April 27, 2024

ചന്ദനമര സംരംക്ഷണ പദ്ധതിയുമായി വനംവകുപ്പ്

0
Gridart 20220515 0759016122.jpg
തിരുവനന്തപുരം : ചന്ദനമരങ്ങളുടെ സംരക്ഷണത്തിനായി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ചന്ദനമരങ്ങളുടെ കൃത്രിമ പുനരുജ്ജീവനം സാധ്യമാക്കുന്നതിനും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി വരുന്ന മൂന്നു വര്‍ഷക്കാലയളവിലേക്കുള്ള 23.34 കോടിയുടെ പദ്ധതികള്‍ വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി 2022-23, 2023-24, 2024-25 എന്നീ വര്‍ഷങ്ങളിലായി വനം വകുപ്പില്‍ ആകെ 209 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതില്‍ നിന്നും ചന്ദനമരങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായുള്ള പദ്ധതിയ്ക്കായി 23.34 കോടി രൂപയാണ് നീക്കിവെച്ചത്. സ്വാഭാവിക ചന്ദനക്കാടുകളുടെ സംരക്ഷണത്തിന് 2051.36 ലക്ഷവും ചന്ദനക്കാടുകളുടെ പ്രത്യേക പരിപാലനത്തിന് 114 ലക്ഷവും തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളില്‍ ചന്ദന മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് 182 ലക്ഷവുമാണ് വകയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത 200 ഹെക്ടര്‍ പ്രദേശങ്ങളില്‍ രണ്ട് ലക്ഷം ചന്ദനതൈകള്‍ വച്ചുപിടിപ്പിക്കും. അതോടൊപ്പം ചന്ദന തൈകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ എണ്ണം ഉചിതമായ ആതിഥേയ വൃക്ഷത്തൈകളും വച്ചുപിടിപ്പിക്കും.
ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷന്റെ ധനസഹായത്തോടെ അട്ടപ്പാടി ഹില്‍സ് ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി മുഖേന നടത്തിയ ഇക്കോ റിസ്റ്റൊറേഷന്‍ പദ്ധതി പ്രകാരം മണ്ണാര്‍ക്കാട് ഡിവിഷനില്‍ 51000 ചന്ദന മരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചത് ചന്ദമരങ്ങള്‍ പുരുജ്ജീവിപ്പിക്കാന്‍ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കേരള വനം വകുപ്പിന് കീഴിലുള്ള 11 വനം ഡിവിഷനുകളിലായി 3670 ഹെക്ടര്‍ ചന്ദനക്കാടുകളാണുള്ളത്.
ചന്ദനമരങ്ങള്‍ക്ക് സവിശേഷ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2005-ല്‍ മൂന്നാര്‍ വനം ഡിവിഷനില്‍ നിന്നും ചന്ദനമരങ്ങള്‍ വളരുന്ന പ്രദേശത്തിനു മാത്രമായി മറയൂര്‍ ചന്ദന ഡിവിഷന്‍ രൂപീകരിച്ചത്. കമ്പിവേലി നിര്‍മ്മിച്ചും സ്ഥിരമായ ക്യാംപ് ഷെഡുകള്‍ സ്ഥാപിച്ചുമാണ് മറയൂരില്‍ ചന്ദനമരങ്ങള്‍ ഫലപ്രദമായി സംരക്ഷിച്ചു വരുന്നത്. ഇപ്രകാരമുള്ള ചന്ദന സംരക്ഷണരീതികള്‍ അടിയന്തരമായി മണ്ണാര്‍ക്കാട് ഡിവിഷനിലും നടപ്പിലാക്കും. 
ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ചന്ദനമരങ്ങളിലെ രാജ്ഞി എന്ന പേരില്‍ ലോകോത്തര പ്രസിദ്ധി നേടിയവയാണ് മറയൂര്‍ ചന്ദനമരങ്ങള്‍. മൂല്യമേറിയ ചന്ദനതൈലം ലഭിക്കുമെന്നതിനാല്‍ അനധികൃതമായി ഈ മരങ്ങള്‍ മുറിച്ചു കടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇതിനെല്ലാം ശാശ്വത പരിഹാരമെന്ന നിലയിലാണ് ചന്ദന മരങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി ബൃഹത്തായ പദ്ധതി വനം വകുപ്പ് വിഭാവനം ചെയ്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *