April 27, 2024

തപാൽ വോട്ട് ആവശ്യമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

0
തപാല്‍ ബാലറ്റ് ലഭിക്കുന്നത് എങ്ങനെ ? 
കോവിഡ് ബാധിതരുടെയും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്തുന്നതിന് സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറും സ്‌പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റും അടങ്ങിയ പ്രത്യേക സംഘം താമസ കേന്ദ്രങ്ങളിലെത്തും. തപാല്‍ ബാലറ്റ് സ്വീകരിക്കാനും നിരസിക്കാനും വോട്ടര്‍ക്ക് അവകാശമുണ്ട്. സ്വീകരിച്ചാല്‍ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ നല്‍കുന്ന ഫോം 19 ബി യില്‍ ഒപ്പിട്ട് നല്‍കണം. വോട്ട് രഹസ്യ സ്വഭാവത്തില്‍ വേണം രേഖപ്പെടുത്താന്‍. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പോളിംഗ് ഓഫീസര്‍ക്ക് മടക്കി നല്‍കാം. അതിന് രസീത് ലഭിക്കും. ബാലറ്റ് സ്വീകരിച്ച ശേഷം വോട്ട് രേഖപ്പെടുത്തി സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ക്ക് കൈമാറാത്തവര്‍  വോട്ടെണ്ണല്‍  അവസാനിക്കുന്നതിന് മുമ്പ് രജിസ്‌ട്രേഡ് തപാലിലോ നേരിട്ടോ വരണാധികാരികള്‍ക്ക് ബാലറ്റ് എത്തിക്കണം. ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടത് പോളിങ് ഓഫീസറോ മെഡിക്കല്‍ ഓഫീസറോ ആണ്. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ രോഗികളുടെ അടുത്ത് എത്തുന്നതിന് നിശ്ചയിച്ചിട്ടുളള സമയം സ്ഥാനാര്‍ത്ഥികളെയും അറിയിക്കും. 
ഇതുകൂടാതെ തപാല്‍ ബാലറ്റ് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് ഫോം 19 ഡി യില്‍ അപേക്ഷ നല്‍കിയും കോവിഡ് രോഗികള്‍ക്കും ക്വാറന്റീനുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. അപേക്ഷയോടൊപ്പം അര്‍ഹത തെളിയിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രമായ ഫോം 19 സി യും സമര്‍പ്പിക്കണം. അര്‍ഹരെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് തപാല്‍ ബാലറ്റ്  അനുവദിക്കും. വോട്ടു രേഖപ്പെടുത്തിയ ശേഷം തപാലില്‍ വരണാധികാരികള്‍ക്ക് ഇത് അയക്കുകയാണ് വേണ്ടത്. 
പ്രത്യേക തപാല്‍ വോട്ടുളളവര്‍ നേരിട്ട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് വരണാധികാരികള്‍ ഉറപ്പാക്കും. തപാല്‍ വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടി വോട്ടെടുപ്പിന്റെ തലേദിവസം വൈകീട്ട് ആറിനകം പൂര്‍ത്തിയാകും.
*വോട്ടറും ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം*
പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടറും കോവിഡ് പ്രതിരോധത്തിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.  ഒരോ വോട്ടര്‍ക്കുമുളള ഫോമുകള്‍ പ്രത്യേകം കവറുകളിലാണ് സൂക്ഷിക്കേണ്ടത്. ബാലറ്റ് പേപ്പറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറും വോട്ടറും മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുളളു. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസിങ് എന്നിവ നിര്‍ബന്ധമാണ്. ഉപയോഗിച്ച സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറുകളും ഫോമുകളും സൂക്ഷിക്കാന്‍ വരണാധികാരികള്‍  പ്രത്യേകം സ്ഥലം ഒരുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *