സഹോദരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ജനകീയ സംരംഭം ആക്കാൻ എനിക്ക് താൽപര്യം ഉണ്ട് . ഞാനുൾപ്പെടുന്ന ഒരു സൊസൈറ്റി രൂപീകരിച്ച് ഇതിൻറെ പ്രചരണം നടത്തി എല്ലാ വീടുകളിലും ലും മിതവും ന്യായവുമായ വിലക്ക് ഇത് വിതരണം ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് . കടന്നൽ ,തേനീച്ച വേട്ടാളിയൻ , വിഷ ഉറുമ്പ് , എന്നീ ക്ഷുദ്ര ജീവികൾ കുത്തുന്നതിനു വരെ എണ്ണ വളരെ ഫലപ്രദമാണ്. ഓരോ വീട്ടിലും ഒരു ഫസ്റ്റ് എയ്ഡ് മരുന്നായി ഇത് സൂക്ഷിക്കണം .

Q : എന്താണ് ഈ എണ്ണയ്ക്ക് അങ്ങ് കൊടുത്തിട്ടുള്ള പേര് ?

കച്ചവട താല്പര്യം ഇല്ലാത്തതിനാൽ എണ്ണക്ക് ഞാൻ പേരു കൊടുക്കുകയോ ലേബൽ ഒട്ടിക്കുകയോ ചെയ്തിട്ടില്ല. പാരമ്പര്യ നാട്ടു വൈദ്യൻ മാർക്ക് ഇഷ്യു ചെയ്യുന്ന ഇന്ത്യ ഗവണ്മെൻറിനാൽ അംഗീകൃതമായ നാഷണൽ ഡെവലപ്മെൻറ് ഏജൻസി മുഖേന ലഭിച്ചിട്ടുള്ള ഭാരത് സേവക് സമാജ് സർട്ടിഫിക്കറ്റ് ആണ് എൻറെ കയ്യിൽ ഉള്ളത്.

Q : വെരിക്കോസിസ് വെയിൻ അസുഖം എന്താണ് ഇതെങ്ങനെയാണ് സംഭവിക്കുന്നത് ?

Ans : കാലിൻറെ മേലെ ഒരു ഞരമ്പ് പൊങ്ങി കാണുന്നതുകൊണ്ട് അത് വെരിക്കോസിസ് ആണ് എന്ന് ഉറപ്പിക്കരുത് . കാലിലെ ഞരമ്പ് തടിച്ച രക്തം കട്ട പിടിച്ചിട്ടുണ്ട് എന്ന് നൂറു ശതമാനം ഉറപ്പ് കിട്ടിയതിനുശേഷം മാത്രമേ അത് വെരിക്കോസിസ് ആണ് എന്ന് ഉറപ്പിക്കാൻ സാധിക്കൂ . കാലിന് അനാവശ്യമായ തരിപ്പ്, പുകച്ചിൽ ,നീർക്കെട്ട്, നടക്കുമ്പോൾ പെട്ടെന്ന് ഇരിക്കാൻ തോന്നൽ എന്നിവയൊക്കെ ഞരമ്പു തടിപ്പിന് ഒപ്പം ഉണ്ടെങ്കിൽ മാത്രമേ അത് വെരിക്കോസിസ് ആണെന്ന് പറയുവാൻ സാധിക്കൂ. ബ്ലഡ് സർക്കുലേഷൻ തടസ്സപ്പെട്ടു കട്ടപിടിക്കുന്ന അവസ്ഥയിലാണ് മേൽപ്പറഞ്ഞ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത്. ഈ അവസ്ഥയിൽ രക്തചംക്രമണത്തിന് സഹായിക്കുന്ന ജന്മനാ ശരീര വ്യവസ്ഥയിൽ ഉണ്ടാകുന്ന കുഴലുകൾ ആയ ഞരമ്പുകൾ ഉപയോഗശൂന്യമായി പോകുന്നു. ഇതാണ് വെരിക്കോസിസ് വെയിൻ എന്ന പേരിൽ അറിയപ്പെടുന്നത്. നാം നിലത്ത് ചവിട്ടി ലംബമായി നിൽക്കുന്ന ശരീരപ്രകൃതി ഉള്ളവർ ആയതുകൊണ്ട് ഏറ്റവും കൂടുതൽ നമ്മുടെ ശരീരഭാരം ഭൂഗുരുത്വ ആകർഷണത്തിന് നേർക്കു പോകുന്ന കാലുകളിൽ അത് വെരിക്കോസിസ് വെയിൻ ആയി മാറുന്നു . കൈകളിൽ തരിപ്പ് അനുഭവപ്പെടും . ഹൃദയഭാഗത്ത് ആണെങ്കിൽ ക്ലോട്ട് ബ്ലോക്ക് എന്നിവ അനുഭവപ്പെട്ട് ഹാർട്ട് അറ്റാക്ക് ആയി മാറും. ഇതെല്ലാം സംഭവിക്കുന്നത് രക്തം ഒഴുക്കില്ലാതെ കട്ടപിടിച്ചു പോകുന്നതുകൊണ്ടാണ് . ഈ എണ്ണയിൽ ഉണ്ടാക്കുന്ന ഔഷധം നമ്മുടെ ശരീരവും രക്തവും വലിച്ചെടുത്ത് സ്വാഭാവിക തടസ്സങ്ങളെ സ്വയം ദൂരീകരിക്കുന്നു.നെറ്റിയിൽ ആണ് ക്ലോട്ട് ഉണ്ടാകുന്നത് എങ്കിൽ അത് മൈഗ്രെയിൻ എന്ന് പേരുള്ള തലവേദന ആയിട്ടാണ് മാറുന്നത്. മൈഗ്രൈന് ഈ എണ്ണ വളരെ നല്ലതാണ്

Q : തീപ്പൊള്ളലിന് ഫലപ്രദം എന്ന് പറഞ്ഞല്ലോ ? ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് ?

അഗ്നിയുടെ സ്വാധീനം കൊണ്ട് പെട്ടെന്നുണ്ടാകുന്ന ഒരു ഉദ്ദീപനത്തിലൂടെ നമ്മുടെ ശരീരത്തിലെ രക്ത ചംക്രമണ വ്യവസ്ഥ അടക്കം തകരാറിലായി പോകുന്ന പ്രതിഭാസമാണ് പൊള്ളൽ എന്ന് അറിയപ്പെടുന്നത്. ആദ്യമായി പൊള്ളലിന്റെ ലക്ഷണം ശരീരത്തിൻറെ ബാഹ്യ ഭാഗത്ത് മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ . പൊള്ളലേറ്റ ഉടനെ രോഗി സംസാരിക്കുകയും പ്രസരിപ്പ് കാണിക്കുകയും ഒക്കെ ചെയ്യും. പക്ഷേ ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന ആന്തരിക അണു വ്യാപനത്തിലൂടെ ആണ് പൊള്ളലേറ്റ രോഗി മരിച്ചു പോകുന്നത്. ഈ തൈലം പൊള്ളലേറ്റ വ്യക്തിക്ക് പുരട്ടിയാൽ ഒരു ഒരു ആവരണ കവചം പോലെ ദേഹത്തെ സംരക്ഷിക്കുകയും അവിടെ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ അണുബാധകളിൽ നിന്നും മനുഷ്യ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ബ്ലഡ് സർക്കുലേഷൻ സാധാരണപ്പെടുത്തുന്ന തോടുകൂടി മൃതകോശങ്ങളെ കീഴ്പ്പെടുത്തി ജീവ കോശങ്ങളെ ശരീരത്തിൽ ആധിപത്യം നേടാൻ സഹായിക്കുന്നു. നീര് വെക്കുകയില്ല , രക്തം അനാവശ്യമായി കട്ട പിടിക്കുകയില്ല , അമിത വേദന ഉണ്ടാകുകയില്ല എന്നതൊക്കെയാണ് ഈ എണ്ണയുടെ ഗുണഫലങ്ങൾ .ബീഡി രോഗം ബാധിച്ച് കാലുകൾ മുറിച്ചുമാറ്റാൻ ഞാൻ ഡോക്ടർമാർ ആവശ്യപ്പെട്ട ഒരു ആദിവാസി യുവാവിനെ ഈ എണ്ണ പുരട്ടി 90 ശതമാനം സുഖപ്പെടുത്തി യിട്ടുണ്ട് . നിക്കോട്ടിൻ ചോരയിൽ കലർന്നിട്ടാണ് ബീഡി രോഗം ഉണ്ടാകുന്നത്. ധൂമപാനം നിഷ്ക്രിയ ധൂമപാനം പുകയില ഉപയോഗം എന്നിവ കൊണ്ടൊക്കെ ഇത് സംഭവിക്കുന്നു .

Q. വെരിക്കോസിസ് വെയിൻ പാരമ്പര്യമായി ഉണ്ടാകുന്നുണ്ടോ ?

Ans : അങ്ങനെ വന്നതായും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ തൈലം പാരമ്പര്യമായി വരുന്ന വെരിക്കോസിസിനും ഫലപ്രദമാണ്. ഷുഗർ രോഗികൾ ആയുർവേദമോ അലോപ്പതിയോ ഏതു മരുന്ന് കഴിക്കുന്നവരാണ് മരുന്ന് ഉപയോഗത്തിന് ഒപ്പം ക്രമാനുഗതമായി ഈ എണ്ണ പുരട്ടിയാൽ അവരുടെ തടസ്സപ്പെട്ടു പോയ രക്തചംക്രമണം ത്വരിതപ്പെടുത്തുന്നുണ്ട് എന്ന് തെളിവ് കിട്ടിയിട്ടുണ്ട്. പക്ഷേ ഷുഗറിന് മരുന്നു കൊടുക്കാൻ മാത്രം ഞാൻ ആളല്ല .

Q : ക്യാൻസർ രോഗികൾ വരാറുണ്ട് എന്നു പറഞ്ഞല്ലോ ?

Ans : ക്യാൻസറാണ് എന്ന് സ്ഥിരീകരിക്കുന്നത് ഞാനല്ല .ആധുനിക വൈദ്യശാസ്ത്രത്തിലെ വിദഗ്ധർ തന്നെയാണ്. ക്യാൻസർ രോഗികൾ ഏതു മരുന്നു കഴിച്ചാലും ആ മരുന്നിനൊപ്പം ഈ തൈലം ഉപയോഗിച്ചാൽ അത് അവരുടെ രക്തത്തിൽ കലർന്നിട്ടുള്ള അപകടകരമായ വസ്തുക്കളെല്ലാം പുറന്തള്ളി കളയുന്നതിന് ആക്കം കൂട്ടുന്നു എന്നും എളുപ്പം രോഗം സുഖപ്പെടാൻ സഹായകമാകുന്നു എന്നും രോഗികളും ബന്ധുക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്യാൻസർ രോഗികൾക്ക് പ്രതിരോധശക്തി കൂട്ടാൻ ഉള്ളിൽ കഴിക്കാനുള്ള പച്ചമരുന്നും കൊടുക്കുന്നുണ്ട്. മറ്റു ചികിത്സയ്ക്ക് ഒപ്പം ഇതുകൂടി കഴിക്കുമ്പോൾ പെട്ടെന്ന് ആരോഗ്യവാന്മാരാകാൻ സാധിക്കുന്നു . ഈ പച്ചമരുന്ന് പ്രോട്ടീൻ പൗഡർ ഒക്കെ പോലെ ഒരു ബൂസ്റ്റർ ആയിട്ടാണ് കാണേണ്ടത് . ക്യാൻസറിന്റെ മരുന്നാണ് എന്നു പറഞ്ഞു കൊണ്ട് തർക്കിക്കാൻ ഒന്നും ഞാൻ നിൽക്കുകയില്ല. കീമോതെറാപ്പി പോലും സാധ്യമല്ലാത്ത അവസ്ഥയിൽ ക്ഷീണിതരായ കുറച്ചുപേർക്ക് പച്ചമരുന്ന് കൊണ്ട് അൽപ്പമൊക്കെ ആയുസ്സ് നീട്ടിക്കിട്ടിയതായി പറഞ്ഞുകേൾക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ ഒരു മരുന്നും കഴിച്ചിട്ട് കാര്യമില്ല എന്നതും ഓർമിക്കണം . അന്നനാള ക്യാൻസർ വായിലെ ക്യാൻസർ തൊണ്ടയിലെ ക്യാൻസർ ഇവയൊക്കെ വരുന്നവർ ആദ്യഘട്ടങ്ങളിൽ തന്നെ മരിച്ചു പോകുന്നത് ശരീരത്തിന് ആവശ്യമുള്ള ഭക്ഷ്യപദാർത്ഥങ്ങൾ ഉള്ളിൽ ചെല്ലാൻ പറ്റുന്നില്ല അതുകൊണ്ടാണ് .

Q : കുട്ടികൾക്ക് ചെറുപ്പകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എന്തെങ്കിലും മരുന്ന് കൊടുക്കാറുണ്ടോ ?

Ans : ബാല്യാവസ്ഥയിൽ സ്ഥിരമായി പിന്തുടർന്നു പോരുന്ന അരിഷ്ടത കളായ ജലദോഷം കഫക്കെട്ട് തലവേദന പ്രസരിപ്പ് കുറവ് തുടങ്ങിയവയ്ക്കുള്ള എണ്ണയും മരുന്നും കൊടുക്കാറുണ്ട് . ദന്തരോഗങ്ങൾക്ക് ഫലപ്രദമായ പച്ചില പൽപ്പൊടി ഉണ്ടാക്കുന്നുണ്ട്.ഇതുകൊണ്ട് മിക്ക ദന്തരോഗങ്ങളും സുഖപ്പെടുന്നതായി അനുഭവസ്ഥർ പറയുന്നുണ്ട്.ഇവിടുത്തെ മരുന്നുകൊണ്ട് പല്ലുവേദന മോണപഴുപ്പ് എന്നിവ നിശേഷം മാറും. ഈ മരുന്ന് അഥവാ തൊണ്ടയിലൂടെ ഉള്ളിലേക്ക് ഇറങ്ങി പോയാലും വയറ്റിലുള്ള അൾസർ പോലുള്ള പുണ്ണ് ഒക്കെ അതുകൊണ്ട് മാറുകയും ചെയ്യും. ഞാൻ മരുന്നിനു ഉപയോഗിക്കുന്ന സസ്യങ്ങൾ ഒക്കെ നമ്മുടെ കണ്ണിനു മുൻപിൽ സ്ഥിരം കാണുന്ന പലതുമാണ്.ഗവൺമെൻറ് തലത്തിലുള്ള ഏതെങ്കിലുമൊരു അതോറിറ്റി സഹായിക്കാൻ വന്നാൽ ഒരുപാട് വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉപജീവനത്തിനുള്ള മാർഗ്ഗം ആയി ഇത് കൈമാറാൻ ഞാൻ തയ്യാറാണ് . അല്ലാതെ വെറും കച്ചവട ആവശ്യങ്ങൾക്ക് വേണ്ടി എന്നെ സമീപിക്കരുത് എന്ന് ഞാൻ അപേക്ഷിക്കുന്നു . എല്ലാ അസുഖത്തിനും ഡോക്ടറെ ചെന്നു കാണുന്ന ഒരു പ്രവണതയിൽ നിന്ന് ആരോഗ്യകരമായ ജീവിതം നയിക്കുന്ന ഒരു സമൂഹത്തിലേക്ക് നമുക്ക് എത്തിച്ചേരാനും ഇത്തരം പാരമ്പര്യ നാട്ടുവൈദ്യം കൊണ്ട് സാധിക്കും. പാരമ്പര്യ വൈദ്യർ ഏതെങ്കിലും അസുഖത്തിന് അലോപ്പതി ഡോക്ടറെ കാണാൻ പോകുന്നുണ്ടെങ്കിൽ അതിനെ കളിയാക്കേണ്ട ആവശ്യമൊന്നുമില്ല. അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നത് ഒരുപക്ഷേ താൽക്കാലികമായി മരുന്നിൻറെ ചെലവിനും ബിസിനസിനും മാത്രമേ ഗുണകരം ആവുകയുള്ളൂ . മരുന്നിൻറെ ബെയ്സ് വെളിച്ചെണ്ണയാണ് അതുകൊണ്ടുതന്നെ കേര കർഷകർക്കും ഇത്തരം ചികിത്സ കൊണ്ട് കൈത്താങ്ങ് വരുന്നുണ്ട്.വനിതാ ശാക്തീകരണത്തിന് ഇവിടുത്തെ ഉൽപ്പന്നങ്ങൾ കുടുംബശ്രീ പ്രവർത്തകരായ സഹോദരിമാർക്ക് വിൽപ്പനക്കായി കൊടുത്തുവിടാൻ ഞാൻ തയ്യാറാണ് .മരുന്നിന് ആവശ്യമായ ചെടികൾ കൃഷി ചെയ്തു തന്നെ ഒത്തിരി കുടുംബങ്ങൾക്ക് ജീവിക്കാൻ സാധിക്കും. കൂടാതെ ഓരോ വീട്ടിലും ആരോഗ്യം എന്ന് നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യും . കുടിൽ വ്യവസായം പോലെ തന്നെ ഈ നാടെങ്ങും വിപുലപ്പെടുത്താൻ ആഗ്രഹമുണ്ട്. ഇതുകൊണ്ട് വ്യക്തിപരമായി ലക്ഷങ്ങൾ സമ്പാദിക്കാൻ എനിക്ക് തീരെ താല്പര്യമില്ല.ഇവിടുത്തെ മരുന്നുകൊണ്ട് ജീവിതം തിരികെ കിട്ടിയ ഒട്ടനവധി പേരുടെ പ്രാർത്ഥനകളും ആത്മവിശ്വാസവും സന്തോഷവുമാണ് എൻറെ വൈദ്യത്തിൻറെ ഊർജ്ജം .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *