April 26, 2024

കല്‍പ്പറ്റ ബൈപ്പാസ് പ്രവൃത്തി ആറ് മാസത്തിനകം തീര്‍ക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

0
Img 20220604 Wa00322.jpg
കൽപ്പറ്റ : ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ അടിയന്തരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കര്‍ശന നിര്‍ദ്ദേശം. വിവിധ കാരണങ്ങളാല്‍ പ്രവൃത്തികളില്‍ പുരോഗതിയില്ലാത്ത ബീനാച്ചി- പനമരം റോഡ്, കല്‍പ്പറ്റ ബൈപാസ്, മേപ്പാടി- ചൂരല്‍മല റോഡ്, കല്‍പ്പറ്റ – വാരാമ്പറ്റ റോഡ്, എസ്.എച്ച്- പത്താംമൈല്‍ റോഡ് എന്നിവയുടെ കാര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. 
ജില്ലാ ആസ്ഥാനത്തെ ഏറ്റവും പ്രധാന റോഡായ കല്‍പ്പറ്റ ബൈപ്പാസ് നവീകരണം ആറ്  മാസത്തിനകം പൂര്‍ത്തീകരിക്കാനും ഇല്ലെങ്കില്‍ പ്രവൃത്തി റദ്ദാക്കി കരാറുകാരനെ കരിമ്പട്ടിയില്‍ പെടുത്താനും കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന പൊതുമരാമത്ത് വകപ്പുമായി ബന്ധപ്പെട്ട ജില്ലാ അടിസ്ഥാന സൗകര്യ ഏകോപന സമിതി യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പൊട്ടിപ്പൊളിഞ്ഞ ബൈപ്പാസ് രണ്ടാഴ്ചയ്ക്കകം ഗതാഗത യോഗ്യമാക്കണം. ഇല്ലെങ്കില്‍ ഡി.എം. ആക്ട് പ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കും.
കല്‍പ്പറ്റ – വാരാമ്പറ്റ റോഡ് ജൂലൈ 30 നകവും പനമരം – ബീനാച്ചി റോഡ് രണ്ട് മാസത്തിനകവും പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ ടെര്‍മിനേഷന്‍ ഉള്‍പ്പെടെ കരാറുകാര്‍ക്കെതിരെ ചട്ടപ്രകാരം നടപടി സ്വീകരിക്കും. മേപ്പാടി – ചൂരല്‍മല റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് റവന്യൂ- പൊതുമരാമത്ത് – വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും എച്ച്.എം.എല്‍ പ്രതിനിധികളുടെയും യോഗം ഈ മാസം തന്നെ തിരുവനന്തപുരത്ത് ചേരും. പ്രവൃത്തി നീളുന്ന എസ്.എച്ച് – പത്താംമൈല്‍ 
റോഡിന്റെ ബാക്കി വര്‍ക്ക് തീര്‍ക്കുന്നതിന് ജൂണ്‍ 15 നകം ഷെഡ്യൂള്‍ തയ്യാറാക്കി പ്രവൃത്തി പുന:ക്രമീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ പ്രധാന മരാമത്ത് പദ്ധതികളില്‍ ഉള്‍പ്പെട്ട മാനന്തവാടി – കൈതക്കല്‍ റോഡ് പ്രവൃത്തിയും ചെക്കൊടിയൂര്‍ റോഡിന്റെ അപ്രോച്ച് റോഡ് ജോലിയും പൂര്‍ത്തിയായതില്‍ മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.
കല്‍പ്പറ്റ നിയോജക എം.എല്‍.എ ടി സിദ്ദിഖ് ആണ് തന്റെ മണ്ഡലത്തില്‍ അനന്തമായി നീളുന്ന പ്രവൃത്തികളുടെ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഒ.ആര്‍. കേളു എം.എല്‍.എ. മാനന്തവാടി മണ്ഡലത്തിലെ പ്രശ്‌നങ്ങളും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എക്ക് വേണ്ടി ടി.സിദ്ദിഖ് ബത്തേരി മണ്ഡലത്തിലെ വിഷയങ്ങളും മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാര്‍, ജോയിന്റ് സെക്രട്ടറി സീറാം സാംബശിവറാവു, ഡി.ഐ.സി.സി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എസ്.സുഹാസ്, ജില്ലാ കളക്ടര്‍ എ.ഗീത, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, പി.ഡബ്ല്യു.ഡി.യുടെ ഒന്‍പത് ചീഫ് എഞ്ചിനീയര്‍മാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ഗോകുല്‍ദാസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വയനാട് ജില്ലയുടെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായി മന്ത്രി പറഞ്ഞു. ടൂറിസത്തിന് വലിയ പ്രാധാന്യമുള്ള ജില്ലയിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ജില്ലയുടെ ചരിത്രത്തില്‍ തന്നെ റിക്കാര്‍ഡ് ആഭ്യന്തര സഞ്ചാരികളാണ് ഈ വര്‍ഷം ആദ്യ പാതത്തില്‍ വയനാട്ടിലെത്തിയത്. ടൂറിസം വികസിക്കുന്നതിനോടൊപ്പം പശ്ചാത്തല സൗകര്യങ്ങളും നല്ല നിലയില്‍ വേണ്ടതിനാല്‍ വയനാട്ടിലെ റോഡുകള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 
വയനാട് തുരങ്കപാത, കാട്ടിക്കുളം പനവലി റോഡ്, മാനന്തവാടി പേരിയ റോഡ്, വൈത്തിരി തരുവണ റോഡ്, കമ്പളക്കാട് കൈനാട്ടി റോഡിന്റെ റീടെയ്ന്‍ വാള്‍ നിര്‍മ്മാണം, അപ്റോച്ച് റോഡില്ലാതെ 7 വര്‍ഷത്തോളമായി കിടക്കുന്ന മുട്ടില്‍ 14-ാം വാര്‍ഡിലെ മടക്കത്തി പാലം, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള കാരാപ്പുഴ റോഡ്, കാക്കവയല്‍ കൊളവയല്‍ കേണിച്ചിറ പുല്‍പ്പള്ളി റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *